എന്‍.ഐ.ടി പ്രവേശനത്തിലും സംവരണ അട്ടിമറി
മലപ്പുറം: രാജ്യത്തെ ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിലെ അലോട്ട്‌മെന്റ് പ്രക്രിയ അവസാനിപ്പിച്ചപ്പോള്‍ വെളിപ്പെട്ടത് വന്‍ സംവരണ അട്ടിമറി. സാമ്പത്തിക സംവരണം വഴി പട്ടികജാതി, മറ്റു പിന്നോക്ക വിഭാഗങ്ങളേക്കാള്‍ ആറിരട്ടിയിലധികം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കിയാണ് ആറ് റൗണ്ടുകളായുള്ള പ്രക്രിയയിലെ അവസാന അലോട്ട്‌മെന്റും പ്രഖ്യാപിച്ചത്. ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി(ജോസ) നടത്തിയ അലോട്ടുമെന്റിലാണ് പട്ടികജാതി, നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിലെ പിന്നോക്കക്കാര്‍ എന്നിവരെ മറികടന്ന് കുറഞ്ഞ മാര്‍ക്ക് നേടിയ മുന്നോക്ക വിഭാഗങ്ങള്‍ക്കുവരെ സാമ്പത്തിക സംവരണം വഴി സീറ്റ് നല്‍കിയത്. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍( ജെ.ഇ.ഇ) അഡ്വാന്‍സ്ഡ് റാങ്ക് അടിസ്ഥാനമാക്കി രാജ്യത്തെ 23 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികള്‍(ഐ.ഐ.ടി), ജെ.ഇ.ഇ മെയിന്‍ റാങ്ക് പട്ടിക പരിഗണിച്ച് 31 നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികള്‍(എന്‍.ഐ.ടി), 26 ഐ.ഐ.ഐ.ടി, 29 ജി.എഫ്.ടി.ഐ കൂടാതെ ഐ.ഐ.ഇ. എസ്.ടി എന്നിവയിലേക്ക് നടന്ന പ്രവേശന നടപടികളിലാണ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് വന്‍ സംവരണ - മെറിറ്റ് നഷ്ടങ്ങള്‍ ഉണ്ടാകുന്ന തരത്തില്‍ അലോട്ട്‌മെന്റ് നടന്നത്.
സംവരണ വിഭാഗത്തില്‍ ഒരോ വിഭാഗത്തിനും പ്രത്യേകം കാറ്റഗറി റാങ്കാണ് ജോസയിലുള്ളത്. ഇതുപ്രകാരം കാലിക്കറ്റ് എന്‍.ഐ.ടി ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ സാമ്പത്തിക സംവരണത്തിലൂടെ 1,101 ാമത്തെ വിദ്യാര്‍ഥിക്കുവരെ അലോട്ട്‌മെന്റ് ലഭിച്ചപ്പോള്‍ 173 ാമത്തെ ഒ.ബി.സി വിദ്യാര്‍ഥിക്കുവരെ മാത്രമേ പ്രവേശനം ലഭിച്ചുള്ളൂ. പട്ടികജാതി വിഭാഗത്തിലെ 184 ാമനുവരെ മാത്രം പ്രവേശനം ലഭിച്ച ഇവിടെ 185 ാമന്‍ പുറത്താണ്.
ബയോ ടെക്‌നോളജിയിലാകട്ടെ, കാലിക്കറ്റ് എന്‍.ഐ.ടിയില്‍ മുന്നോക്കക്കാരിലെ 47,595ാമത്തെ വിദ്യാര്‍ഥിക്കും പ്രവേശനം ലഭിച്ചപ്പോള്‍ പിന്നോക്ക വിഭാഗത്തിലെ 12,573ാമനുവരെ മാത്രമേ അലോട്ട്‌മെന്റുള്ളൂ. പട്ടികജാതിക്കാരന്റെ അവസര വാതില്‍ 7,145ലും പട്ടിക വര്‍ഗക്കാരന്റെ അവസരം 16,983ലും അടഞ്ഞപ്പോഴാണ് റാങ്കുപട്ടികയില്‍ അരലക്ഷത്തോടടുത്ത മുന്നോക്കക്കാരനു വരെ എന്‍.ഐ.ടി പ്രവേശനം. കോഴിക്കോട് എന്‍.ഐ.ടിയെ കൂടാതെ സംസ്ഥാനത്തെ പാലക്കാട് ഐ.ഐ.ടി, കോട്ടയം ഐ.ഐ.ഐ.ടി എന്നിവയാണ് ജോസ അലോട്ട്‌മെന്റ് പരിധിയിലുള്ളത്.
സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന സീറ്റുകളില്‍ പോലും മികച്ച റാങ്കു നേടിയ പിന്നോക്ക വിഭാഗങ്ങള്‍ പുറത്തുനില്‍ക്കുമ്പോള്‍ സാമ്പത്തിക സംവരണത്തിലൂടെ മുന്നോക്കക്കാര്‍ക്ക് സീറ്റ് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."