നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. നടിയും സര്‍ക്കാരും നല്‍കിയ ഹരജിയില്‍ വിചാരണ കോടതി മാറ്റില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അടുത്തയാഴ്ച കേസില്‍ വിചാരണ തുടരണം. പ്രോസിക്യൂഷനും ജഡ്ജിയും ഒരുമിച്ചുപോയാലേ നീതി നടപ്പാകൂ. അല്ലെങ്കില്‍ അതു തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇരുകൂട്ടരും ഒരുമിച്ചുപോകുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും അവര്‍ ഒരുമിച്ചുപോകണമെന്നും കോടതി നിര്‍ദേശിക്കുകയും ചെയ്ത ശേഷമാണ് ഹരജി തള്ളിയത്.
നടിയും സംസ്ഥാന സര്‍ക്കാരുമാണ് വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുകാണിച്ച് ഹരജി നല്‍കിയത്. തനിക്ക് ഈ കോടതിയില്‍നിന്നും നീതി ലഭിക്കുന്നില്ലെന്നും നടി സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തന്നെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിച്ചിട്ടും വിചാരണക്കോടതി ഇടപെട്ടില്ലെന്ന് നടി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കോടതി മുറിയില്‍ നടി കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാല്‍പ്പതോളം അഭിഭാഷകരുടെ മുന്നിലാണ് ഇതു നടന്നതെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു.
വനിതാ ജഡ്ജിയായിട്ടുപോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അനുവദിച്ചെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും കോടതി ഇടപെട്ടില്ല. പ്രോസിക്യൂഷനോട് മുന്‍വിധിയോടെയാണ് വിചാരണക്കോടതി പെരുമാറിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."