വൈദ്യുതി മുടക്കം ജോലിയില്ലാ ദിനമാക്കി സര്‍ക്കാര്‍ ഓഫിസുകള്‍
മലപ്പുറം: മലപ്പുറത്തു വൈദ്യുതി മുടക്കം പതിവാകുന്നതു ചില സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അനുഗ്രഹമാകുന്നു. സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കാണ് വൈദ്യുതി മുടക്കം ജോലിയില്ലാ ദിനമായി മാറുന്നത്. ജനറേറ്ററില്ലാത്ത എല്ലാ സര്‍ക്കാര്‍ ഓഫിസിലെയും സ്ഥിതി മറിച്ചല്ല.
സിവില്‍ സ്റ്റേഷനില്‍ ഏറ്റവും തിരക്കുള്ള ഓഫിസുകളിലൊന്നായ ജില്ലാ ട്രഷറിയാണ് ഇതില്‍ പ്രധാനം. ജില്ലയില്‍ ഏതാനും ദിവസങ്ങളായി പകല്‍സമയങ്ങളില്‍ വൈദ്യുതി മുടങ്ങുന്നതു സ്ഥിരമായിരിക്കുകയാണ്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വൈദ്യുതി മുടക്കം. ഈ സമയങ്ങളില്‍ ഓഫിസിലെത്തുന്ന ജീവനക്കാരുടെ മുന്നിലുള്ള കംപ്യൂട്ടറുകള്‍ കൂടിയാല്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കും. പിന്നെ അഞ്ചുവരെ കാത്തിരിക്കണം. അപ്പോഴേക്കും ഓഫിസ് സമയവും കഴിയും.
വിവിധ ആവശ്യങ്ങള്‍ക്കായി ട്രഷറിയിലെത്തുന്നവരോട് അടുത്ത ദിവസം വരാന്‍ നിര്‍ദേശിക്കുകയാണ് പതിവ്. പലരും ഉച്ചവരെ കാത്തിരുന്നു മടങ്ങും. ഓഫിസ് പ്രവര്‍ത്തനം പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ചതിനാല്‍ ജീവനക്കാര്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ വെറുതേയിരിക്കും.
ആകെ 55 ജീവനക്കാരുള്ള ട്രഷറിയില്‍ 40 കംപ്യൂട്ടറുകളാണുള്ളത്. എന്നാല്‍, വൈദ്യുതി നിലച്ചാല്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം ജില്ലാ ട്രഷറിക്കില്ല. അത്യാവശ്യമുള്ള രണ്ടോ മൂന്നോ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചു ചിലരെ ഒഴിവാക്കുമെങ്കിലും അതും അധികസമയം തുടരാനാകില്ല.
ട്രഷറിക്കു സ്വന്തമായൊരു ജനറേറ്ററിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കാത്തിരിപ്പ് തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."