സംസ്ഥാനത്ത് കായിക സര്‍വകലാശാല സ്ഥാപിക്കും: ടി.പി ദാസന്‍
കോഴിക്കോട്: സംസ്ഥാനത്ത് കായിക സര്‍വകലാശാല സ്ഥാപിക്കുന്നതിനും സ്‌പോര്‍ട്‌സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍. സ്‌പോര്‍ട്‌സ് മെഡിസിന്‍, സ്‌പോര്‍ട്‌സ് സൈക്കോളജി, സ്‌പോര്‍ട്‌സ് പരിശീലകര്‍ക്കായുള്ള ട്രെയിനിങ്, സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകളെല്ലാം അടങ്ങിയ സര്‍വകലാശാലയാണ് പദ്ധതിയിലുള്ളതെന്നും അദ്ദേഹം കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു. കായിക സര്‍വകലാശാല എവിടെ സ്ഥാപിക്കുമെന്ന് തീരുമാനമായിട്ടില്ല. എങ്കിലും പദ്ധതി പൂര്‍ത്തീകരിക്കും. ഒളിംപിക്‌സില്‍ പങ്കെടുത്ത് നേട്ടംകൊയ്യുന്ന മലയാളി താരങ്ങള്‍ക്ക് ക്യാഷ്‌പ്രൈസ് ഏര്‍പ്പെടുത്തും. ഒളിംപിക്‌സിനായി താരങ്ങള്‍ തിരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും.
മികച്ച കായിക താരങ്ങളെ വളര്‍ത്തിയെടുക്കുക എന്നതിലുപരി കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുകയാണ് സ്‌പോര്‍ട്‌സ് പാഠ്യപദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. 20ശതമാനം കുട്ടികള്‍ മാത്രമാണ് കായിക ക്ഷമതയുള്ളത്. ഇതിന് പരിഹാരം സ്‌പോര്‍ട്‌സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. ഇതിന് മാര്‍ക്കും നിശ്ചയിച്ചാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഗൗരവമായി കാണുകയും ചെയ്യും.
ഫുട്‌ബോളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും പരിശീലനത്തിനും പ്രത്യേക പ്രാധാന്യം നല്‍കും. സ്‌കൂള്‍ കായിക മേളകളില്‍ നേട്ടംകൊയത് വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനത്തുക ശരിയായ രീതില്‍ കഴിഞ്ഞ സര്‍ക്കാര്‍ വിതരണം ചെയ്തില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കൊടുത്ത് തീര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മീറ്റ് ദ പ്രസില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് കെ.ജെ മത്തായി, കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍വരദൂര്‍, സെക്രട്ടറി എന്‍ രാജേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."