ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനത്തിന് ചുറ്റുമതില്‍ നിര്‍മിക്കും
മട്ടാഞ്ചേരി: ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് പരിശീലന മൈതാനമെന്ന നിലയില്‍ ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനത്തിന് ചുറ്റുവേലി നിര്‍മിക്കാന്‍ തീരുമാനിച്ചത് കൊച്ചിയിലെ കായിക പ്രേമികള്‍ക്ക് ആഹ്ലാദം പകര്‍ന്നു. പൈതൃക മേഖലയെന്ന പേരുപറഞ്ഞ് ഏതാനും ചില വ്യക്തികള്‍ മൈതാനത്തിനു ചുറ്റും വേലി കെട്ടുന്നത് എതിര്‍ത്തു വരികയായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭ ആടുമാടുകള്‍ പ്രവേശിക്കാതിരിക്കാന്‍ മൈതാനത്തിന് ചുറ്റും ഒന്നരയടി പൊക്കത്തില്‍ മതില്‍ കെട്ടുവാന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും പൈതൃക സംരക്ഷകര്‍ എന്ന പേരില്‍ ഇക്കൂട്ടര്‍ എതിര്‍ത്തതോടെ നിര്‍മ്മാണം തടസപ്പെട്ടു.തുടര്‍ന്ന്‌മൈതാനം സംരക്ഷിക്കാന്‍ നടപടികള്‍ ഇല്ലാതായതോടെ മൈതാനം നശിച്ചു തുടങ്ങി.
ഇടക്കാലത്ത് മുന്‍ എം.എല്‍.എ ഡൊമനിക് പ്രസന്റേഷന്റെ നേതൃത്വത്തില്‍ ഗ്രൗണ്ട് നവീകരണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ കളിക്കാര്‍ക്ക് കളിക്കാന്‍ പോലും കഴിയാത്ത മൈതാനമായി മാറി. ഫിഫ പരിശീലന മൈതാനമായി തിരഞ്ഞെടുത്തതോടെയാണ് ഗ്രൗണ്ടിന്റെ ശനിദശ അവസാനിച്ചത് .ഫിഫയെ കൊണ്ട് ഏറ്റെടുപ്പിക്കുന്നത് തടയുന്നതിനും ഇതിനിടെ ശ്രമം നടന്നിരുന്നു.
ഫിഫ ഏറ്റെടുത്ത് നവീകരണം നടത്തി പുല്ലുകള്‍ വെച്ചുപിടിപ്പിച്ചെങ്കിലും ആടുകള്‍ മൈതാനത്ത് പ്രവേശിച്ച് ഇവ തിന്നുവാന്‍ ആരംഭിച്ചതോടെ പുല്ലുകള്‍ കരിഞ്ഞു തുടങ്ങി.ഇതോടെയാണ് പൈതൃക വാദികളുടെ വിലക്കുകള്‍ മറികടന്നു കൊണ്ട് തന്നെ പത്ത് ദിവസത്തിനകം ചുറ്റുവേലി നിര്‍മ്മിക്കാന്‍ ടൂര്‍ണ്ണമെന്റ് ഡയരക്ടര്‍ ഹവിയര്‍ സെപ്പിയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തത്. ചുറ്റുവേലി കെട്ടി മൈതാനം സംരക്ഷിക്കണമെന്ന ദീര്‍ഘനാളത്തെ കായിക പ്രേമികളുടെ ആഗ്രഹമാണ് സഫലമാകുന്നതെന്ന് രാജ്യത്തെ മുതിര്‍ന്ന ഫുട്‌ബോള്‍ പരിശീലകരില്‍ ഒരാളായ റൂഫസ് ഡിസൂസ, ഗ്രൗണ്ട് സംരക്ഷണ സമിതി ചെയര്‍മാന്‍ എം.എം സലീം എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."