അനായാസം മുംബൈ
ബംഗളൂരു: രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ പത്താം സീസണിന്റെ ഫൈനലിലേക്ക് മുന്നേറി. നാളെ നടക്കുന്ന ഫൈനലില്‍ മുംബൈ, റൈസിങ് പൂനെ സൂപ്പര്ജയ്ന്റിനെ നേരിടും. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 18.5 ഓവറില്‍ 107 റണ്‍സിന് പുറത്തായി. വിജയം തേടിയിറങ്ങിയ മുംബൈ 14.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു. നായകന് രോഹിത് ശര്‍മ (23 പന്തില്‍ 26)യും ക്രുണല്‍ പാണ്ഡ്യ (പുറത്താകാതെ 30 പന്തില്‍45്)യും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് മുംബൈയെ വിജയത്തോടടുപ്പിച്ചു. രോഹിത് വീണെങ്കിലും പിന്നാലെയെത്തിയ പൊള്ളാര്‍ഡ് (ഒന്‍പത്) ക്രുണലിനൊപ്പം മുംബൈ വിജയം കൂടുതല്‍ നഷ്ടങ്ങളില്ലാതെ പൂര്‍ത്തിയാക്കി. പാര്‍ഥിവ് പട്ടേല്‍ (14), അമ്പാട്ടി റായിഡു (ആറ്), ലന്‍ഡല്‍ സിമ്മണ്‍സ് (മൂന്ന്) എന്നിവരുടെ വിക്കറ്റുകളും മുംബൈയ്ക്ക് നഷ്ടമായി. കൊല്‍ക്കത്തക്കായി പിയൂഷ് ചൗള രണ്ടും ഉമേഷ് യാദവ്, കൂള്‍ട്ടര്‍ നയ്ല് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടിയപ്പോള്‍ മുംബൈ നായകന് രോഹിത് ശര്‍മ സംശയമില്ലാതെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പിച്ചിന്റെ ആനുകൂല്യം ശരിക്കും മുതലെടുത്ത മുംബൈ ബൗളര്‍മാരുടെ കണിശതയാര്‍ന്ന പന്തുകള്‍ നേരിടാന്‍ കൊല്‍ക്കത്തയുടെ ബാറ്റിങ് നിര കഷ്ടപ്പെട്ടു. കൃത്യമായ ഇടവേളകളില്‍ അവരുടെ വിക്കറ്റുകള്‍ ഒന്നൊന്നായി കൊഴിഞ്ഞു. രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ ക്രിസ് ലിന് നാല് റണ്‍സുമായി മടങ്ങി കൊല്‍ക്കത്തന്‍ ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രക്ക് തുടക്കമിട്ടു. മുന്‍നിര വന്‍ പരാജയമായതോടെ അവര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു. പിന്നീട് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇഷാന്ത് ജഗ്ഗി (31 പന്തില്‍ 28), സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 31) എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് സ്കോര്‍ 100 കടത്തിയത്. നായകന് ഗംഭീര്‍ (12), നരെയ്ന് (10) എന്നിവരും രണ്ടക്കം കടന്നു. മറ്റൊരാള്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി കരണ്‍ ശര്‍മ നാല് വിക്കറ്റുകളും മൂന്നോവറില്‍ വെറും ഏഴ് റണ്‍സ് വഴങ്ങി ജസ്പ്രിത് ബുമ്റ മൂന്ന് വിക്കറ്റുകളും വീഴ്ത്തി കൊല്‍ക്കത്തയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിടുകയായിരുന്നു. മിച്ചല്‍ ജോണ്സന് രണ്ടും മലിംഗ ഒരു വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."