ആകാശവാണി വില്‍പനയ്ക്ക്
ആകാശവാണി... കോഴിക്കോട്/തൃശൂര്‍/ആലപ്പുഴ...
നമ്മുടെ വീട്ടിലെ റേഡിയോയിലൂടെ ഈ വാക്കുകള്‍ ഇനി ഏറെനാള്‍ കേള്‍ക്കില്ല. മറ്റു ഭാഷക്കാരും ദേശക്കാരും അവരുടെ നാട്ടിലെ ആകാശവാണി നിലയങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും പരിപാടികളും ഇനി ഏറെക്കാലം കേള്‍ക്കില്ല. കാരണം, ഈ നിലയങ്ങളെല്ലാം അടച്ചുപൂട്ടാന്‍ തീരുമാനിച്ചു കഴിഞ്ഞു.
അറുക്കാന്‍ തിയതി നിശ്ചയിച്ച ഉരുക്കളെപ്പോലെയാണ് ഈ ആകാശവാണി നിലയങ്ങള്‍. ആദ്യപട്ടികയിലെ നിലയങ്ങള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. അതില്‍പ്പെട്ട ആലപ്പുഴ നിലയത്തെ, ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാന്‍ പകുതി അറുത്തനിലയില്‍ നിര്‍ത്തിയിരിക്കുകയാണ്. ചത്തിട്ടില്ലെന്നേയുള്ളൂ, ജീവിക്കില്ലെന്നുറപ്പ്. കോഴിക്കോട് നിലയം അറുക്കല്‍ പട്ടികയില്‍ അഞ്ചാമത്തേതാണ്.
ഇത്രയും പ്രസാര്‍ഭാരതി പ്രഖ്യാപിച്ച കാര്യം. പ്രഖ്യാപിക്കാത്ത കാര്യം രാജ്യത്തെങ്ങുമുള്ള ആകാശവാണി എ.എം (ആംപ്ലിറ്റിയൂഡ് മോഡ്യുലേഷന്‍) നിലയങ്ങള്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവന്ന ഓരോ നഗരത്തിലെയും ഏക്കര്‍ കണക്കിനു കണ്ണായ സ്ഥലങ്ങള്‍ വിറ്റഴിക്കപ്പെടുമെന്നതാണ്.
വിമാനത്താവളങ്ങളുള്‍പ്പെടെ സ്വകാര്യകുത്തകകള്‍ക്കു തീറെഴുതുന്ന കേന്ദ്രസര്‍ക്കാര്‍ അതേ ചെയ്യൂ എന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്രസര്‍ക്കാരിന്റെ നയം സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കലായതിനാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്നു വ്യക്തമാക്കിയാണല്ലോ തിരുവനന്തപുരം വിമാനത്താവളം അദാനിക്കു നല്‍കിയ നടപടിക്കെതിരേയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹരജി കോടതി തള്ളിയത്.
ആകാശവാണി എ.എം നിലയങ്ങള്‍ അടച്ചുപൂട്ടുന്നതിന് പ്രസാര്‍ഭാരതി പറയുന്ന കാരണം സ്വകാര്യമേഖലയ്ക്ക് ആകാശവാണിയുടെ സ്വത്തുവില്‍ക്കലല്ല. എ.എം നിലയങ്ങള്‍ കാലഹരണപ്പെട്ടതും വളരെയേറെ ചെലവേറിയതുമാണെന്നതാണ് ന്യായീകരണം. മാത്രവുമല്ല, എ.എം നിലയത്തിന്റെ സാങ്കേതികഘടകങ്ങള്‍ വിപണിയില്‍ കിട്ടാനില്ലാത്തതിനാല്‍ ഇതേ രീതിയില്‍ പ്രവര്‍ത്തിച്ചാലും അതിന് ഏറെക്കാലം ആയുസ്സുണ്ടാകില്ലെന്നും പ്രസാര്‍ഭാരതി പറയുന്നു.
