കോഴിക്കോടിന് റഡാര്‍ സ്റ്റേഷനില്ല; പകരം മംഗളൂരുവില്‍
കോഴിക്കോട്: ഓഖി, പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കാലാവസ്ഥാ പ്രവചനവും ദുരന്തനിവാരണവും കാര്യക്ഷമമാക്കാന്‍ കോഴിക്കോട് കേന്ദ്രമാക്കി റഡാര്‍ സ്റ്റേഷന്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കില്ല.
പകരം മംഗളൂരു കേന്ദ്രമാക്കി പുതിയ ഡോപ്ലര്‍ വെതര്‍ റഡാര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം തീരുമാനിച്ചു. കേരളത്തില്‍ രണ്ട് സി-ബാന്‍ഡ് ഡോപ്ലര്‍ റഡാര്‍ സ്റ്റേഷനുകളിരിക്കെ സ്വന്തമായി റഡാര്‍ സ്റ്റേഷന്‍ ഇല്ലാത്ത കര്‍ണാടകയിലാണ് പുതിയ കേന്ദ്രം വരിക. ചെന്നൈ, ഗോവ റഡാറുകള്‍ ഉപയോഗിച്ചാണ് നിലവില്‍ കര്‍ണാടകയിലെ കാലാവസ്ഥാ നിരീക്ഷണം സാധ്യമാക്കുന്നത്.
ഡിസംബറിനകം മൂന്ന് കോടി രൂപ ചെലവില്‍ മംഗളൂരുവില്‍ റഡാര്‍ സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചു. സംസ്ഥാന ദുരന്ത നിവാരണ വിഭാഗമാണ് കോഴിക്കോട് റഡാര്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഓഖിക്ക് പിന്നാലെ പ്രളയംകൂടി വന്നതോടെ ഈ ആവശ്യം ശക്തമായി.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. എന്നാല്‍ മംഗളൂരുവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുക വഴി ഉത്തര കേരളവും റഡാര്‍ പരിധിയില്‍ വരുമെന്നും കേരളത്തില്‍ മൂന്ന് റഡാര്‍ സ്റ്റേഷനുകളുടെ ആവശ്യമില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. കൂടാതെ രാജ്യത്തെ ആറു ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളില്‍ ഒന്ന് ഈയിടെ തിരുവനന്തപുരത്തും സ്ഥാപിച്ചിരുന്നു.
തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കേരളത്തിലെ സി-ബാന്‍ഡ് ഡോപ്ലര്‍ റഡാര്‍ സ്റ്റേഷനുകളുള്ളത്. കൊല്ലം മുതല്‍ കണ്ണൂര്‍ ജില്ല വരെ കൊച്ചി റഡാറിന്റെ പരിധിയില്‍ പെടുന്നുണ്ട്.
തിരുവനന്തപുരത്തെ സ്റ്റേഷന്‍ പ്രധാനമായും നിരീക്ഷിക്കുന്നത് അറബിക്കടല്‍, കന്യാകുമാരി കടല്‍ മേഖല എന്നിവിടങ്ങളെയും കോട്ടയം വരെയുള്ള കരപ്രദേശങ്ങളെയുമാണ്. ചെന്നൈ, കാരൈക്കുടി എന്നിവിടങ്ങളിലാണ് തമിഴ്‌നാട് മേഖലയില്‍ മറ്റു റഡാര്‍ സ്റ്റേഷനുകളുള്ളത്. കാരൈക്കുടി റഡാറിന്റെ പരിധിയിലും കേരളം പെടുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല.
അറബിക്കടലിലെ മാറ്റങ്ങള്‍ നിരീക്ഷിക്കാനും വടക്കന്‍ കേരളത്തിലെ കാലാവസ്ഥാ പ്രവചനത്തിനുമാണ് കോഴിക്കോട് റഡാര്‍ വേണമെന്ന ആവശ്യമുയര്‍ന്നത്. എന്നാല്‍ റഡാര്‍ സ്റ്റേഷന് ദിവസങ്ങള്‍ക്കു മുന്‍പേ കാലാവസ്ഥ നിരീക്ഷിക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഹ്രസ്വസമയ (നൗ കാസ്റ്റ്) കാലാവസ്ഥാ പ്രവചനമാണ് ഇവയുടെ പ്രധാന ദൗത്യം. എന്നാല്‍ ചുഴലിക്കാറ്റ്, ന്യൂനമര്‍ദം എന്നിവയുടെ ദിശ, ശക്തി എന്നിവ റഡാര്‍ ഉപയോഗിച്ച് അറിയാനാകും. മംഗളൂരുവില്‍ റഡാര്‍ സ്ഥാപിച്ചാലും മലപ്പുറം വരെയുള്ള ജില്ലകളും നിരീക്ഷണ പരിധിയില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."