ചിഹ്നം നല്‍കിയില്ല; കൊല്ലം ഡി.സി.സി ആസ്ഥാനത്ത് സ്ഥാനാര്‍ഥികളുടെ പ്രതിഷേധം
കൊല്ലം: കൊല്ലത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പൊട്ടിത്തെറിയുടെ വക്കിലെത്തിയതോടെ ഡി.സി.സി ഓഫിസിന് മുന്നില്‍ സ്ഥാനാര്‍ഥികളുടെ പ്രതിഷേധം. ചിഹ്നം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ എഴുകോണ്‍ നാരായണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കെ.പി.സി.സി അംഗീകരിച്ച സ്ഥാനാര്‍ഥികള്‍ക്ക് ഡി.സി.സി നേതൃത്വം ചിഹ്നം നല്‍കുന്നില്ലെന്നാണ് പരാതി.
വിവിധ ബ്ലോക്ക് പഞ്ചായത്തിലേക്ക് വിമതരായി നാമനിര്‍ദേശ പത്രിക സമര്‍പിച്ച 12 പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചിഹ്നം നല്‍കാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.
മുല്ലപ്പള്ളിയുടെ കത്തുമായിട്ടായിരുന്നു ഇന്നലെ രാവിലെ സ്ഥാനാര്‍ഥികള്‍ ഡി.സി.സി ഓഫിസിലെത്തിയത്. എന്നാല്‍ ഘടകകക്ഷികള്‍ക്ക് അടക്കം നല്‍കിയ സീറ്റുകളാണെന്നും വിട്ടു നല്‍കാനാകില്ലെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ നിലപാടെടുത്തതോടെ സ്ഥാനാര്‍ഥികള്‍ ഡി.സി.സി പ്രസിഡന്റെിന്റെ ഓഫിസിന് മുന്നില്‍ നില്‍പുസമരം നടത്തി.
പ്രതിഷേധം തുടങ്ങിയതോടെ ബിന്ദു കൃഷ്ണ മറ്റൊരു വാഹനത്തില്‍ കയറി പുറത്തേയ്ക്ക് പോയി. കെ.പി.സി.സി തീരുമാനങ്ങള്‍ അംഗീകരിക്കുന്ന ആളാണ് താനെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുമെന്നും ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍.എസ്.പിക്ക് അടക്കം നല്‍കിയ സീറ്റുകളാണ് വിമതര്‍ക്ക് നല്‍കാന്‍ കെ.പി.സി.സി നിര്‍ദേശിച്ചത്. ഒരേ വാര്‍ഡില്‍ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചതിനെ തുടര്‍ന്നാണ് കൊല്ലത്ത് പ്രതിസന്ധി ഉടലെടുത്തത്. ഡി.സി.സി നിര്‍ദേശിച്ചവര്‍ തെരഞ്ഞെടുപ്പ് പ്രചാരണം പകുതി പിന്നിട്ടപ്പോള്‍ കെ.പി.സി.സി നിര്‍ദേശിച്ചവര്‍ക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കേണ്ടിയും വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."