ഉത്തരാഖണ്ഡില്‍ കനത്ത മണ്ണിടിച്ചില്‍; 15,000 യാത്രക്കാര്‍ കുടുങ്ങി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മണ്ണിടിച്ചില്‍. ചമോലി ജില്ലയിലെ ജോഷിമത്തില്‍നിന്ന് ഒന്‍പത് കി.മീറ്റര്‍ ദൂരത്തുള്ള വിഷ്ണുപ്രയാഗിനടുത്തുള്ള കുന്നിടിഞ്ഞാണ് വന്‍ അപകടമുണ്ടായത്. ബദരിനാഥിലേക്ക് യാത്ര തിരിച്ച 15,000ത്തോളം തീര്‍ഥാടകര്‍ അപകടത്തെ തുടര്‍ന്ന് ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. സംഭവത്തില്‍ ആളപായമോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്തെ 150 മീറ്ററോളം ഭാഗം ചെളിയിലും മണ്ണിലും മൂടിക്കിടക്കുകയാണ്. ഋഷികേഷ്-ബദരിനാഥ് ദേശീയപാതയില്‍ 60 മീറ്ററോളം ഭാഗവും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. ദേശീയപാത അടച്ചിട്ടിരിക്കുകയാണ്.
സംഭവസ്ഥലത്ത് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനും(ബി.ആര്‍.ഒ) പൊലിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ചമോലി പൊലിസ് സൂപ്രണ്ട് തൃപാഠി ഭട്ട് പറഞ്ഞു. റോഡിന്റെ രണ്ടു ഭാഗത്തുനിന്നുമായി 150ഓളം വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ദേശീയപാത തുറക്കുന്നതു വരെ താഴേക്ക് വാഹനങ്ങളെ വിടരുതെന്ന് ബദരിനാഥ് പൊലിസിന് നിര്‍ദേശം നല്‍കിയതായി തൃപാഠി പറഞ്ഞു. 2015ല്‍ പ്രദേശത്തുണ്ടായ തുടര്‍ച്ചയായ മണ്ണിടിച്ചിലില്‍ ഒഡിഷയില്‍നിന്നുള്ള 300ഓളം തീര്‍ഥാടകര്‍ കുടുങ്ങിയിരുന്നു. 2013ല്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലായി മലയാളി തീര്‍ഥാടകരടക്കം 5,700 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."