ആന്തൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു
തളിപ്പറമ്പ് (കണ്ണൂര്‍): ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്കു നടന്ന മാര്‍ച്ചിനിടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. നേതാക്കളെ അറസ്റ്റുചെയ്തു നീക്കി.
കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം നേതാക്കള്‍ സംസാരിച്ചുകൊണ്ടിരിക്കെ ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതോടെ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ പൊലിസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ലോക്‌സഭാ കമ്മിറ്റി പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കമുള്ള നേതാക്കളെയാണ് അറസ്റ്റുചെയ്തു നീക്കിയത്. അതിനിടെ ഒരു സംഘം പ്രവര്‍ത്തകര്‍ പ്രകടനമായി ചെന്ന് ധര്‍മശാലയില്‍ ദേശീയപാത ഉപരോധിക്കാനുള്ള നീക്കവും നടത്തി. പൊലിസും മുതിര്‍ന്ന നേതാക്കളും ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.
മാര്‍ച്ച് സംഘര്‍ഷത്തിലേക്കു നീങ്ങിയതോടെ ധര്‍മശാലയില്‍ ഒരുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പൊലിസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."