ആന്തൂരും ഒരു റിപ്പബ്ലിക്കാണ്!
കോണ്‍ഗ്രസിനു തല്‍ക്കാലം ആശ്വസിക്കാം, തല്‍ക്കാലത്തേയ്ക്കു മാത്രം. നിദ്ര നിശയിങ്കല്‍പോലുമില്ലാതെ, രാപ്പകല്‍ തലപുണ്ണാക്കി ഇപ്പോള്‍ ഒരാളെ കണ്ടെത്തിയിരിക്കുന്നു. എന്തിനെന്നല്ലേ, ലോക്‌സഭയില്‍ പാര്‍ട്ടിയുടെ നേതാവാകാന്‍. പ്രതിപക്ഷനേതാവാകാനാകില്ല. അതിനിനിയും വേണം മൂന്നു സീറ്റുകൂടി.
കോണ്‍ഗ്രസുകാര്‍ സ്ഥാനമോഹികളാണെന്നു പറഞ്ഞു പണ്ടുമുതലേ മാലോകരെല്ലാം അവരെ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ക്കും സംശയം നീങ്ങിക്കിട്ടി. ലവലേശം സ്ഥാനമോഹികളല്ല കോണ്‍ഗ്രസുകാര്‍. നേതൃത്വം ഉന്നതസ്ഥാനമാനങ്ങള്‍ ചുമലില്‍ വച്ചുകെട്ടാന്‍ ശ്രമിച്ചിട്ടും സ്വീകരിക്കാതെ ഓടിരക്ഷപ്പെടുകയാണവര്‍. ആര്‍ക്കും വേണ്ട ലോക്‌സഭയിലെ നേതൃസ്ഥാനം.
ഒടുവില്‍, ആ ബാധ്യത എത്തിച്ചേര്‍ന്നിരിക്കുന്നത് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ചുമലിലാണ്. പശ്ചിമബംഗാളിലെ ബെര്‍ഹാംപൂരില്‍ നിന്നു ജയിച്ചകയറിയ നേതാവാണ് ഈ ഹതഭാഗ്യന്‍. കക്ഷി ഭേദപ്പെട്ട ആളാണെന്നു തോന്നുന്നു. അഞ്ചു തവണ എം.പിയായിട്ടുണ്ട്. ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച സുനാമിക്കിടയില്‍, മമതയും സി.പി.എമ്മും ഉയര്‍ത്തിയ ഭീഷണിക്കിടയില്‍ പോരാടി ജയിക്കണമെങ്കില്‍ ആള്‍ ചില്ലറക്കാരനായിരിക്കില്ലല്ലോ.
ലേക്‌സഭയിലേയ്‌ക്കൊരു നായകനെ കിട്ടിയതുകൊണ്ടു മാത്രം കോണ്‍ഗ്രസിലെ പ്രശ്‌നം തീരുന്നില്ല. വേറെയുമുണ്ട് കീറാമുട്ടി. അതു കുറേക്കൂടി കടുകട്ടിയാണ്. ലോക്‌സഭയില്‍ നായകനുണ്ടായാല്‍, രാജ്യത്തു പാര്‍ട്ടിയെ നയിക്കാന്‍ ആളാകില്ലല്ലോ. അതിനാണിപ്പോള്‍ ആളില്ലാത്തത്.
കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി നായകനും രാജ്യനായകനുമൊക്കെയായി സ്വപ്നം കണ്ടു വളര്‍ത്തിവലുതാക്കിയ രാഹുല്‍ജി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ മനംമടുത്തു പിന്‍വാങ്ങിയിരിക്കയാണ്. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം താന്‍ രാജ്യം മുഴുവന്‍ ഓടിനടന്നു
മുഴക്കിയിട്ടും അത് ഏറ്റുവിളിക്കാന്‍ പോലും ഒരു നേതാവിനെയും കിട്ടാതെ പോയ കെറുവിലാണു രാഹുല്‍ജി.
അതിനാല്‍, ഇനിയും ആ നുകം ചുമക്കാന്‍ വയ്യെന്ന ഉറച്ച നിലപാടിലാണദ്ദേഹം. രാഹുല്‍ മാറിയാല്‍ ആ കസേരയിലിരിക്കാന്‍ ആഗ്രഹമുള്ളവര്‍ ധാരാളമുണ്ടാകുമെന്നു നമുക്കറിയാം. എന്നാല്‍, അവരെ പിന്താങ്ങാന്‍ അതേ മോഹമുള്ള സഹപ്രവര്‍ത്തകരിലാരും തയ്യാറാകില്ലല്ലോ. അതിനാല്‍, ആ കസേര ഒഴിഞ്ഞു തന്നെ കിടക്കുകയാണ്.
