സമസ്ത പ്രാര്‍ഥനാ ദിനം നാളെ
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള പ്രാര്‍ഥനാ ദിനത്തിന്റെ ഭാഗമായുള്ള ഈ വര്‍ഷത്തെ പരിപാടികള്‍ നാളെ നടക്കും.
1996 ആഗസ്റ്റ് 10ന് ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തിലാണ് ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര് എല്ലാ വര്‍ഷവും റബീഉല്‍ ആഖിറിലെ ആദ്യ ഞായറാഴ്ച പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ നിര്‍ദേശിച്ചതും വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനം കൈകൊണ്ടതും. അതനുസരിച്ചാണ് എല്ലാ വര്‍ഷവും റബീഉല്‍ ആഖിര്‍ ആദ്യ ഞായറാഴ്ച മദ്റസകളും മറ്റു സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രാര്‍ഥനാ സദസ്സുകള്‍ സംഘടിപ്പിച്ചു വരുന്നത്.
കോവിഡ്19 മൂലം ഈ വര്‍ഷം മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ അതാത് പ്രദേശങ്ങളില്‍ സാധ്യമായ രീതിയില്‍ പ്രാര്‍ഥനാ ദിനാചരണം നടത്താനാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. മദ്റസകള്‍, പള്ളികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ സ്ഥാപിച്ചും അവയുടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിച്ചും മണ്മറഞ്ഞുപോയ നേതാക്കള്‍, ഉസ്താദുമാര്‍, പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാവരുടെയും പരലോക ഗുണത്തിനു വേണ്ടിയും മറ്റും പ്രാര്‍ഥന നടത്തുന്നതിന് വേണ്ടിയാണ് പ്രാര്‍ഥനാദിനം ആചരിക്കുന്നത്.
പ്രാര്‍ഥനാ ദിനത്തിന്റെ സംസ്ഥാനതല പരിപാടി സമസ്ത ഓണ്‍ലൈന്‍ ചാനല്‍ വഴി നാളെ രാവിലെ ഒന്‍പതിന് സംപ്രേഷണം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനാകും. മറ്റു പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. യാസീന്‍ സൂറഃ പാരായണം ചെയ്തുകൊണ്ടാണ് പ്രാര്‍ഥന നടക്കുന്നത്.
സമസ്ത ഓണ്‍ലൈന്‍ ചാനല്‍, യൂട്യൂബ്, വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, ദര്‍ശന ടി.വി എന്നിവയില്‍ പരിപാടി ലഭ്യമാവും. പ്രാര്‍ഥനാ ദിനം പ്രമാണിച്ച് നാ ളെ സമസ്ത ഓണ്‍ലൈന്‍ മദ്റസയ്ക്ക് അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."