നിങ്ങള്‍ പഠിപ്പിക്കാന്‍ പഠിച്ചിട്ടുണ്ടോ...?
കാലങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ സുഹൃത്തിനോട് ഒരാള്‍ ചോദിച്ചു:
''ഇപ്പോള്‍ എന്തു ചെയ്യുന്നു..?''
''ഞാന്‍ പഠിക്കുകയാണ്..''
''പഠിക്കുകയോ.. ഈ മുതിര്‍ന്ന പ്രായത്തിലോ..?'' അയാള്‍ അത്ഭുതത്തോടെ ചോദിച്ചു.
''അതെ, എന്താ സംശയം.. കട്ടില്‍ മുതല്‍ തൊട്ടില്‍വരെയല്ലേ പഠനകാലം.''
''ആട്ടെ, എന്താണു പഠിക്കുന്നത്..''
''ഒന്നാം തരത്തിലാണു പഠിക്കുന്നത്..''
''ഒന്നാം തരത്തിലോ.. താങ്കള്‍ക്കെന്താ വട്ടായോ..''
''എന്താ ഒന്നാം ക്ലാസില്‍ പഠിച്ചുകൂടെ..''
''ആരാണ് അധ്യാപകന്‍..?''
''എനിക്ക് ഒന്നാം ക്ലാസില്‍ മുപ്പതു അധ്യാപകന്മാരുണ്ട്.. ഞാനൊരാളാണു വിദ്യാര്‍ഥി..''
''ഒന്നു തെളിയിച്ചു പറ. എനിക്കൊന്നും മനസിലാകുന്നില്ല.''
''അതായത്, ഞാന്‍ സ്‌കൂളില്‍ പോകുന്നത് പഠിപ്പിക്കാന്‍ മാത്രമല്ല, പഠിക്കാന്‍ കൂടിയാണ്. എങ്ങനെ നല്ല അധ്യാപനം കാഴ്ചവയ്ക്കാമെന്നും അതുവഴി എങ്ങനെ നല്ല അധ്യാപകനാകാമെന്നുമാണ് ദിവസവും ഞാന്‍ പഠിക്കുന്നത്.. വിദ്യാര്‍ഥികളില്‍നിന്നും എനിക്ക് പലതും പഠിക്കാനുണ്ട്. അവര്‍ എനിക്ക് വിദ്യാര്‍ഥികളാണെന്നപോലെ അധ്യാപകരുമാണ്. ഞാനവര്‍ക്ക് അധ്യാപകനാണെങ്കിലും അവര്‍ക്കു മുന്നില്‍ വിദ്യാര്‍ഥി കൂടിയാണ്.''
ജനതിയല്‍നിന്ന് പഠിക്കുക, എന്നിട്ട് അവരെ പഠിപ്പിക്കുക എന്നു പറയുന്നുണ്ട് പ്രസിദ്ധനായ ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് മാവോ സെതൂങ്. അധ്യാപനത്തിനിറങ്ങുന്നവര്‍ സ്വീകരിക്കേണ്ട ഒരു നിലപാടാണിത്. വിദ്യാര്‍ഥികളില്‍നിന്ന് പഠിക്കുക, എന്നിട്ടവരെ പഠിപ്പിക്കുക.
പഠിപ്പിക്കുന്ന വിഷയം പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ല, പഠിപ്പിക്കാന്‍ കൂടി പഠിക്കണം. പഠിപ്പിക്കാന്‍ പഠിക്കാത്ത അധ്യാപകന്‍ വിദ്യാര്‍ഥികളുടെ പീഡകനായി പരിണമിക്കും.
