ബാര്‍ കോഴക്കേസില്‍ ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രിയുടെ അനുമതി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കി.
കേസെടുത്ത് അന്വേഷിക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. ചെന്നിത്തലയെ കൂടാതെ മുന്‍ മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരേയും അന്വേഷണമുണ്ടാകും. ബാര്‍ ഉടമയായ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് നടപടി. പ്രാഥമികാന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ ചെന്നിത്തലയ്ക്കും കെ. ബാബുവിനും വി.എസ് ശിവകുമാറിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യും. എന്നാല്‍, ജനപ്രതിനിധികളായതിനാലും ഇവര്‍ക്കെതിരേ നേരത്തെ അന്വേഷണം നടന്നതിനാലും ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതിയോടെ മാത്രമേ സര്‍ക്കാരിന് അടുത്ത നടപടിയിലേക്ക് കടക്കാന്‍ സാധിക്കൂ. അതിനാല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതി തേടും.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ നിര്‍ദേശപ്രകാരം 10 കോടി രൂപ പിരിച്ചുവെന്നും അതില്‍ ഒരു കോടി രമേശ് ചെന്നിത്തലയ്ക്കും 50 ലക്ഷം കെ. ബാബുവിനും 25 ലക്ഷം വി.എസ് ശിവകുമാറിനും നല്‍കിയെന്നുമായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
അതേസമയം, ബാര്‍കോഴ കേസില്‍ നിന്ന് പിന്മാറാനായി അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ മകന്‍ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ല. ജോസ് പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണമെന്നും പണം കൈമാറാത്തതുകൊണ്ട് അന്വേഷണത്തിന് സാധ്യതയില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. അന്വേഷണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് യു.ഡി.എഫ് തീരുമാനം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് മുന്നോട്ടുപോയാല്‍ കോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികള്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."