ശബ്ദ സന്ദേശം സ്വപ്നയുടേതുതന്നെ; ഉറപ്പു വരുത്തി ജയില്‍ വകുപ്പ്; പുറത്തുപോയത് ജയിലില്‍ നിന്നല്ലെന്നും വിശദീകരണം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാല് മാപ്പു സാക്ഷിയാക്കാമെന്ന തരത്തില്‍ പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്ന സുരേഷിന്റേതുതന്നെ. ശബ്ദം സ്വപ്ന സുരേഷിന്റേതു തന്നെയാണെന്ന് ദക്ഷിണമേഖലാ ഡി.ഐ.ജി അജയകുമാര്‍ വ്യക്തമാക്കി. അട്ടക്കുളങ്ങര ജയിലിലെത്തി ശബ്ദ സന്ദേശം പുറത്തുവന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തില്‍ ശബ്ദസന്ദേശം പുറത്തുപോയത് ജയിലില്‍ നിന്നല്ലെന്നു വ്യക്തമായതായും പുറത്തുപോയ സമയത്താകാം ഇതെന്നും ഡി.ഐ.ജി വ്യക്തമാക്കി. ഉയര്‍ന്ന ആരോപണത്തില്‍ ജയില്‍ വകുപ്പ് പ്രതിക്കൂട്ടിലായതോടെയാണ് ഋഷിരാജ് സിംഗ് അന്വേഷണത്തിനുത്തരവിട്ടത്.
ശബ്ദ സന്ദേശത്തിന്റെ ഉറവിടം തെളിയിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായവും ജയില്‍ വകുപ്പ് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. ഇതു സംബന്ധിച്ച് ജയില്‍ ഡി.ജി.പിക്ക് ദക്ഷിണമേഖലാ ഡി.ഐ.ജി അജയകുമാര്‍ റിപ്പോര്‍ട്ട് നല്‍കും.
കഴിഞ്ഞ ദിവസം ജയില്‍ വകുപ്പിനെതിരേ ഗുരുതരമായ ആരോപണം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആരോപിച്ചിരുന്നു. ജയിലില്‍ നിരവധിപേര്‍ സ്വപ്നയെ സന്ദര്‍ശിച്ചുവെന്നും അതിന് ഡി.ജി.പി കൂട്ടുനിന്നുവെന്നുമായിരുന്നു ആരോപണം. ഇതിനെതിരേ കെ. സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുനല്‍കിയിരിക്കുകയാണ് ഋഷിരാജ് സിംഗ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."