മൊബൈല്‍ പരിധിക്ക് പുറത്തായവര്‍ ദുരിതാശ്വാസ ലിസ്റ്റില്‍നിന്ന് 'ഔട്ട്'
തിരൂരങ്ങാടി: പ്രളയ ദുരിതാശ്വാസ ധനസഹായത്തിന് അപേക്ഷിച്ചവര്‍ പലരും ലിസ്റ്റിന് പുറത്ത്. കാരണം കേട്ട് ഞെട്ടിയ അപേക്ഷകര്‍ വില്ലേജ് ഓഫിസില്‍ ബഹളം വെച്ചു. ഇന്നലെ രാവിലെ തെന്നല വില്ലേജ് ഓഫിസിലാണ് സംഭവം. പഞ്ചായത്തിലെ വയലോരമേഖലയായ 6,7,8,9,10,11 വാര്‍ഡുകളിലെ പ്രദേശങ്ങളാണ് വെള്ളത്തിലായത്. ദുരിതാശ്വാസ ധനസഹായത്തിന് പഞ്ചായത്തില്‍നിന്ന് 110 പേര് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ 68 പേര്‍ക്ക് മാത്രമേ പതിനായിരം രൂപ ലഭിച്ചിട്ടുള്ളൂ എന്ന് അപേക്ഷകര്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപേക്ഷകള്‍ വില്ലേജില്‍ത്തന്നെ കെട്ടിക്കിടക്കുന്നത് കാണപ്പെട്ടത്. ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തവരുടെ അപേക്ഷകളാണ് മാറ്റിവെച്ചതെന്നായിരുന്നു ജീവനക്കാരുടെ മറുപടി. പല അപേക്ഷകള്‍ക്ക് മുകളിലും 'നോട്ട് അറ്റന്റഡ്' എന്ന് കുറിച്ചുവെച്ചിട്ടുണ്ട്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പ്രളയസമയത്തെ ചിത്രങ്ങള്‍ സഹിതം തിങ്കളാഴ്ച ഇവ സമര്‍പ്പിച്ചാല്‍ അപ്പീല്‍ അപേക്ഷയായി പരിഗണിക്കാമെന്ന് തഹസില്‍ദാര്‍ ഉറപ്പുനല്‍കിയതായി തെന്നല പഞ്ചായത്ത് പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."