പ്രവാസികളുടെ വീടുകള്‍ക്ക് നമ്പര്‍ നിഷേധിച്ച് വിളക്കുടി പഞ്ചായത്ത്
പത്തനാപുരം (കൊല്ലം): നിലംനികത്തി നിര്‍മിച്ച ബാറിന് അനുമതി നല്‍കിയ പഞ്ചായത്ത് രണ്ടു പ്രവാസികള്‍ നിര്‍മിച്ച വീടുകള്‍ക്ക് നമ്പര്‍ നിഷേധിക്കുന്നതായി പരാതി. പ്രവാസി സുഗതനെ ആത്മഹത്യയിലേക്ക് നയിച്ച് വിവാദത്തിലായ പത്തനാപുരം താലൂക്കിലെ വിളക്കുടി പഞ്ചായത്താണ് അയല്‍വാസികളായ രണ്ടു പ്രവാസികള്‍ക്ക് വീട്ടുനമ്പര്‍ നിഷേധിച്ചത്. ആവണീശ്വരം റെയില്‍വേ സ്റ്റേഷന് സമീപം ഷാജി മന്‍സിലില്‍ ഷാജഹാന്‍, വയലുവിളക്കടയില്‍ നാസറുദ്ദീന്‍ എന്നിവര്‍ക്കാണ് നമ്പര്‍ നിഷേധിക്കപ്പെട്ടത്.
പഞ്ചായത്തിന്റെ അനുമതി നേടി നിര്‍മിച്ച വീടുകള്‍ക്കാണ് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ വീട്ടുനമ്പര്‍ നല്‍കാത്തത്. 2009ല്‍ പെര്‍മിറ്റ് നേടി തുടങ്ങിയ ഷാജഹാന്റെ വീട് നിര്‍മാണം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നീണ്ടുപോയി. തുടര്‍ന്ന് 2012ല്‍ വീണ്ടും പഞ്ചായത്ത് പെര്‍മിറ്റ് പുതുക്കി നല്‍കിയിരുന്നു. 2015ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ആവശ്യമായ രേഖകളെല്ലാം സമര്‍പ്പിച്ചിട്ടും വീട്ടുനമ്പര്‍ നല്‍കിയില്ല.
23 വര്‍ഷമായി വിദേശത്ത് ജോലി ചെയ്ത സമ്പാദ്യവും ബാങ്ക് വായ്പയും ഉപയോഗിച്ചാണ് ആവണീശ്വരത്തെ ഇഷ്ടികച്ചൂളയ്ക്ക് സമീപത്തെ ആറു സെന്റില്‍ ഷാജഹാന്‍ വീടുവച്ചത്. വീട്ടുനമ്പരിനായുള്ള ശ്രമത്തിനിടെ വിദേശ ജോലിയും നഷ്ടമായി. വായ്പ അടയ്ക്കാതെ വന്നതോടെ കഴിഞ്ഞ ദിവസം വീട്ടില്‍ ബാങ്ക് ജപ്തി നോട്ടിസ് പതിച്ചു. വീട് വിറ്റ് കടം തീര്‍ക്കാനുള്ള ശ്രമം വീട്ടുനമ്പര്‍ ലഭിക്കാത്തതു കാരണം മുടങ്ങുകയും ചെയ്തു. ഇക്കാരണത്താല്‍ കുടുംബത്തിന് സ്വന്തമായി റേഷന്‍ കാര്‍ഡ് പോലും ലഭിച്ചിട്ടില്ലെന്ന് ഷാജഹാന്‍ പറയുന്നു.
ഗാര്‍ഹിക ഉപയോക്താവെന്ന പരിഗണന ഇല്ലാത്തതിനാല്‍ 4000രൂപ മുതല്‍ ആറായിരം വരെയാണ് വൈദ്യുതി ബില്‍. വയല്‍ നികത്തിയ ഭൂമിയില്‍ വീടുവച്ചതിനാലാണ് നമ്പര്‍ നല്‍കാത്തതെന്നാണ് പഞ്ചായത്ത് വിശദീകരണം. എന്നാല്‍ വസ്തുവിന്റെ രേഖകളും പ്ലാനും ഒക്കെ നല്‍കിയപ്പോള്‍ നിര്‍മാണത്തിന് അനുമതി നല്‍കിയത് എങ്ങനെയെന്ന ചോദ്യത്തിന് പഞ്ചായത്തിന് വിശദീകരണമില്ല. സമാനമാണ് അയല്‍വാസിയായ നാസറുദ്ദീന്റെ അനുഭവവും. ഇഷ്ടികച്ചൂളയ്ക്ക് ചെളിയെടുത്ത സ്ഥലത്ത് പെര്‍മിറ്റ് നേടിയാണ് നാസറുദ്ദീനും വീടു നിര്‍മാണം തുടങ്ങിയത്. വീട്ടുനമ്പര്‍ ലഭിക്കാതെ വന്നതോടെ ഇരുപ്രവാസി കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."