മൊബൈല്‍ കമ്പനിക്കാരുടെ കേബിളിന് കുഴിയെടുക്കല്‍ ആരോപണം നിഷേധിച്ച് നെന്മേനി പഞ്ചായത്ത്
സുല്‍ത്താന്‍ ബത്തേരി: റിലയന്‍സ് ജിയോ കമ്പനി റോഡ് വക്കില്‍ കേബിളിനുവേണ്ടി കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് നെന്മേനി പഞ്ചായത്ത് ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പഞ്ചായത്തിന് കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട 18 ലക്ഷം രൂപ നഷ്ടപ്പെടുത്തിയെന്ന ആരോപണവും ശരിയല്ല. റിലയന്‍സ് ജിയോ കമ്പനിക്കാര്‍ രണ്ട് അപേക്ഷയാണ് പഞ്ചായത്തില്‍ നല്‍കിയത്. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനും റോഡ് വക്കില്‍ കേബിള്‍ ഇടുന്നതിനുമായിരുന്നു അപേക്ഷ. ടവര്‍ സ്ഥാപിക്കാന്‍ നിലവിലുള്ള ഫീസ് അടച്ച് അനുമതി നല്‍കി. കഴിഞ്ഞ മാസം 14നാണ് കേബിള്‍ ഇടുന്നതിന് അപേക്ഷ നല്‍കിയത്. ഒമ്പത് കിലോമീറ്റര്‍ കേബിള്‍ ഇടുന്നതിനാണ് അപേക്ഷ നല്‍കിയത്. ഇതിന് നിയമാനുസൃതം പണം അടക്കണം.
എന്നാല്‍ അനുമതി ലഭിക്കുന്നതിന് മുമ്പുതന്നെ കമ്പനി ചില വാര്‍ഡുകളില്‍ പണി ആരംഭിച്ചു. അനുമതിയില്ലാതെ പണി നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. ആരോപണം ഉന്നയിക്കുന്നവര്‍ പഞ്ചായത്തിന് ലക്ഷങ്ങള്‍ വാങ്ങിക്കൊടുത്തുവെന്ന് പറയുന്നത് ബുദ്ധിശൂന്യമാണ്. നിലവില്‍ പഞ്ചായത്തിന് വാഹനം ഉള്ളപ്പോള്‍ പുതിയ വാഹനം വാങ്ങുന്നുവെന്നാണ് മറ്റൊരു ആരോപണം. നിലവിലുള്ള വാഹനം 14 വര്‍ഷം പഴക്കമുള്ളതും എപ്പോഴും റിപ്പയര്‍ നടക്കുന്ന സ്ഥിതിയിലുമാണ്.
അതാണ് പുതിയ വാഹനം വാങ്ങാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ അനുമതിക്കായി ഡി.പി.സിയുടെ അംഗീകാരം നല്‍കുകയും ചെയ്തു. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ കറപ്പന്‍, വൈസ് പ്രസിഡന്റ് മേരി, പി.കെ രാമചന്ദ്രന്‍, കെ. രാജഗോപാല്‍, പി.കെ സത്താര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."