നഗരത്തിലെ ബാസ്‌കറ്റ് ബോള്‍ സ്റ്റേഡിയം നശിക്കുന്നു
കുന്നംകുളം: ഒരു കോടി എണ്‍പത്തി രണ്ട് രൂപ ചെലവിട്ട് നിര്‍മാണം നടത്തിയ നഗരത്തിലെ ബാസ്‌കറ്റ് ബോള്‍ സ്‌റ്റേഡിയം പുല്ല് പിടിച്ച് നശിക്കുന്നു.
തീര്‍ത്തും അശാസ്ത്രീയമായാണ് സ്റ്റേഡിയം പുനര്‍ നിര്‍മിച്ചതിനാല്‍ തുറന്നു കൊടുക്കാനാകാത്തതാണ് ഇതിന് കാരണം. കുന്നംകുളത്തിന്റെ പ്രൗഢിയായി നിലനിന്നിരുന്ന ജവഹര്‍ സ്‌ക്വയറില്‍ വൈകുന്നേരങ്ങളില്‍ ബാസ്‌ക്കറ്റ് ബോള്‍ കളി സജീവമാണ്.
സ്റ്റേഡിയത്തിന് മേല്‍ക്കൂര പണിയാനായാണ് ബാബു എ പാലിശ്ശേരി എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നും പണം അനുവദിച്ചത്.
ഗാലറികള്‍ അതുപോലെ നിലനിര്‍ത്തി മേല്‍കൂര പണിയാന്‍ 1.22 കോടിയും ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിന് 60 ലക്ഷം രൂപയുമായിരുന്നു ബജറ്റ്. കേട്ടുകേള്‍വി പോലുമില്ലാത്ത വന്‍തുക ചെലവിട്ട് പൊതുമരാമത്ത് വകുപ്പിന്റ മേല്‍നോട്ടത്തിലായിരുന്നു പ്രവൃത്തി. എന്നാല്‍ ഒരു ഗോഡൗണിന് സമാനമായി മേല്‍കൂര ഉയരുകയും ബാസ്‌കറ്റ്‌ബോള്‍ കളിക്കാന്‍ കഴിയാത്ത കോര്‍ട്ടുമെത്തിയതോടെ പ്രതിഷേധം ഉയര്‍ന്നു.
ഇത്രയും തുക ചെലവഴിച്ച പ്രവൃത്തിയില്‍ ഇലക്ട്രിക്കല്‍ പ്രവര്‍ത്തിയോ, ലൈറ്റുകളോ ഉണ്ടായിരുന്നില്ല. പിന്നീട് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായത്തോടെ ഫാനുകളും ലൈറ്റുകളും സ്ഥാപിക്കാന്‍ പത്ത് ലക്ഷം രൂപ കൂടി വകയിരുത്തി.
കൃത്യമായി ഉപയോഗപെടുത്തിയിരുന്ന സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ചിട്ടും ഉപയോഗപ്രതമായില്ലെന്ന് മാത്രമല്ല ഇപ്പോള്‍ കാടുകയറുന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്റെ മുന്‍വാതിലില്‍ എം.എല്‍.എയുടെ പേരെഴുതിവെച്ച ബോര്‍ഡില്‍ പോലും ചെടികള്‍ എത്തിതുടങ്ങി. കൃത്യമായ ആസൂത്രണമില്ലാതെയാണ് സ്‌റ്റേഡിയം നിര്‍മിച്ചതെന്ന ആരോപണങ്ങളും പ്രതിഷേധങ്ങളും നിലനില്‍ക്കുമ്പോഴും പുല്ല് ചെത്ത് പുറം മോടിയെങ്കിലും കാത്തു സൂക്ഷിക്കാനും നഗരസഭ മറന്നു.
നഗരസഭയുടെ സ്വന്തം സ്‌റ്റേഡിയം നഗരസഭ കാര്യാലയത്തിന്റെ മൂക്കിനു താഴെ കാടു പിടിച്ച് നശിക്കുമ്പോഴും ഇത് കണ്ടഭാവം നടിക്കുന്നില്ലെന്നാണ് പൊതു ജനങ്ങളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."