ഉപദേശം തേടി നിര്‍മല സീതാരാമന്‍ മന്‍മോഹന്‍ സിങിന്റെ വീട്ടില്‍
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉപദേശം തേടി ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങിനെ കാണാനെത്തി.
മന്‍മോഹന്‍ സിങിന്റെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് നിര്‍മല കൂടിക്കാഴ്ച നടത്തിയത്. നരസിംഹറാവു മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരിക്കെ മന്‍മോഹന്‍ 1991 ല്‍ നടത്തിയ സാമ്പത്തിക പരിഷ്‌കരണം രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായാണ് അറിയപ്പെടുന്നത്. 1982 മുതല്‍ 1985വരെ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായിരുന്നു മന്‍മോഹന്‍ സിങ്.
സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണമൊന്നുമുണ്ടായിട്ടില്ല. സൗഹൃദ സന്ദര്‍ശനമാണ് നടന്നതെന്ന് ധനകാര്യമന്ത്രാലയം അധികൃതര്‍ വിശദീകരിച്ചു. ധനകാര്യമന്ത്രിയായ ശേഷം ആദ്യമായാണ് നിര്‍മല, മന്‍മോഹന്‍ സിങിനെ കാണുന്നത്. അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന മന്‍മോഹന്‍ സിങിന്റെ കാലാവധി ഈ മാസം ആദ്യത്തില്‍ അവസാനിച്ചിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് മന്‍മോഹന്‍ സിങില്ലാത്ത പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത്.
ജൂലൈ അഞ്ചിനാണ് നിര്‍മല തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. രാജ്യത്തെ ആദ്യ വനിതാ സമ്പൂര്‍ണ ധനകാര്യമന്ത്രിയാണ് നിര്‍മല സീതാരാമന്‍. നേരത്തെ ഇന്ദിരാഗാന്ധി ധനകാര്യമന്ത്രിയായിരുന്നെങ്കിലും അധിക ചുമതലയിലായിരുന്നു ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. പുതിയ ബജറ്റില്‍ നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."