പിന്തുണയ്ക്കാന്‍ ആളില്ല; മടിക്കൈയിലും ചീമേനിയിലും സി.പി.എം ഭീഷണിയെന്ന് യു.ഡി.എഫ്
കാഞ്ഞങ്ങാട്: കാസര്‍കോട്ടെ മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ 11,12,13 വാര്‍ഡുകളിലാണ് സി.പി.എം സ്ഥാനാര്‍ഥികള്‍ക്കെതിരേ ആരും പത്രിക നല്‍കാതിരുന്നത്.
സി.പി.എമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ എസ്.പ്രീത (ചാളക്കടവ്), വി.രാധ (കക്കാട്ട് ), രമ പത്മനാഭന് ( അടുത്ത്പറമ്പ് ) എന്നിവര്‍ക്കാണ് എതിര്‍സ്ഥാനാര്‍ഥികള്‍ ഇല്ലാത്തത്. ഇവിടെ ഇതര കക്ഷികള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും ഇവരെ പിന്താങ്ങാന് ആളില്ലാതെ വന്നതിനെ തുടര്‍ന്ന് നാമനിര്‍ദേശ പത്രിക സമര്പിക്കാന് സാധിച്ചില്ല.
കഴിഞ്ഞ തവണ ഇതര സ്ഥാനാര്‍ഥികളെ പിന്തുണച്ചവരെ നേരത്തെ തന്നെ സി.പി.എം പ്രവര്‍ത്തകര്‍ വീട് കയറി ഭീഷണിപ്പെടുത്തിയതായി ബി.ജെ.പി, കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. 11,12 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയെ പിന്തുണച്ചു ആളുകള്‍ ഒപ്പിട്ടെങ്കിലും സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ഒപ്പിട്ടവര്‍ പിന്മാറിയതോടെയാണ് ഇതര കക്ഷികളിലെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക നല്കാന് സാധിക്കാതെ വന്നത്.
ഇതിനു പുറമെ കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് എതിര് സ്ഥാനാര്‍ഥിയില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കെ.പി വത്സലനാണ് ഇവിടെ സ്ഥാനാര്‍ഥി. പത്രിക സമര്‍പിക്കുന്ന അവസാന നിമിഷം വരെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി പരിശ്രമിച്ചെങ്കിലും സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണി കാരണം വാര്‍ഡില്‍ നിന്ന് നിര്‍ദേശകനായി നില്ക്കാന് ആരും ധൈര്യപ്പെടാത്തതാണ് എതിര്‍സ്ഥാനാര്‍ഥി ഇല്ലാത്തതിന് കാരണമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."