ഒരാള്‍ എന്തു നിര്‍മിക്കുന്നോ അത് അയാളെയും നിര്‍മിക്കുന്നുണ്ടെന്നാണ്. ഒരാള്‍ നല്ല വിദ്യാര്‍ഥികളെ സൃഷ്ടിക്കുമ്പോള്‍ ആ സൃഷ്ടിപ്പ് അയാളെ നല്ല അധ്യാപകനാക്കി സൃഷ്ടിക്കും. ശില്‍പി ശില്‍പത്തെ ഉണ്ടാക്കുമ്പോള്‍ ശില്‍പം ശില്‍പിയെ ഉണ്ടാക്കുന്നുണ്ട് എന്നര്‍ത്ഥം. ശില്‍പിയില്ലെങ്കില്‍ ശില്‍പമില്ല എന്നാണ് പറയാറുള്ളത്. അതു ശരിയാണു താനും. എന്നാല്‍ ശില്‍പമുണ്ടായില്ലെങ്കില്‍ ശില്‍പിയുമുണ്ടാകില്ല എന്നതും ശരിയല്ലേ.. കുഞ്ഞിനെ പ്രസവിക്കുന്നത് മാതാവാണ്. അതേസമയം 'മാതാവി'നെ പ്രസവിക്കുന്നത് കുഞ്ഞാണ് എന്നു പറഞ്ഞാല്‍ എന്താണു കുഴപ്പം..? കുഞ്ഞ് പിറന്നില്ലെങ്കില്‍ മാതാവ് മാതാവല്ല, ഒരു സ്ത്രീ മാത്രമാണ്. ഒരു ലേഖനം പിറക്കുമ്പോഴാണ് ലേഖകനും പിറക്കുന്നത്. ലേഖനം പിറന്നില്ലെങ്കില്‍ ലേഖകനില്ല, വെറും ഒരു മനുഷ്യന്‍ മാത്രമേയുണ്ടാകൂ. ജീവിതത്തില്‍ ഒരിക്കല്‍ പോലും കഥയെഴുതുകയോ കഥ പറയുകയോ ചെയ്യാത്ത ഒരാളെ പറ്റി അയാള്‍ കഥാകാരനാണെന്നു പറയാനാവില്ല. വിദ്യാര്‍ഥികള്‍ വേണം ഒരാള്‍ അധ്യാപകനാവാന്‍. വിദ്യാര്‍ഥികളില്ലെങ്കില്‍ ഒരാള്‍ അധ്യാപകനല്ല, പകരം അറിവ് നേടിയ ആള്‍ മാത്രമാണ്.
ശില്‍പി ശില്‍പത്തെ എത്ര മനോഹരമാക്കുന്നോ അതേ അളവില്‍ ശില്‍പം ശില്‍പിയെയും മനോഹരമാക്കും. അവന്റെ കഴിവും സിദ്ധിയും ശില്‍പം ലോകത്തിനു മുന്നില്‍ സദാനേരവും കാണിച്ചുകൊടുക്കും. അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ എത്രമാത്രം ഉത്തമരാക്കുന്നോ അത്രമാത്രം അധ്യാപകനും ഉത്തമനാകുന്നുണ്ട്. വിദ്യാര്‍ഥികളെ നല്ല പൗരന്മാരാക്കാന്‍ ഉപയോഗപ്പെടുത്തിയ ഘടകങ്ങള്‍ തന്നെയാണ് അധ്യാപകനെ വിശിഷ്ട വ്യക്തിത്വമാക്കിമാറ്റുന്നതും.
വിദ്യാര്‍ത്ഥികളെ കുറിച്ച് പരാതി പറയുന്ന അധ്യാപകന്‍ വിദ്യാര്‍ഥികളില്‍നിന്ന് ഒന്നും പഠിക്കാത്തവനായിരിക്കും. പുതിയതൊന്നും പഠിക്കില്ല, പഠിച്ചതൊന്നും മറക്കുകയുമില്ല എന്ന നിലപാടുകാരന്‍. അവന്‍ ശില്‍പത്തെ ശപിക്കുന്ന ശില്‍പിയാണ്. ഒരു ഭീമന്‍ പാറക്കല്ല് കൈയ്യില്‍ കൊടുത്ത് അതില്‍നിന്ന് മനോഹരമായൊരു ശില്‍പം നിര്‍മിക്കണമെന്നാണ് ഓരോ രക്ഷിതാവും അധ്യാപകരോട് പറയുന്നത്. ശില്‍പി തന്റെ കൈയ്യിലുള്ള ആയുധങ്ങളെടുത്ത് തലങ്ങുംവിലങ്ങും വെട്ടുന്നു, പൊളിക്കുന്നു, അടിക്കുന്നു. പക്ഷേ, ശില്‍പം മാത്രം രൂപപ്പെടുന്നില്ല. അവസാനം അയാള്‍ പറയുന്നു: ''ഞാന്‍ പരമാവധി ശ്രമിച്ചു, തീരെ ശരിയാകുന്നില്ല.. ശരിയാകുമെന്നു തോന്നുന്നുമില്ല..'' ഇങ്ങനെ പറഞ്ഞാല്‍ ആ ശില്‍പിയെ കുറിച്ചുള്ള നിങ്ങളുടെ നിലപാടെന്തായിരിക്കും..? അയാള്‍ക്ക് ശില്‍പമുണ്ടാക്കാനറിയില്ലെന്ന ജനസംസാരം ഉയരുമെന്നതില്‍ തര്‍ക്കമുണ്ടാകുമോ...?
