'ജയില്‍ ചാടിയത് വേഗം പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പായതിനാല്‍'
രക്ഷപ്പെട്ടത് ആസൂത്രിതമായെന്നും പിടിയിലായ യുവതികളുടെ മൊഴി
തിരുവനന്തപുരം: വേഗം പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ജയില്‍ ചാടാന്‍ തീരുമാനിച്ചെന്ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം പിടിയിലായ യുവതികള്‍ മൊഴി നല്‍കി. തടവു ചാടിയ വര്‍ക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശില്‍പ എന്നിവരെ വ്യാഴ്ാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ പാലോടിനടുത്ത് അടപ്പുപാറ വനപ്രദേശത്തു നിന്നാണ് പിടികൂടിയത്. രണ്ടു പേരും ശില്‍പയുടെ വീട്ടിലേക്ക് പോകാന്‍ വേണ്ടി ശില്‍പയുടെ സഹോദരന്റെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇത് മനസിലാക്കിയ പൊലിസ് രഹസ്യമായി ഈ പ്രദേശം നിരീക്ഷിച്ചാണ് ഇവരെ പിടികൂടിയത്.
ആറുവര്‍ഷം വരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകര്‍ പറഞ്ഞിരുന്നു. ജയില്‍ വാസം നീളുമെന്ന ഭയത്തെ തുടര്‍ന്നാണ് ജയില്‍ ചാടിയതെന്നും യുവതികള്‍ പറഞ്ഞു. ജയിലില്‍ നിന്നും രക്ഷപ്പെട്ടത് ആസൂത്രിതമായാണെന്നും ഇവര്‍ മൊഴി നല്‍കി. ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ തയ്യല്‍ ക്ലാസിന് ശില്‍പയും സന്ധ്യയും പോയിരുന്നു. ഇവിടെ നിന്ന് പരിസരം നിരീക്ഷിച്ച് മനസിലാക്കി. ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കമ്പിയില്‍ സാരി ചുറ്റി അതുവഴിയാണ് മതില്‍ ചാടിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരും ജയില്‍ ചാടിയത്.
ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്റെ മോതിരം മോഷ്ടിച്ചതിനാണ് ശില്‍പയെ അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനാണ് സന്ധ്യ അറസ്റ്റിലായത്. ഇരുവരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരാണ്. രണ്ട് പേരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്. ജാമ്യമെടുക്കാന്‍ പണമില്ലാത്തതിനാലാവണം ഇവര്‍ ജയില്‍ ചാടാന്‍ തീരുമാനിച്ചതെന്നായിരുന്നു പൊലിസിന്റെ പ്രാഥമിക നിഗമനം. ഇരുവരെയും കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു. അതേ സമയം, വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയുള്ളതായാണ് കണ്ടെത്തല്‍. ജയില്‍ ഡി.ഐ.ജി സന്തോഷ് കുമാറിന്റെ റിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പി ഋഷിരാജ് സിങിന് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."