*** *** ***
ഇന്ത്യ ഒരു റിപ്പബ്ലിക്കാണെന്ന് എല്ലാവര്‍ക്കുമറിയാം. ഏതാനും കൊല്ലം മുമ്പ് ആലുവയിലെങ്ങാനും ഏതോ അടിപിടിക്കേസോ തര്‍ക്കമോ ഉണ്ടായിരുന്നപ്പോള്‍ നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി പറഞ്ഞ ഞെട്ടിപ്പിക്കുന്ന ഒരു സത്യമുണ്ട്. ആലുവ ഒരു സ്വതന്ത്രറിപ്പബ്ലിക്കല്ല എന്നാണദ്ദേഹം പറഞ്ഞത്. രാഷ്ട്രമീമാംസാ ശാസ്ത്രജ്ഞരില്‍പ്പോലും ഇത്രയും അമ്പരപ്പുളവാക്കിയ ചിന്തോദ്ദീപകമായ മറ്റൊരു പ്രസ്താവന അവരിതുവരെ കേട്ടുകാണില്ല; കണ്ടുകാണില്ല.
എന്നാല്‍ മുഖ്യമന്ത്രി അറിയണം. ഇന്ത്യയിലൊരു സ്വതന്ത്രറിപ്പബ്ലിക്കുണ്ട്. ആന്തൂരെന്നാണ് ആ സ്ഥലത്തിന്റെ നാമധേയം. പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം. ആന്തൂര്‍ നഗരസഭയില്‍ പ്രതിപക്ഷമെന്നൊരു പക്ഷമേ ഇല്ലത്രേ. എങ്ങനെ ഉണ്ടാവാനാണ്, മത്സരിച്ചെങ്കിലല്ലേ ജയിക്കാന്‍ പറ്റൂ.
തെരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരുമൊക്കെ എവിടെയായിരുന്നുവെന്നു തെക്കന്‍ കേരളക്കാര്‍ സംശയിച്ചേക്കാം. അതിന്റെ കാരണം വടക്കന്‍ കേരളക്കാര്‍ക്ക് അറിയാം. ഇന്ത്യാമഹാരാജ്യം പണ്ടു ഭരിച്ച കോണ്‍ഗ്രസിനും ഇപ്പോള്‍ ഭരിക്കുന്ന ബി.ജെ.പിക്കും ആന്തൂര്‍ റിപ്പബ്ലിക്കില്‍ തലയുയര്‍ത്താനാകില്ല.
ആ ആന്തൂരാണിപ്പോള്‍ വാര്‍ത്തയിലെ താരം. തന്റെ കണ്‍വന്‍ഷന്‍ സെന്ററിനു നഗരസഭയില്‍ നിന്നു പ്രവര്‍ത്തനാനുമതി കിട്ടാത്തുകൊണ്ടാണത്രെ, പ്രവാസിയായ സാജന്‍ എന്ന വ്യവസായി ആത്മഹത്യ ചെയ്യുകയുണ്ടായി. നക്കാപ്പിച്ചാ കാര്യത്തിനു മുട്ടാപ്പോക്കു പറഞ്ഞ് ഉദ്യോഗസ്ഥരും നഗരസഭാ ചെയര്‍പേഴ്‌സണും സാജനെ ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്നാണു സാജന്റെ ഭാര്യ പറയുന്നത്.
അതു ശരിയാകാന്‍ പൂര്‍ണസാധ്യതയുണ്ട്. ഭര്‍ത്താവു മരിച്ചു കിടക്കെ, ഹൃദയം നൊന്തു പൊട്ടിക്കരയുന്ന ഭാര്യക്ക് ആ സമയത്തു കള്ളം പറയാനാകില്ലെന്നാണു മനഃശാസ്ത്രതത്വം. പക്ഷേ, അധ്യക്ഷക്ക് അതില്‍ പങ്കില്ലെന്നാണു വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയുന്നത്.
