ബി.ജെ.പി യോഗത്തില്‍ ശോഭിക്കാന്‍ ശോഭാ സുരേന്ദ്രന്റെ വിഷയം: മാധ്യമ അജന്‍ഡകളല്ല, പാര്‍ട്ടി അജന്‍ഡയാണ് ചര്‍ച്ചചെയ്യുകയെന്ന് കെ.സുരേന്ദ്രന്‍
കൊച്ചി: ബി.ജെ.പിയിലെ അധികാരത്തര്‍ക്കവും ഗ്രൂപ്പിസവും വിഴുപ്പലക്കലിലേക്കു നീങ്ങുന്നതിനിടെ ഇന്ന് നടക്കുന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കില്ല. ഇടഞ്ഞു നില്‍ക്കുന്ന മറ്റു പലരും യോഗത്തിനെത്തില്ലെന്ന സൂചനയുമുണ്ട്. ഇതിനിടെ പ്രതികരണമാരാഞ്ഞ സംസ്ഥാന പ്രസിഡന്റെ കെ.സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കെതിരേ തിരിഞ്ഞു.
ബി.ജെ.പി യോഗത്തില്‍ മാധ്യമ അജന്‍ഡകളല്ല ചര്‍ച്ചയാവുകയെന്നും പാര്‍ട്ടി അജന്‍ഡയാണെന്നും അദ്ദേഹം പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാവില്ലെന്നും ആരൊക്കെയാണ് യോഗത്തിനെത്തുകയെന്നും യോഗം കഴിഞ്ഞശേഷം പറയാമെന്നും അദ്ദേഹം പ്രതികരിച്ചു.
നേരത്തെ തന്നെ നേതൃത്വത്തിനെതിരേ രംഗത്തെത്തിയ ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനുണ്ട്, എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും വിശദമായി പിന്നീട് പറയാമെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.
സ്ഥാനമോഹിയെന്ന് വിളിക്കുന്നു ചിലരെന്നെ. അതില്‍ ദുഃഖമില്ല. 33 വര്‍ഷമായി താനീ പാര്‍ട്ടിയില്‍ ഉണ്ട്. ഒരു വാര്‍ഡ് മെമ്പര്‍ പോലും ഇല്ലാതിരുന്ന കാലത്താണ് താന്‍ ബി.ജെ.പിയിലേക്ക് വന്നത്. സ്ഥാനമോഹി ആയിരുന്നെങ്കില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുമായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്താനായി എത്തിയതായിരുന്നു അവര്‍. കോഴിക്കോട്ട് ഒന്നര മണിക്കൂര്‍ നടന്ന കൂടിക്കാഴ്ചക്കുശേഷമായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."