ആന്തൂരിലും മലപ്പട്ടത്തും 'എതിരില്ലാ' തനിയാവര്‍ത്തനം
സ്വന്തം ലേഖകന്‍
കണ്ണൂര്‍: നാമനിര്‍ദേശ പത്രിക സമര്‍പണത്തിനുള്ള സമയം അവസാനിച്ചതോടെ ആന്തൂര്‍ നഗരസഭയിലും മലപ്പട്ടത്തും ഏതാനും വാര്‍ഡുകളില്‍ എതിരില്ലാത്ത അവസ്ഥയുടെ തനിയാവര്‍ത്തനം. പത്രികകളിലെ സൂക്ഷ്മ പരിശോധനയും പിന്‍വലിക്കാനുമുള്ള നടപടിക്രമങ്ങളും കഴിഞ്ഞാല്‍ ഈ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജയികളായി പ്രഖ്യാപിക്കും. കഴിഞ്ഞ തവണ 14 വാര്‍ഡുകള്‍ എതിരില്ലാതെ ഇടതുമുന്നണി വിജയിച്ച ആന്തൂര്‍ നഗരസഭയില്‍ ഇക്കുറി ആറിടങ്ങളിലാണ് ഇടതു സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്തത്. തളിപ്പറമ്പ് നഗരസഭയില്‍ ഒരിടത്തും മലപ്പട്ടം പഞ്ചായത്തില്‍ അഞ്ചിടത്തും ഇടതു സ്ഥാനാര്‍ഥികള്‍ക്കും എതിരില്ല. കോട്ടയം പഞ്ചായത്തില്‍ ഒരിടത്തും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തില്‍ രണ്ടിടത്തും എല്‍.ഡി.എഫിന് എതിരില്ല.
ആന്തൂര്‍ നഗരസഭയില്‍ മോറാഴ (02), കാനൂല്‍ (03), കോള്‍മൊട്ട (10), നണിച്ചേരി (11), ആന്തൂര്‍ (16), ഒഴക്രോം (24) വാര്‍ഡുകളിലും തളിപ്പറമ്പ് നഗരസഭയില്‍ കൂവോട് (25) വാര്‍ഡിലുമാണ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്തത്. ആകെ 28 വാര്‍ഡുകളാണ് ആന്തൂര്‍ നഗരസഭയിലുള്ളത്. സി.പി മുഹാസ് (മോറാഴ), എം.പ്രീത (കാനൂല്‍), എം.പി നളിനി (കോള്‍മൊട്ട), എം. ശ്രീഷ (നണിച്ചേരി), ഇ.അഞ്ജന (ആന്തൂര്‍), വി. സതീദേവി (ഒഴക്രോം) എന്നിവര്‍ക്കാണ് ആന്തൂരില്‍ എതിരില്ലാത്തത്.
തളിപ്പറമ്പ് നഗരസഭ കൂവോട് വാര്‍ഡിലെ ഡി.വനജയ്ക്കാണ് എതിരില്ലാത്തത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ ഗോവിന്ദന്റെ ഭാര്യ കെ.പി രമണി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് മലപ്പട്ടം പഞ്ചായത്തില്‍ എതിരില്ലാത്തത്. എട്ടാം വാര്‍ഡ് മലപ്പട്ടത്ത് പത്രിക നല്‍കിയ കെ.പി രമണിയാണ് പ്രസിഡന്റെ് സ്ഥാനാര്‍ഥി. മൂന്നാം വാര്‍ഡ് അഡുവാപ്പുറം നോര്‍ത്തില്‍ ടി.സി സുഭാഷിണി, അഞ്ചാം വാര്‍ഡ് കരിമ്പില്‍ കെ.വി മിനി, ഒന്‍പതാം വാര്‍ഡ് മലപ്പട്ടം വെസ്റ്റ് ടി.കെ സുജാത, പതിനൊന്നാം വാര്‍ഡ് കൊവുന്തല കെ സജിത എന്നിവര്‍ക്കും എതിരില്ല. 2005ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു കോട്ടയായ മലപ്പട്ടത്ത് തെരഞ്ഞെടുപ്പില്ലാതെ അധികാരത്തില്‍ എത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. 13 വാര്‍ഡുകളാണ് മലപ്പട്ടത്തുള്ളത്.
കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തില്‍ കരിങ്കുഴി (ഒന്‍പത്) ഇ.സി സതി, താഴെക്കുറുന്ത് (11) കെ. പത്മിനി എന്നിവര്‍ക്കും കോട്ടയം പഞ്ചായത്തില്‍ പുറക്കുളം (മൂന്ന്) കെ. സഞ്ജയന്‍ എന്നിവര്‍ക്കുമാണ് എതിരില്ലാത്തത്. പട്ടികജാതി സംവരണ വാര്‍ഡാണിത്. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിലും സംവരണ സീറ്റായ നാലാം വാര്‍ഡായ കോട്ടയം അങ്ങാടിയില്‍ നിന്നും സി.പി.എം സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തില്‍ മുഴുവന്‍ സീറ്റിലും കഴിഞ്ഞ തവണ സി.പി.എം വിജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."