തുടങ്ങിക്കോളൂ.. ശൈത്യകാല പച്ചക്കറി കൃഷി
ശൈത്യകാലം വന്നെത്തിയിരിക്കുകയാണ്. ഇനി നമുക്ക് ശൈത്യകാലത്തെ പച്ചക്കറി കൃഷിക്കൊരുങ്ങാം.
ശൈത്യകാലത്ത് ഏതൊക്കെ പച്ചക്കറിയിനങ്ങളാണ് കൃഷി ചെയ്യേണ്ടതെന്നും അവയെ എങ്ങിനെയൊക്കെ പരിചരിക്കേണ്ടതെന്നും നോക്കാം.
കാബേജ്, കോളിഫ്‌ളവര്‍, ക്യാരറ്റ് തുടങ്ങിയവയാണ് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ ശൈത്യകാല പച്ചക്കറികള്‍. നല്ല തണുപ്പും അതുപ്പോലെ തന്നെ നല്ല സൂര്യപ്രകാശവും ആവശ്യമുള്ള വിളകളാണിവ. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളാണ് ഇതില്‍ ഏറെ അനുയോജ്യം.
വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുന്നതങ്കില്‍ ഒരു മാസം മുന്‍പ്പ് തന്നെ ട്രേകളില്‍ വിത്തുകള്‍ പാകി തൈകള്‍ തയ്യാറാക്കണം. അല്ലെങ്കില്‍ ഗുണമേന്മയുള്ള തൈകള്‍ കൃഷി ഓഫിസുകള്‍, കാര്‍ഷിക സര്‍വ്വകലാശാല നഴ്‌സറികള്‍, സ്വകാര്യ നഴ്‌സറികള്‍ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങി നടാം.
തൈകള്‍ക്കായി വിത്ത് പാകല്‍
ചകിരിച്ചോര്‍ കമ്പോസ്റ്റ് 75 %, അല്‍പ്പം മണ്ണ്, അല്‍പ്പം ചാണകപ്പൊടി തൈകള്‍ക്ക് ഫംഗസ് രോഗം വരാതിരിക്കാന്‍ അല്‍പ്പം ടൈക്കോഡെര്‍മ്മ എന്നിവ ചേര്‍ത്ത് ട്രേകളില്‍ വിത്ത് പാകി മുളപ്പിക്കാം. 30-35 ദിവസങ്ങള്‍ കൊണ്ട് ഇങ്ങനെ പാകി മുളപ്പിച്ച തൈകള്‍ നടാന്‍ പാകമാകും.
നടേണ്ടതിങ്ങനെ
മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍ ചേര്‍ത്ത് നന്നായി കൊത്തിയിളക്കിയ മണ്ണില്‍ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് വേണം തൈകള്‍ നടാന്‍. ചെറുചാലുകള്‍ ഉണ്ടാക്കി നടാം. തൈകള്‍ തമ്മില്‍ 60 സെമീ അകലത്തിലും 30 സെ.മീ താഴ്ച്ചയിലും വീതിയുള്ള ചാലുകള്‍ എടുക്കണം. ട്രേകളില്‍ ലഭിക്കുന്ന തൈകള്‍ വേരിളക്കം തട്ടാതെ വേണം നടാനായി എടുക്കാന്‍.
നട്ടു കഴിഞ്ഞാല്‍
നട്ട തൈകള്‍ക്ക് കുറച്ചു ദിവസം തണല്‍ നല്‍കണം. രണ്ടാഴ്ച കഴിഞ്ഞ് മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ 2:1:1 എന്ന അനുപാതത്തില്‍ ചെടികള്‍ക്ക് ചുറ്റുമിട്ട് മണ്ണു മുകളില്‍ ഇടുക. 20 ദിവസത്തില്‍ ഇത് ഒന്നുകൂടി ആവര്‍ത്തിക്കുക. മഴയില്ലാത്ത ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ വെള്ളം തളിച്ചു കൊടുക്കണം. നല്ല ജലസേചനം വേണ്ട വിളയാണ് കാബേജും ഫ്‌ളവറും.
നട്ട് ഒരുമാസം കഴിഞ്ഞ് ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ പുളിച്ചതിന്റെ തെളി കൂടുതല്‍ വെള്ളം ചേര്‍ത്ത് തടത്തില്‍ ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. ഇങ്ങനെ വളപ്രയോഗം രണ്ട് മൂന്ന് തവണ 15 20 ദിവസം കൂടുമ്പോള്‍ ആവര്‍ത്തിക്കണം. ഫ്‌ളവറിങ്ങിന് ചാരം അഥവാ വെണ്ണീരു ഗുണം ചെയ്യും.
തൈകള്‍ നട്ട് 50 ദിവസം കഴിയുന്നതോടെ ഒരു പിടി ചാരം തടത്തിന് ചുറ്റം വിതറി കൊടുക്കാം. 15 ദിവസം കഴിഞ്ഞ് ഒന്നുകൂടി ഇങ്ങനെ അവര്‍ത്തിക്കണം. ഹ്രസ്വകാല വിളയായ കാബേജും കോളിഫ്‌ളവറും തൈ നട്ട് 80-90 ദിവസങ്ങള്‍ കൊണ്ട് വിളവ് എടുക്കാന്‍ പാകമാകും.
കീടങ്ങളും നിയന്ത്രണവും
പലതരത്തിലുള്ള ഇല തീനി പുഴുക്കളാണ് സാധാരണയായി ശീതകാല പച്ചക്കറികളില്‍ കണ്ടുവരാറ്. ദിവസവും ചെടികളെ നോക്കി പുഴുവിനെ പെറുക്കി കൊല്ലുകയാണ് ഏറ്റവും നല്ല നിയന്ത്രണമാര്‍ഗം. രണ്ടുശതമാനം വീര്യമുള്ള വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതവും തളിക്കാവുന്നതാണ്.
ബാക്റ്റീരിയല്‍ രോഗത്തെ ചെറുക്കാന്‍ ജീവാണു കീടനാശിനികള്‍ ഉപയോഗിക്കാം. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കുക.
ശീതകാല പച്ചക്കറി കൃഷിയിലെ മറ്റൊരു പ്രധാന ശത്രു ഒച്ചിന്റെ ആക്രമണമാണ്. ദിവസവും ഇലകള്‍ നിരീക്ഷിക്കുകയും ഒച്ചുണ്ടെങ്കില്‍ എടുത്ത് നശിപ്പിക്കുകയാണ് ഇതിനെതിരേയുള്ള മാര്‍ഗം. നീറ്റ് കക്കാ പൊടിച്ചത്, കല്ല് ഉപ്പ് പൊടിച്ച് വിതറല്‍ എന്നിവയും ഒച്ചിനെതിരേ ഉപയോഗിക്കാവുന്ന മാര്‍ഗങ്ങളാണ്.
തലപ്പ് വന്നു തുടങ്ങി 15-20 ദിവസം കൊണ്ട് വിളവെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."