സമ്മതിക്കുന്നു, പൂര്‍ണമായും ശരിയാണ് ആ വാദം. എ.എം നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വാള്‍വ് സംവിധാനത്തെ ആശ്രയിച്ചാണ്. ഇന്ത്യയിലെ എ.എം സ്റ്റേഷനുകളിലെ വാള്‍വുകളുള്‍പ്പെടെയുള്ള സാങ്കേതികഘടകങ്ങളെല്ലാം കാലഹരണപ്പെട്ടതാണ്. പലതും പണിമുടക്കുമ്പോള്‍ സ്റ്റാന്‍ഡ് ബൈ ഉപയോഗിച്ചാണു തള്ളിനീക്കുന്നത്. കോഴിക്കോട് പോലുള്ള ആകാശവാണി നിലയങ്ങളില്‍ പകരം സംവിധാനം പോലുമില്ല. ദൈവസഹായം കൊണ്ടെന്നപോലെയാണു നടന്നുപോകുന്നത്. എ.എം സ്റ്റേഷന് ആവശ്യമായ വാള്‍വുള്‍പ്പെടെയുള്ള സാങ്കേതിക ഘടകങ്ങള്‍ ലോകത്തൊരിടത്തും ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നുമില്ല.
എ.എം സ്റ്റേഷന്‍ നടത്തിക്കൊണ്ടുപോകല്‍ താങ്ങാനാവാത്തതാണെന്ന പ്രസാര്‍ഭാരതിയുടെ വാദവും പൂര്‍ണമായും ശരിയാണ്. ഫ്രീക്വന്‍സി മോഡ്യുലേഷന്‍ (എഫ്.എം) നിലയങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടിയെങ്കിലും വൈദ്യുതിച്ചെലവും വരും. സാങ്കേതികപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണവും വളരെയേറെ വേണം. അതിനേക്കാള്‍ പ്രധാനം ട്രാന്‍സ്മിറ്ററുകളും മറ്റും സ്ഥാപിക്കാന്‍ ആവശ്യത്തിലേറെ സ്ഥലം വേണമെന്നതാണ്. ഇതൊക്കെയും ശരിയാണ്.
അതിനര്‍ഥം ആകാശവാണിയുടെ കഴുത്തു ഞെരിക്കണമെന്നാണോ.
സാങ്കേതിക വിദ്യ വളരുന്നതിനൊത്ത് ആകാശവാണിയെയും വളര്‍ത്താന്‍ ശ്രമിക്കുകയല്ലേ പ്രസാര്‍ഭാരതി ചെയ്യേണ്ടത്. റേഡിയോ പ്രക്ഷേപണരംഗത്തും ഡിജിറ്റല്‍ സാങ്കേതികവിദ്യ (ഡി.ആര്‍.എം) പ്രാവര്‍ത്തികമായിക്കഴിഞ്ഞു. പ്രസാര്‍ഭാരതി തന്നെ കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള പല ആകാശവാണി നിലയങ്ങളില്‍ ഇതു നടപ്പാക്കിയിട്ടുണ്ട്. അതിന് റോഡിയോ ഉള്ള വീടുകളില്‍ ടി.വിയുടെ സെറ്റ്‌ടോപ്പ് ബോക്‌സ് പോലെ റിസീവര്‍ വയ്ക്കണം. ഇതിനായി റേഡിയോ ഉപയോക്താക്കള്‍ക്ക് ഏതാനും ആയിരങ്ങള്‍ ചെലവുവരും. എങ്കിലും മികച്ച നിലവാരത്തില്‍ ലോകത്ത് എവിടെയുള്ള റേഡിയോ ശ്രോതാക്കള്‍ക്കും ഉപകാരപ്പെടുമെന്ന മെച്ചമുണ്ട്.
പണച്ചെലവു മൂലം ജനങ്ങള്‍ ആകാശവാണിയോട് മുഖം തിരിക്കുമെന്നും വലിയ പണച്ചെലവില്‍ മികച്ച സാങ്കേതികവിദ്യ നടപ്പാക്കി വരുമാനില്ലാതായാല്‍ കുത്തുപാളയെടുക്കുമെന്നുമൊക്കെയാണ് പ്രസാര്‍ഭാരതിയുടെ പേടിയെങ്കില്‍ അത്രയൊന്നും സാങ്കേതികമികവിലേയ്ക്കും ചെലവിലേയ്ക്കും പോകാതെയും പരിഹാരമുണ്ടല്ലോ.
