മെറിറ്റിനെ 'വിഴുങ്ങി' മുന്നോക്ക സംവരണം; എന്‍ജിനീയറിങ് മോപ് അപ് റൗണ്ടിലും അസന്തുലിതാവസ്ഥ
തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നോക്ക സംവരണം നടപ്പാക്കിയതിലെ അശാസ്ത്രീയത ആവര്‍ത്തിച്ച് വ്യക്തമാക്കി കീം എന്‍ജിനിയറിങ് മോപ് അപ് റൗണ്ടിലെ അവസാന റാങ്ക് പട്ടിക പുറത്തിറങ്ങി. എന്‍ട്രന്‍സ് കമ്മിഷണര്‍ പുറത്തിറക്കിയ പട്ടികയില്‍ മുന്നോക്ക സംവരണത്തിലെ റാങ്കുകളും പിന്നോക്ക റാങ്കുകളും (ഒ.ബി.സി) തമ്മില്‍ ഭീമമായ അന്തരമാണുള്ളത്. വിവിധ വിഭാഗങ്ങള്‍ക്കുള്ള സംവരണങ്ങളുടെ അസന്തുലിതാവസ്ഥയും റാങ്ക് പട്ടികയില്‍ പ്രകടമാണ്.
സംസ്ഥാനത്തെ എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോഴാണ് മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയതിലെ അസന്തുലിതാവസ്ഥ ആവര്‍ത്തിച്ച് വ്യക്തമായത്. 10 ശതമാനം ജനറല്‍ സീറ്റുകളെയാണ് ഇ.ഡബ്ല്യു.എസ് (ഇക്കണോമിക് വീക്കര്‍ സെക്ഷന്‍സ്) മുന്നോക്ക സംവരണം 'വിഴുങ്ങിയത'്. മറ്റുസംവരണ വിഭാഗക്കാരുടെ പ്രാതിനിധ്യത്തെയും ഇത് പ്രതികൂലമായി ബാധിച്ചു.
എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള മോപ് അപ് അലോട്ട്‌മെന്റിലാണ് മുന്നോക്ക സംവരണത്തിന്റെ അശാസ്ത്രീയത ഏറ്റവുമൊടുവില്‍ പ്രതിഫലിച്ചിട്ടുള്ളത്. കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളജില്‍ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്‌സിലേക്ക് നടന്ന മോപ് അപ്പ് അലോട്ട്‌മെന്റില്‍ 13,711ാം റാങ്കുകാരന്‍ വരെയാണ് സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റില്‍ പ്രവേശനം നേടിയത്. ഇതേ ലിസ്റ്റില്‍ ഈഴവ വിഭാഗത്തിലെ 19,864ാം റാങ്കുകാരനുവരെ മാത്രമേ പ്രവേശനം ലഭിച്ചുള്ളൂ.
മുസ്‌ലിം വിഭാഗത്തിലാവട്ടെ 14,720 ആണ് അവസാന റാങ്ക്. മറ്റുപിന്നോക്ക ഹിന്ദു വിഭാഗങ്ങളില്‍ 19,906 വരെയുള്ള റാങ്കുകാരും പ്രവേശനം നേടി. എന്നാല്‍, ഇതേ ലിസ്റ്റില്‍ 26,982ാം റാങ്കുകാരനായ മുന്നോക്കക്കാരനും പ്രവേശനം ലഭിച്ചു.
ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനിയറിങ് കോളജില്‍ സിവില്‍ എന്‍ജിനിയറിങ് കോഴ്‌സിലേക്കുള്ള അലോട്ട്‌മെന്റില്‍ 12,783ാം റാങ്കുവരെയാണ് സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റില്‍ ഇടം നേടിയത്. ഇതേ ലിസ്റ്റില്‍ ഈഴവ വിഭാഗത്തിലെ 13,124ാം റാങ്കുകാരനു വരെ മാത്രമേ പ്രവേശനം ലഭിച്ചുള്ളൂ. മുസ്‌ലിം വിഭാഗത്തില്‍ 13,134 ആണ് പ്രവേശനാവസരം നേടിയ അവസാനറാങ്ക്. മറ്റുപിന്നോക്ക ഹിന്ദു വിഭാഗങ്ങളില്‍ 17,091 വരെയുള്ള റാങ്കുകാരും അവസരം നേടി. എന്നാല്‍ ഇതേ ലിസ്റ്റില്‍ 23,283ാം റാങ്കുകാരനായ മുന്നോക്കക്കാരനും പ്രവേശനം ലഭിച്ചു.
സീറ്റുകള്‍ തീരെ കുറഞ്ഞതും ആവശ്യക്കാര്‍ ഏറിയതുമായ ആര്‍ക്കിടെക്ചര്‍ കോഴ്‌സിന്റെ കാര്യവും വിഭിന്നമല്ല. കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ 180ാം റാങ്കുകാര്‍ വരെയാണ് മോപ് അപ് റൗണ്ടില്‍ മെറിറ്റിലെത്തിയത്. ഈഴവ വിഭാഗത്തില്‍ 371 വരെ കടന്നുകൂടി. എന്നാല്‍ 1,342ാം റാങ്കുകാരനും ഇ.ഡബ്ല്യു.എസ് വിഭാഗത്തില്‍ പ്രവേശനം ലഭിച്ചു. ഇങ്ങനെ എല്ലാ കോളജുകളിലെ കോഴ്‌സുകളിലും മുന്നോക്ക സംവരണക്കാരുടെ മേല്‍ക്കൈ വ്യക്തമാണ്.
പ്ലസ് ടു മുതല്‍ എല്‍.എല്‍.ബി വരെ ഇതിനകം സംസ്ഥാനത്തുനടന്ന ഏകജാലക പ്രവേശനങ്ങളിലും ഇത്തരത്തിലുള്ള സംവരണ അസന്തുലിതത്വം പ്രകടമാണ്. സംസ്ഥാനത്ത് 20 ശതമാനത്തോളം ജനസംഖ്യ വരുന്ന മുന്നോക്കക്കാര്‍ക്കായി 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതിലെ അശാസ്ത്രീയതയാണ് ഇതിനുകാരണം. സാമ്പത്തിക സംവരണത്തിന് ഉദാരവ്യവസ്ഥകള്‍ വെച്ചിട്ടുപോലും വേണ്ടത്ര അപേക്ഷകരില്ലാതെ പ്ലസ് ടുവിനും എല്‍.എല്‍.ബിക്കും സീറ്റു ബാക്കിയായതും ശ്രദ്ധേയമാണ്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പ്രവേശനത്തിലും പല കോഴ്‌സ്, കോളജ് കോംപിനേഷനുകളിലും മുന്നോക്ക സംവരണത്തിന് അപേക്ഷകരില്ല. ഈഴവ, മുസ്‌ലിം, മറ്റു പിന്നോക്ക ഹിന്ദു, ലത്തീന്‍ ക്രൈസ്തവര്‍ എന്നിങ്ങനെയുള്ള സംവരണ വിഭാഗങ്ങളെക്കാള്‍ വളരെ താഴ്ന്ന റാങ്കുള്ള ഇ.ഡബ്ല്യു.എസ്‌കാരും അനായാസം പ്രവേശനം നേടുന്നതാണ് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."