കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്ക് താല്പര്യം പ്രകടിപ്പിച്ച് ട്രംപ്
വാഷിങ്ടണ്‍: കൊറിയന്‍ ഉപദ്വീപിനെ വടക്കുംതെക്കുമായി വിഭജിക്കുന്ന സൈനികമുക്ത മേഖലയില്‍വച്ച് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി സംസാരിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി20 ഉച്ചകോടിക്കു ശേഷം ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശനത്തിലാണ്. ഇതിനിടെ ഉത്തര കൊറിയയുമായും ചര്‍ച്ചക്ക് സാധ്യതയുണ്ടോ എന്നാണ് അദ്ദേഹം നോക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ട്രംപ് തന്റെ താല്പര്യം അറിയിച്ചത്.
കിമ്മുമായി സംസാരിക്കാമെന്നത് പെട്ടെന്നു തോന്നിയ ഒരാശയമായിരുന്നെന്ന് ട്രംപ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കിമ്മിന്റെ അഭിപ്രായം അറിയാന്‍ വേണ്ടി ഇട്ട ട്വീറ്റാണത്. അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ ഉത്തര കൊറിയയില്‍ ഉണ്ടായിരിക്കണമെന്നില്ല. അദ്ദേഹം അവിടെയുണ്ടെങ്കില്‍ രണ്ടുമിനിറ്റ് നേരത്തേക്ക് ഒന്ന് കാണാം, അത്രമാത്രം- ട്രംപ് പറഞ്ഞു. അതേസമയം ട്രംപിന്റെ ക്ഷണത്തോട് സന്തോഷത്തോടെ പ്രതികരിച്ച ഉത്തര കൊറിയ, തങ്ങള്‍ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു.
ഇരു നേതാക്കളും തമ്മില്‍ നേരത്തെ രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം ഉത്തരകൊറിയ ആയുധ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ ട്രംപ് മൃദു സമീപനമാണ് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."