ഒരന്വേഷണവും നടത്താതെയുള്ള കണ്ടെത്തല്‍! ഭേഷ്. കുറ്റം ഉദ്യോഗസ്ഥര്‍ക്ക്. നാലുദ്യോഗസ്ഥരെ തിരുവനന്തപുരത്തേയ്ക്കു ടി.എ, ഡി.എ നല്‍കി വിളിച്ചുവരുത്തി സസ്‌പെന്റ് ചെയ്തു. നഗരസഭാധ്യക്ഷ കുറ്റക്കാരിയല്ലെന്ന് അന്വേഷണമൊന്നും നടത്താതെ നിഗമനത്തിലെത്തുന്നത് എവിടുത്തെ ഏര്‍പ്പാടാണ്, മൂല്യനിര്‍ണയം നടത്താതെ വിദ്യാര്‍ഥി ജയിച്ചോ തോറ്റോയെന്നു തീരുമാനിക്കാറില്ലല്ലോ.
അല്ലെങ്കിലും പണ്ടു മുതലേ അങ്ങനെയാണ്. ആളു നമ്മുടേതെങ്കില്‍ കുറ്റം കുറ്റമല്ലാതാകും. മറിച്ചാണെങ്കില്‍ ശരി ചെയ്താലും കുറ്റം കണ്ടെത്തും. വൈരുധ്യാത്മകം തന്നെ! ഒരാള്‍ മരിച്ചാല്‍ അത് ഒറ്റപ്പെട്ട സംഭവം. രണ്ടാമതൊരാള്‍ ഇതേ സന്ദര്‍ഭത്തില്‍ മരിച്ചാല്‍ അതും ഒറ്റപ്പെട്ടത്. ഇനിയുമൊരാള്‍ ഇതേ കാരണത്താല്‍ മരിച്ചാലോ അതും ഒറ്റപ്പെട്ടത്.
ശബ്ദതാരാവലിയില്‍ ഒറ്റപ്പെട്ടത് എന്ന വാക്കിന്റെ അര്‍ഥം ഒന്നു നോക്കിവേണം ഇനിമേല്‍ ഈ വാക്കുപയോഗിക്കല്‍ എന്നു താഴ്മയോടെ അപേക്ഷിക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ചെയ്തതു തെറ്റാണോ എന്ന് തോന്നിപ്പോകും ഏതൊരാള്‍ക്കും. 1992ല്‍ 73 ാം ഭേദഗതിയോടെ അധികാരം ജനങ്ങളിലേയ്ക്ക് എന്നു വലിയ വായില്‍ പറഞ്ഞു പാസാക്കിയ പഞ്ചായത്തീരാജ് ആക്ടിന്റെ ലക്ഷ്യം ആളെ കൊലയ്ക്കു കൊടുക്കലാണോയെന്നുപോലും തോന്നിപ്പോകുന്നു.
കേന്ദ്രത്തിലേയ്ക്കും സംസ്ഥാനങ്ങളിലേയ്ക്കും ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്തണമെന്നാണല്ലോ രാഷ്ട്രപതി പറഞ്ഞത്. അതു പോരാ സാര്‍, ആന്തൂര്‍ റിപ്പബ്ലിക്കിലേയ്ക്കും ഇതിനൊപ്പം തെരഞ്ഞെടുപ്പു നടക്കണം.
*** *** ***
കുറേനാള്‍ മുമ്പ് ആരോ ഫേസ്ബുക്കില്‍ എഴുതിയത് ഓര്‍ക്കുന്നു. ഈ കുറിപ്പില്‍ പരാമര്‍ശിച്ച വ്യക്തിക്കു ചാര്‍ത്തിയ വിശേഷണം സഖാവ് എന്നായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെന്നു മേനി നടിക്കുന്ന, ഇപ്പോഴത്തെ 542 അംഗ ലോക്‌സഭയില്‍ പെരുമയാര്‍ന്ന മൂന്നു സീറ്റുള്ള പാര്‍ട്ടിയുടെ കേരളഘടകത്തിന്റെ സെക്രട്ടറിയുടെ സീമന്തപുത്രന്‍ ബിനോയ് ആണ് അന്ന് ആ വിശേഷണത്തിന് അര്‍ഹനായ ആള്‍.
