കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം: ഐ.എന്‍.എല്ലില്‍ ഭിന്നത രൂക്ഷം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയം മുതല്‍ ഐ.എന്‍.എല്ലില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍ വഹാബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചതോടെയാണ് വിഭാഗീയത മറനീക്കി പുറത്തുവന്നത്. അബ്ദുല്‍ വഹാബിനെ അനുകൂലിക്കുന്നവര്‍ ഒരുവശത്തും ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലിനെ അനുകൂലിക്കുന്നവര്‍ മറുഭാഗത്തും നിലയുറപ്പിച്ചതോടെ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം കോഴിക്കോട്ടു ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് കലാശിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയല്ല വഹാബിന് ചെയര്‍മാന്‍ സ്ഥാനം കിട്ടിയതെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. സി.പി.എം അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന അബ്ദുല്‍ വഹാബ് തോല്‍വിയെ തുടര്‍ന്ന് ആറുമാസത്തേക്ക് പാര്‍ട്ടി പദവിയില്‍ നിന്ന് അവധിയെടുത്തിരുന്നു.
അഹമ്മദ് ദേവര്‍കോവിലിനായിരുന്നു പകരം ചുമതല. എന്നാല്‍ ദേശീയ ഭാരവാഹി ആയതിനാല്‍ രണ്ടു ചുമതലകളും ഒന്നിച്ചുവഹിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച ദേവര്‍കോവില്‍ റമദാന് ശേഷം താല്‍ക്കാലിക ചുമതല ഒഴിയുകയായിരുന്നു. സംസ്ഥാന ഭാരവാഹിയായ കെ.പി ഇസ്മാഈലിനാണ് പിന്നീട് ചുമതല നല്‍കിയത്. എന്നാല്‍ പൊടുന്നനെ ലീവ് റദ്ദ്‌ചെയ്ത് അബ്ദുല്‍വഹാബ് പദവിയില്‍ തിരിച്ചെടുത്തുകയായിരുന്നു. ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ചു സി.പി.എമ്മുമായി ചര്‍ച്ച തുടങ്ങിയതോടെ ഈ പദവികള്‍ ലക്ഷ്യമിട്ട് വഹാബ് പദവിയില്‍ തിരിച്ചെത്തുകയായിരുന്നുവെന്നാണ് എതിര്‍വിഭാഗം ആരോപിക്കുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എട്ട് ചെയര്‍മാന്‍ സ്ഥാനങ്ങളും അത്രത്തോളം അംഗങ്ങളെയും ഗവ. പ്ലീഡര്‍മാരെയും പാര്‍ട്ടി ചോദിച്ചിരുന്നു.
പാര്‍ട്ടി പ്രതിനിധിയെ പി.എസ്.സി അംഗമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം മാത്രമാണ് ഇതുവരെ ലഭിച്ചത്. സി.പി.എം നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ കൂടുതല്‍ പദവികള്‍ ആവശ്യപ്പെടാതെ തനിക്ക് കിട്ടിയ ചെയര്‍മാന്‍ സ്ഥാനത്തില്‍ തൃപ്തനായി അബ്ദുല്‍ വഹാബ് മടങ്ങുകയായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. അര്‍ഹരായ പലരെയും തഴഞ്ഞാണ് വഹാബ് സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ ചെയര്‍മാന്‍ സ്ഥാനവും സ്വന്തമാക്കിയതെന്നും ഇവര്‍ പറയുന്നു.
പാര്‍ട്ടി കൊടുത്ത ലിസ്റ്റ് പരിഗണിക്കാതെ സി.പി.എം അവര്‍ക്ക് താല്‍പര്യമുള്ളവര്‍ക്കാണ് സ്ഥാനം നല്‍കുന്നതെന്നും ഇത്തരത്തില്‍ അവഗണിക്കപ്പെട്ട് മുന്നോട്ട് പോകാനാവില്ലെന്നും അഹമ്മദ് ദേവര്‍കോവിലിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. പാര്‍ട്ടിയില്‍ ലീഗ് സംസ്‌കാരം ഉള്ളവര്‍ക്ക് അവഗണനയാണെന്നും ആക്ഷേപമുണ്ട്. ഇബ്രാഹിം സുലൈമാന്‍ സേട്ടിനൊപ്പം മുസ്‌ലിം ലീഗില്‍ നിന്ന് രാജിവച്ചു വന്നവരേക്കാള്‍ പിന്നീട് മറ്റു സംഘടനകളില്‍ നിന്ന് ചേക്കേറിയവര്‍ക്കാണ് ഐ.എന്‍.എല്ലില്‍ ഇപ്പോള്‍ പരിഗണന കിട്ടുന്നതത്രേ. ലീഗ് സംസ്‌കാരമുള്ളവരെ അകറ്റിനിര്‍ത്താനാണ് സി.പി.എമ്മിനും താല്‍പര്യം. മുസ്‌ലിം വിഷയങ്ങളില്‍ പ്രതികരിക്കുന്നവരെയും ഒറ്റപ്പെടുത്തുകയാണ്. ഇതിനെല്ലാം സംസ്ഥാന നേതൃത്വത്തിലെ പ്രബലവിഭാഗം കൂട്ടുനില്‍ക്കുകയാണെന്നും ആക്ഷേപമുണ്ട്.
പാര്‍ട്ടിയിലെ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് കഴിഞ്ഞദിവസം കോഴിക്കോട്ടു സംസ്ഥാന നേതൃയോഗം ചേര്‍ന്നത്. വഹാബിന്റെ സ്ഥാനത്തെ ചൊല്ലി രൂക്ഷമായ വാദപ്രതിവാദമാണ് യോഗത്തില്‍ നടന്നത്. യോഗം പകുതിയായപ്പോള്‍ അഹമ്മദ് ദേവര്‍കോവില്‍ ഇറങ്ങിപ്പോകുകയും ചെയ്തു. എന്നാല്‍, താന്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയായിരുന്നില്ല, മറ്റൊരു യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി അധ്യക്ഷന്റെ അനുമതിയോടെ പോകുകയായിരുന്നുവെന്ന് അഹമ്മദ് ദേവര്‍കോവില്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."