സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ: മദ്‌റസാ നവീകരണ ഫണ്ട് പുനഃസ്ഥാപിക്കാന്‍ നടപടിയായില്ല
മലപ്പുറം: സംസ്ഥാനത്തു നാലു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന മദ്‌റസാ നവീകരണ ഫണ്ട് പുനഃസ്ഥാപിക്കാന്‍ നടപടിയായില്ല. മറ്റു സംസ്ഥാനങ്ങള്‍ക്ക് വര്‍ഷാവര്‍ഷം കോടികളുടെ കേന്ദ്ര സഹായം ലഭിക്കുമ്പോഴാണ് ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള കേരളത്തില്‍ ഇതിന്റെ ഗുണം ലഭിക്കാതിരിക്കുന്നത്.
മദ്‌റസകളില്‍ സ്‌കൂള്‍ വിഷയങ്ങള്‍ക്കു പ്രത്യേക പരിശീലന ക്ലാസുകള്‍ നല്‍കുന്ന പദ്ധതിയില്‍ കണക്ക്, സയന്‍സ്, ചരിത്രം, കംപ്യൂട്ടര്‍ എന്നിവ പഠിപ്പിക്കുന്നതിനാണ് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്. മദ്‌റസകളില്‍ ലാബ് സൗകര്യം, അധ്യാപക വേതനം എന്നിവയ്ക്കു വിവിധ സംസ്ഥാനങ്ങളോടൊപ്പം കേരളത്തിനും കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റ് ലഭിച്ചിരുന്നു.2014ലാണ് കേരളത്തിലെ മദ്‌റസകള്‍ക്കുള്ള സഹായം കേന്ദ്ര ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മിറ്റി തടഞ്ഞത്. പ്രവൃത്തിസമയം ഭാഗികമാണെന്ന റിപ്പോര്‍ട്ട്, നേരത്തെ അനുവദിച്ച ഫണ്ട് വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിലെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. ഇതോടൊപ്പം നിര്‍ത്തലായ ഐ.ഡി.എം.ഐ (ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഇന്‍ മൈനോറ്റിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ്) ഗ്രാന്റ് ഈ വര്‍ഷം മുതല്‍ സംസ്ഥാനത്തിനു ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഐ.ഡി.എം.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പുതിയ അപേക്ഷ ക്ഷണിച്ചു കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതോടൊപ്പം മദ്‌റസാ നവീകരണത്തിനുള്ള പദ്ധതിയായ സ്‌കീം ഫോര്‍ പ്രൊവൈഡിങ് ക്വാളിറ്റി എജ്യൂക്കേഷന്‍ ഇന്‍ മദ്‌റസ (എസ്.പി.ക്യൂ.ഇ.എം) പദ്ധതിക്കും അപേക്ഷ ക്ഷണിച്ചിരുന്നു. ഇരു പദ്ധതികള്‍ക്കും 20നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണമെന്നും രേഖകള്‍ 26നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പു പ്രതിനിധികള്‍ ഡല്‍ഹിയില്‍ എത്തിക്കണമെന്നുമായിരുന്നു നിര്‍ദേശം.
എന്നാല്‍, മദ്‌റസാ നവീകരണ ഫണ്ടിന്റെ അപേക്ഷകള്‍ കേരളത്തില്‍ നിന്നു മാത്രമാണ് സ്വീകരിക്കാതിരുന്നത്. തമിഴ്‌നാട് ഉള്‍പ്പെടെ ഇതിനകം പദ്ധതില്‍ ഉള്‍പ്പെടുത്തേണ്ട മദ്‌സകളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. 2014 മുതല്‍ മദ്‌റസാ നവീകരണ പദ്ധതി പ്രകാരം കേരളത്തിനു സഹായം ലഭിക്കുന്നില്ലെങ്കിലും നിരവധി സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സഹായം ഇപ്പോഴും തുടരുന്നുണ്ട്. 7.21 കോടി രൂപയാണ് കഴിഞ്ഞ മാര്‍ച്ചില്‍ ചത്തിസ്ഗഢിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. അവിടെ 282 മദ്‌റസകള്‍ക്ക് ഈ വര്‍ഷം മാത്രം സഹായം ലഭിച്ചു.
മധ്യപ്രദേശില്‍ 1,685 മദ്‌റസകള്‍ക്കു 27.34 കോടി, ത്രിപുരയില്‍ 128 മദ്‌റസകള്‍ക്കു 3.27 കോടി, ഉത്തര്‍പ്രദേശില്‍ 12.06 കോടി എന്നിങ്ങനെയും ലഭിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഇപ്പോഴും കേന്ദ്രസഹായം ലഭിക്കുന്നുണ്ട്. കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഔപചാരിക വിദ്യാഭ്യാസം നേടുന്നവരാണെന്നും ഇത്തരക്കാര്‍ പദ്ധതിക്ക് അര്‍ഹരല്ലെന്നുമാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഒന്നാംക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളില്‍ പതിനായിരക്കണക്കിനു പേര്‍ നിലവില്‍ സമാന്തര സംവിധാനത്തിലൂടെയാണ് കേരളത്തില്‍ പഠനം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സമാന്തര പഠന സംവിധാനമായ എന്‍.ഐ.ഒ.എസ്, കേരളത്തിലെ സ്‌കോള്‍ കേരള എന്നിവയില്‍ പഠിക്കുന്ന കുട്ടികളുള്ള സ്ഥാപനങ്ങള്‍ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരാണെന്നിരിക്കേയാണ് ഇതുസംബന്ധിച്ചു സംസ്ഥന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."