ബിനോയിയെ സഖാവെന്ന് ആരെങ്കിലും വിളിച്ചാല്‍ അതില്‍ ബിനോയ് തെറ്റുകാരനാണെന്നു പറയാനാകില്ല. എങ്കിലും അന്നത് വായിച്ചപ്പോള്‍, തലച്ചോറിലെ ന്യൂറോണുകള്‍ ക്രമം തെറ്റി വ്യവഹരിച്ചതുകൊണ്ടാകാം, ചെറുതല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു.
മാര്‍ക്‌സ്, എംഗല്‍സ് എന്നീ സൈദ്ധാന്തികരെയും സോവിയറ്റ് യൂനിയന്റെ ശില്‍പ്പിയായ ലെനിനെയു ഗറില്ലാ പോരാളിയായ ചെ ഗുവേരയെയും വിപ്ലവ ചൈനയുടെ സൃഷ്ടാവ് മാവോയെയും ഇന്ത്യന്‍ ചെ ഗുവേരയെന്നറിയപ്പെടേണ്ട ചാരുമജുംദാറെയും ഇങ്ങു കേരളത്തിലെ എ.കെ.ജി, ഇ.എം.എസ്, കൃഷ്ണപ്പിള്ള, അഴീക്കോടന്‍ രാഘവന്‍ തുടങ്ങിയവരെയുമെല്ലാം പറ്റി സാമാന്യമായ അറിവുണ്ട്.
അവരുടെയൊക്കെ പേരിനുമുമ്പു ചേര്‍ക്കുന്ന സഖാവ് എന്ന വിശേഷണത്തിന് ആ വ്യക്തികളുടെ പ്രഭാവം മൂലം അലങ്കാരം വര്‍ധിക്കുമായിരുന്നു. കാരണം, വിശേഷണത്തെ അതിജയിക്കുന്ന വ്യക്തിത്വങ്ങളായിരുന്നു അവര്‍. അതേസമയം, ഫേസ്ബുക്കില്‍ വിശേഷിപ്പിക്കപ്പെട്ട വ്യക്തി എങ്ങനെയാണു സഖാവാകുന്നതെന്നു ബോധ്യംവരുന്നേയില്ല.
അതുപോകട്ടെ, സാമൂഹ്യമായ വേറൊരു വിഷയം വായുവില്‍ ചുറ്റിപ്പറ്റി നടക്കുന്നുണ്ട് അദ്ദേഹവുമായി ബന്ധപ്പെട്ട്. പൊലിസിന്റെയും മൊഴിയുടെയും എഫ്.ഐ.ആറിന്റെയും രൂപത്തില്‍. കുറ്റം ചെയ്തിട്ടുണ്ടോ, ചെയ്തിട്ടുണ്ടെങ്കില്‍ അതു കുറ്റമാണോ എന്നൊന്നും പറയാന്‍ ഞാനാളല്ല. പൊലിസ് നിയമപരമായി ഇപ്പോള്‍ എന്തൊക്കെ ചെയ്യുന്നുവോ, അതുമായി സഹകരിക്കുക. അങ്ങനെയാണ് ഒരാള്‍ അയാളുടെ പൗരധര്‍മം നിര്‍വഹിച്ചു മറ്റൊരാള്‍ക്കു മാതൃകയാവുന്നത്. നിയമത്തിനു വഴങ്ങിയാല്‍, ഒരുപക്ഷേ നീതിയുടെ സൂര്യന്‍ താങ്കളുടെ മേല്‍ പ്രകാശം ചൊരിഞ്ഞേയ്ക്കാം. അല്ലെങ്കില്‍ മാലോകര്‍ക്കു പണിയാകും. ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയോ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയോ ചെയ്താല്‍ ഏതൊരു സാധാരണ പൗരനും ആ വ്യക്തിയെ അറസ്റ്റ് ചെയ്തു പൊലിസിനു കൈമാറാം. സി.ആര്‍.പി.സി സെക്ഷന്‍ 43 അനുസരിച്ച് അതിന് ആര്‍ക്കും അധികാരമുണ്ട്.
അതിനിടവരുത്തരുതെന്നാണ് ഈ സഖാവിനോടു പറയാനുള്ളത്. അന്താരാഷ്ട്ര നീതിന്യായക്കോടതിയുടെ പ്രവേശനകവാടത്തില്‍ കൊത്തിവച്ച ഒരു മഹദ് വചനമുണ്ട്: 'നീതിയുടെ സൂര്യന്‍ നിങ്ങളുടെ മേല്‍ പ്രകാശം ചൊരിയട്ടെ.'
