പിന്നാക്ക-പട്ടിക വിഭാഗ സംവരണം: മൊത്തം തസ്തിക കണക്കാക്കി നിയമനം
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളില്‍ പിന്നാക്ക, പട്ടിക വിഭാഗ സംവരണത്തിന് മൊത്തം തസ്തിക കണക്കാക്കി നിയമനം നല്‍കുന്ന (200 പോയിന്റ് റോസ്റ്റര്‍) പഴയ രീതി തുടരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.
ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് ഒന്നാം മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. അധ്യാപക നിയമനത്തിലെ സംവരണത്തിന് പഠന വകുപ്പുകള്‍ യൂനിറ്റായി (13 പോയിന്റെ റോസ്റ്റര്‍) പരിഗണിക്കണമെന്ന സുപ്രിംകോടതി വിധി മറികടക്കുന്നതിനാണ് ബില്‍.
സെന്‍ട്രല്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (റിസര്‍വേഷന്‍ ഇന്‍ ടീച്ചേര്‍സ് കേഡര്‍) ബില്‍ 2019 എന്ന പേരില്‍ കേന്ദ്ര മാനവ ശേഷി വികസന സഹമന്ത്രി സഞ്ജയ് ദോത്രെയാണ് ബില്‍ ഇന്നലെ സഭയില്‍ അവതരിപ്പിച്ചത്. ബനാറസ് ഹിന്ദു സര്‍വകലാശാല അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസില്‍ പഠന വകുപ്പ് കണക്കാക്കി സംവരണം നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പിന്നീട് സുപ്രിംകോടതി ശരിവച്ചു.
സര്‍വകലാശാല മൊത്തത്തില്‍ ഒരു യൂനിറ്റായി പരിഗണിച്ചാല്‍ ചില വകുപ്പുകളില്‍ സംവരണക്കാര്‍ മാത്രമോ സംവരണേതരര്‍ മാത്രമോ എത്തിച്ചേരാന്‍ ഇടയാക്കുമെന്ന് അലഹബാദ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് യു.ജി.സി സ്റ്റാന്റിങ് കമ്മിറ്റി രാജ്യത്തെ മൊത്തം സര്‍വകലാശാലകളിലും 13 പോയിന്റ് റോസ്റ്റര്‍ സംവിധാനം നടപ്പാക്കാന്‍ 2018ല്‍ സര്‍ക്കുലര്‍ ഇറക്കി.
ഇത് ചോദ്യം ചെയ്‌തെങ്കിലും യു.ജി.സി നടപടി സുപ്രിംകോടതി ശരിവച്ചു. ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ ആദ്യം ഓര്‍ഡിനന്‍സും ഇപ്പോള്‍ ബില്ലും കൊണ്ടുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."