നെഹ്‌റുവിന്റെ പേരില്‍ ലോക്‌സഭയില്‍ വാക്കേറ്റം
ന്യൂഡല്‍ഹി: കശ്മിരിന്റെ മൂന്നിലൊന്ന് പാകിസ്താന് ലഭിക്കാനും തുടര്‍ന്നുണ്ടായ ഭീകരാക്രമണങ്ങള്‍ക്കും കാരണം പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന അമിത്ഷായുടെ പരാമര്‍ശത്തെത്തുടര്‍ന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. കശ്മിരില്‍ രാഷ്ട്രപതി ഭരണം നീട്ടുന്നത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് അമിത്ഷാ വിവാദപരാമര്‍ശം നടത്തിയത്. കശ്മിരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ നമുക്കൊപ്പമില്ല. ആരാണ് അതിനുത്തരവാദിയെന്ന് അമിത്ഷാ ചോദിച്ചു.
കശ്മിര്‍ പ്രശ്‌നത്തിന്റെ ചരിത്രപരമായ കാരണങ്ങള്‍ സര്‍ക്കാര്‍ പഠിക്കുകയാണ് വേണ്ടതെന്ന് ഇതിന് മനീഷ് തിവാരി തിരിച്ചടിച്ചു. ബി.ജെ.പിയുടെ ഭരണത്തില്‍ കശ്മിരിലെ ജനങ്ങള്‍ക്ക് ഒറ്റപ്പെട്ട പ്രതീതിയായിരുന്നുവെന്നും മനീഷ് തിവാരി പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍ നെഹ്‌റുവെടുത്ത തീരുമാനത്തിലെ പിഴവാണ് കശ്മിര്‍ പ്രശ്‌നമുണ്ടാക്കിയതെന്നായിരുന്നു ഇതിന് അമിത്ഷായുടെ മറുപടി. കശ്മിരിലെ പാകിസ്താന്‍ അതിക്രമിച്ചു കയറിയപ്പോള്‍ അവരെ പുറത്താക്കുന്നതിനെതിരായിരുന്നു നെഹ്‌റു. നെഹ്‌റുവാണ് അവിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പാകിസ്താന് അതിന്റെ ഒരുഭാഗം നല്‍കിയത് നെഹ്‌റുവാണ്്.
ഞങ്ങള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്ന് നിങ്ങള്‍ പറയുന്നു. നെഹ്‌റു അത് ചെയ്‌തോ. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിലൂടെ അതാണോ ഉണ്ടായത്. അന്നത്തെ ആഭ്യന്തരമന്ത്രിയോടോ ഉപപ്രധാനമന്ത്രിയോടോ ചോദിക്കാതെയാണ് നെഹ്‌റു ഈ നിലപാടെടുത്തത്. ഞങ്ങളെ ചരിത്രം പഠിപ്പിക്കേണ്ടെന്നും അമിത്ഷാ പറഞ്ഞു. ഇതോടെ സഭ ബഹളത്തില്‍ മുങ്ങി. പ്രശ്‌നം തണുപ്പിക്കാന്‍ സ്പീക്കര്‍ ഓംബിര്‍ല കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞെങ്കിലും ബഹളം തുടര്‍ന്നു. നെഹ്‌റുവിന്റെ പേര് പരാമര്‍ശിച്ചതിനെ ന്യായീകരിച്ച അമിത്ഷാ പേരിന് പകരം വേണമെങ്കില്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി എന്ന് പരാമര്‍ശിക്കാമെന്നാക്കി തിരുത്താമെന്ന് പിന്നീട് പറഞ്ഞു. കശ്മിരില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയെന്നും അമിത്ഷാ ആരോപിച്ചു. 1957,1962,1967 വര്‍ഷങ്ങളില്‍ ജനാധിപത്യത്തെ പരിഹസിക്കും വിധം വ്യാജമാണ് തെരഞ്ഞെടുപ്പില്‍ നടന്നത്. കശ്മിരില്‍ ശൈഖ് അബ്ദുല്ല പ്രധാനമന്ത്രിയാവാനും കാരണം കോണ്‍ഗ്രസാണെന്നും അമിത്ഷാ ആരോപിച്ചു. അമിത്ഷായുടെ വാദങ്ങളെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തു. ജമ്മുകശ്മിരിലെ രാഷ്ട്രപതി ഭരണം ആറുമാസം കൂടി നീട്ടണമെന്ന അമിത്ഷായുടെ ആവശ്യവും കോണ്‍ഗ്രസ് ചോദ്യംചെയ്തു. ജമ്മുകാശ്മിരില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഉണ്ടാവണമെന്നാണ് രാഷ്ട്രത്തിന്റെ താല്‍പര്യമെന്നും രാഷ്ട്രപതി ഭരണം അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
കതുവയില്‍ എട്ടുവയസുകാരിയെ കൂട്ടബലാല്‍സം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ച ബി.ജെ.പി മന്ത്രിമാരുടെ നടപടി വിവാദമായതോടെയാണ് അവര്‍ മഹ്ബൂബാ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതേതുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ ജമ്മുകശ്മിര്‍ രാഷ്ട്രപതി ഭരണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."