പഴശ്ശി പുഴയില്‍ മണലൂറ്റ് വ്യാപകം
ഇരിട്ടി: പഴശ്ശി പുഴയില്‍ അധികൃതരുടെ ഒത്താശയോടെ അനധികൃത മണലൂറ്റും കടത്തും വ്യാപകം. ഏതുസമയത്തും പഴശ്ശി പുഴയില്‍ നിന്നും അനധികൃതമായി മണല്‍ മാഫിയാ സംഘം മണല്‍ വാരി കടഞ്ഞുന്നത്.
പ്രതിദിനം സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. കഴിഞ്ഞ ഉരുള്‍പൊട്ടലിലും വെള്ളപൊക്കത്തിലും പഴശ്ശി പുഴയുടെ പല കടവുകളിലും കോടികള്‍ വിലമതിക്കുന്ന മണലാണ് ഒഴികിയെത്തിയത്.
പഴശ്ശി പുഴയുടെ ഭാഗമായ ഇരിട്ടി, വളളിയാട്, പെരുവംപറമ്പ്, പെരുമ്പറമ്പ് കപ്പച്ചേരി, പടിയൂര്‍, പൂവം, നിടിയോടി, കുയിലുര്‍, എടക്കാനം, ചേളത്തൂര്‍ മോച്ചേരി, അകം തുരുത്ത് എന്നിവിടങ്ങളിലാണ് വ്യാപകമായി മണല്‍ വന്നടിഞ്ഞത്. സര്‍ക്കാരിലേക്ക് കോടികളുടെ വരുമാനം ലഭിക്കുന്ന മണല്‍ ശേഖരണം ലേലം ചെയ്യേണ്ട കാര്യത്തില്‍ ഇനിയും വ്യക്തത വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തതും പുഴക്കടവുകളില്‍ വന്നടിഞ്ഞ മണല്‍ കൂനകള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കാത്തതുമാണ് മണല്‍ മാഫിയകള്‍ക്ക് സഹായമാവുന്നത്.
എടക്കാനം, പടിയൂര്‍, കപ്പച്ചേരി, നിടിയോടി, പൂവം, ചേളത്തൂര്‍, മോച്ചേരി, പെരുവംപറമ്പ്, പെരുമ്പറമ്പ് പുഴക്കടവുകളില്‍ നിന്നുമാണ് വ്യാപകമായി മണല്‍വാരി കടത്തുന്നത്.ടയര്‍ റ്റിയൂബുകള്‍ ഘടിപ്പിച്ച ചങ്ങാടങ്ങള്‍ ഉപയോഗിച്ചും കൂറ്റന്‍ തോണികള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക മണല്‍വാരല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുമാണ് വ്യാപകമായി മണലൂറ്റി കടത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചുമാണ് മണലൂറ്റ്.മണല്‍ മാഫിയകളുടെ സ്വാധീനത്തിന് വഴങ്ങി ഇറിഗേഷന്‍ ഉദ്യാഗസ്ഥര്‍ പുഴക്കരയുടെ ഭാഗത്തു പോലും തിരിഞ്ഞു നോക്കാറില്ല.
മണല്‍ കടത്ത് തടയാന്‍ പൊലിസോ റവന്യൂ വകുപ്പോ തടയാത്തതും മണല്‍ മാഫിയകളുടെ സ്വാധിനത്തിന്റെ ഭാഗമായാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മണല്‍ കടത്തു വിഹിതത്തിലൊരു പങ്ക് ഇറിഗേഷന്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് മണല്‍ മാഫിയ സംഘം കൃത്യമായി എത്തിച്ചു നല്‍കുന്നുണ്ടെന്നും കോഴപ്പണം ലഭിക്കുന്നതിനാലാണ് ഇറിഗേഷന്‍ അധിക്യതര്‍ ഉള്‍പ്പെടെ മണല്‍ മാഫിയകള്‍ക്കെതിരെ നടപടിയെടുക്കാത്തതും മണല്‍വാരല്‍ തടയാത്തതെന്നുമാണ് വ്യാപക പ്രചരണം
പ്രളയ ദുരിതത്തിലുള്‍പെടെ നിരവധി വീടുകള്‍ തകരുകയും ഭാഗികമായി നഷ്ടം സംഭവിക്കുകയും ചെയ്തവര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ തങ്ങളുടെ വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിനും അറ്റകുറ്റപണിക്കും മണലിനായി നെട്ടൊട്ടമോടുമ്പോഴാണ് മണല്‍ മാഫിയ സംഘം നിയമത്തെ നോക്കുകുത്തിയാക്കി യഥേഷ്ടം മണല്‍ വാരി കടത്തുന്നത്.
വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തി പുഴകള്‍ക്കും പ്രകൃതിക്കും ദോഷകരമല്ലാതെ പ്രാദേശിക സമിതികളുടെയോ പഞ്ചായത്തു സമിതികളുടെയോ മേല്‍നോട്ടത്തില്‍ പരിമിത മണലെടുപ്പ് നടത്താന്‍ അനുമതി നല്‍കിയാല്‍ മണലൂറ്റ് തടയാനും സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികള്‍ വരുമാനമുണ്ടാക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."