ഒന്നുമറിയാത്ത ഒരു മനുഷ്യനെ അറിവും കഴിവുമുള്ള ഉത്തമ മനുഷ്യനാക്കി രൂപപ്പെടുത്തുക എന്ന ഉത്തരവാദിത്തമാണ് അധ്യാപകനുള്ളത്. തനിക്ക് തോന്നിയ വിധത്തില്‍ തന്റെ കൈയ്യിലുള്ള ആയുധങ്ങളുപയോഗിച്ച് തലങ്ങും വിലങ്ങും അടിച്ചു ശരിയാക്കിയതുകൊണ്ടൊന്നും ആ ലക്ഷ്യം സാധിച്ചെടുക്കാന്‍ കഴിയില്ല. ഒടുവില്‍, ഇവന്‍ തീരെ ശരിയാകില്ലെന്ന് പറഞ്ഞ് ശാപവാക്കുകള്‍ ചൊരിഞ്ഞ് തടിതപ്പാനേ കഴിയൂ. ഒരു ദൗത്യമേറ്റെടുത്തവന്‍ അതെങ്ങനെ നിര്‍വഹിക്കണമെന്നുകൂടി പഠിക്കണം.
എല്ലാ കല്ലും ഒരുപോലെയായിരിക്കില്ല. ഓരോ കല്ലിലും മറഞ്ഞുകിടക്കുന്ന ശില്‍പത്തെ പുറത്തെടുക്കേണ്ടത് ഓരോ വിധത്തിലാണ്. അതിനാദ്യം കല്ലിന്റെ രൂപവും സ്വഭാവവും പഠിക്കേണ്ടി വരും. അതൊന്നും പഠിക്കാതെ താന്‍ പഠിച്ചുവച്ച ഒരേയൊരു രീതി മാത്രം പ്രയോഗിച്ചാല്‍ കല്ല് കേടാകും. ശില്‍പം രൂപപ്പെടുകയുമില്ല. ഒന്നിനും പറ്റാത്തവിധത്തിലേക്കായിരിക്കും അതു പിന്നെ രൂപപ്പെടുക.
ഓരോ വിദ്യാര്‍ഥിയും ഒരോന്നാണ്. ഓരോരുത്തരിലും മറഞ്ഞുകിടപ്പുള്ള കഴിവുകളെ പുറത്തെടുക്കാന്‍ പഠിച്ചുവച്ച ഒരേ രീതി സ്വീകരിക്കുന്നത് ഫലം ചെയ്യില്ല. കല്ലിന്റെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ശില്‍പനിര്‍മാണവും വ്യത്യസ്തമായിരിക്കണമെന്നപോലെ ഓരോ വിദ്യാര്‍ഥിയിലെയും കഴിവുകള്‍ പുറത്തെടുക്കേണ്ടത് അവര്‍ക്കു യോജിച്ച തരത്തിലാണ്. അതിനു പുതിയ പുതിയ പഠനങ്ങളും വിദ്യകളും യുക്തികളും വേണ്ടി വരും.
വീട് നിര്‍മിക്കാനറിയില്ലെങ്കില്‍ കല്ലും മണലും നശിപ്പിക്കരുത്. വിദ്യാര്‍ഥികളെ നല്ലവരാക്കിമാറ്റാനാവില്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് അവരെ കേടുവരുത്താതിരിക്കുകയെങ്കിലും ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."