പ്രസാര്‍ഭാരതിക്കു കീഴില്‍ ആകാശവാണിയുടെ എഫ്.എം നിലയങ്ങള്‍ മിക്കയിടത്തുമുണ്ട്. അവ നിലവിലുള്ള എ.എം സ്റ്റേഷനോടനുബന്ധിച്ചാണു പ്രവര്‍ത്തിക്കുന്നത്. എഫ്.എം നിലയങ്ങളുടെ ട്രാന്‍സ്മിഷന്‍ ടവറുകളിലാണ് മിക്ക സ്വകാര്യ എഫ്.എം നിലയങ്ങളുടെയും ട്രാന്‍സ്മിറ്റുകള്‍ ഉള്ളത്. ഉദാഹരണത്തിന് ആകാശവാണി കോഴിക്കോട് നിലയത്തിലെ ടവര്‍ ഉപയോഗിച്ചാണ് റേഡിയോ മാംഗോ, ക്ലബ് എഫ്.എം തുടങ്ങി നാലു സ്വകാര്യ എഫ്.എം നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഈ സൗകര്യം നിലവില്‍ എ.എം സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആകാശവാണി വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കു കൂടി നല്‍കിയാല്‍ ചെലവില്ലാതെ, നിലയങ്ങള്‍ അടച്ചുപൂട്ടാതെ തന്നെ പ്രശ്‌നപരിഹാരമാകും.
പക്ഷേ, കേന്ദ്രസര്‍ക്കാരോ പ്രസാര്‍ഭാരതിയോ സ്വമേധയാ അതു ചെയ്യുമെന്നു കരുതുന്നതു മൗഢ്യമാണ്. കാരണം, നിലവിലുള്ള എ.എം നിലയങ്ങള്‍ അടച്ചുപൂട്ടിയാല്‍ മിക്ക നഗരങ്ങളിലെയും കണ്ണായി ഇടങ്ങളിലായി ആയിരക്കണക്കിന് ഏക്കര്‍ സ്ഥലമാണ് വെറുതെയാകുന്നത്. വെറുതെ കിടക്കുന്ന ഭൂമി വിറ്റഴിക്കാന്‍, വിമാനത്താവളങ്ങള്‍ വരെ ഇഷ്ടദാനം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ മടിക്കുമെന്നു കരുതാവുന്നതല്ലല്ലോ. കോടതി തന്നെ വ്യക്തമാക്കിയ പോലെ സ്വകാര്യവല്‍ക്കരണം മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. അതു തൊട്ടു കളിക്കാന്‍ നീതിപീഠത്തിനു പോലുമാകില്ല.
അപ്പോള്‍ സംഭവിക്കുക, അദാനിമാരും അംബാനിമാരുമെല്ലാം ആകാശവാണി നിലയങ്ങള്‍ കൈപ്പിടിയിലൊതുക്കും. അവരുടെ അംബരചുംബികള്‍ അവിടങ്ങളില്‍ ഉയരും. വിറ്റില്ലല്ലോ പാട്ടത്തിനു കൊടുത്തതല്ലേ എന്നു ഭരണകൂടം കൈമലര്‍ത്തും.
ഒരു കാര്യമോര്‍ക്കുക.
ആകാശവാണികള്‍ വിഖ്യാത സാഹിത്യകാരന്മാര്‍ ഇരുന്ന സാംസ്‌കാരിക കേന്ദ്രങ്ങളാണ്. ഇപ്പോഴും ജനതയുടെ വികാരമാണ്. ടെലിവിഷന്‍ പ്രളയത്തില്‍പോലും ആകാശവാണി വാര്‍ത്തകള്‍ക്കും വാര്‍ത്താധിഷ്ഠിത, വിജ്ഞാന പരിപാടികള്‍ക്കായായി കാതോര്‍ക്കുന്നവരാണ് നാട്ടിന്‍പുറങ്ങളിലെയും നഗരങ്ങളിലെപ്പോലും ലക്ഷക്കണക്കിനു ശ്രോതാക്കള്‍.
അവരുടെ കാതുകള്‍ക്കു മുന്നിലാണ് പ്രസാര്‍ഭാരതി വന്മതില്‍ പണിയുന്നത്.
ഒരു നാടിന്റെ സാംസ്‌കാരിക പൈതൃകത്തെ, വികാരത്തെ തകര്‍ക്കുന്ന ക്രൂരനടപടിയാണ് ഈ അടച്ചുപൂട്ടല്‍.
ഇവിടത്തെ സാംസ്‌കാരിക നായകന്മാര്‍ അതു കാണുന്നില്ലല്ലോ എന്നതിലാണ് സങ്കടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."