*** *** ***
പണ്ട് ആളുകള്‍ കാല്‍നടയായാണു യാത്ര ചെയ്തിരുന്നത്. പിന്നെ യാത്ര മൃഗങ്ങളുടെ പുറത്തുകയറിയായി. ചക്രങ്ങള്‍ കണ്ടുപിടിച്ചതോടെ ചെറുവാഹനങ്ങളിലായി. പിന്നെ യന്ത്രവത്കൃതവാഹനത്തിലായി. ദൂരത്തെ വേഗതകൊണ്ടു കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന ആധുനികോത്തര ലോകമാണിത്.
കല്ലട ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്നൊരു സ്ഥാപനമുണ്ട് കൊച്ചിയില്‍. ഒരു പാവം സുരേഷാണ് ഉടമ. എങ്കിലും, മാലോകരോട് ഒരഭ്യര്‍ഥന, നല്ലൊരു തുകയ്ക്ക് ഇന്‍ഷൂറന്‍സ് എടുത്തശേഷമേ ആ ബസ്സില്‍ കയറാവൂ. കുടുംബം വഴിയാധാരമാകരുതല്ലോ. യാത്രക്കാരോട് അപമര്യാദയായി പെരുമാറല്‍, യാത്രക്കാരുടെ പ്രാഥമികാവശ്യങ്ങള്‍ നിഷേധിക്കല്‍, അമിതചാര്‍ജ് ഈടാക്കല്‍, റിസര്‍വ് ചെയ്ത യാത്രക്കാരനുപോലും തറയിലിരുന്നു യാത്ര ചെയ്യേണ്ടി വരല്‍ തുടങ്ങിയ ക്രൂരവിനോദങ്ങള്‍ ധാരാളം. യാത്രയില്‍ സ്ത്രീകളെ വിളിച്ചുണര്‍ത്തുന്നത് അവരുടെ ശരീരത്തിന്റെ ഇവിടെ പരാമര്‍ശിക്കാന്‍ പറ്റാത്ത ഭാഗങ്ങളില്‍ തട്ടിയാണ്.
നമ്മുടെ പ്രശ്‌നം സുരേഷ് കല്ലടയോ അദ്ദേഹത്തിന്റെ ബസ്സോ അല്ല. കല്ലടയെ നമ്മള്‍ ബന്ധപ്പെടുന്നത് നാട്ടിലെ നിയമമെന്ന കണ്ണിയിലൂടെയാണ്. ആ നിയമം ഇവിടെ ലംഘിക്കപ്പെടുന്നുവെന്നതാണു പ്രശ്‌നം. നിയമലംഘകര്‍ ശിക്ഷിക്കണം. ശിക്ഷിക്കേണ്ടവര്‍ കണ്ണടയ്ക്കുന്നുവെന്നതാണു പ്രശ്‌നം.
സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഹെല്‍മെറ്റിടാതെ വാഹനമോടിക്കുക, ഇടതുവശത്തിലൂടെ ഓവര്‍ടേയ്ക്ക് ചെയ്യുക, ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതിരിക്കുക, ഹെഡ്‌ലൈറ്റില്‍ കറുത്ത വൃത്തമില്ലാതിരിക്കുക, ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, സീബ്രാ ക്രോസ്സില്‍ വാഹനം നിര്‍ത്തിയിടുക തുടങ്ങിയ മഹാപരാധങ്ങള്‍ ചെയ്യുന്ന സാധാരണക്കാരെ ശിക്ഷിക്കാന്‍ നിയമത്തിനു രാവണന്റെ തലയാണ്. കല്ലടയുടെ ബസ്സിന്റെ പെര്‍മിറ്റോ ഡ്രൈവറുടെ ലൈസന്‍സോ റദ്ദാക്കാന്‍ വിറയ്ക്കും.
കണ്ണുകള്‍ അടച്ചുപൂട്ടി വേണം നിയമം നടപ്പിലാക്കാന്‍. തുറന്നുവച്ചാല്‍ പലതരം പ്രലോഭനങ്ങള്‍ക്കു വിധേയരാവും. അപ്പോള്‍ നീതി നടപ്പാവില്ല. നീതി ദേവതയുടെ കണ്ണുകള്‍ മറച്ചുവച്ചതിന്റെ പൊരുള്‍ മറ്റൊന്നല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."