ഹജ്ജ് തീര്‍ഥാടകരുടെ പാസ്പോര്ട്ടുകള് ബുധനാഴ്ചയെത്തും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്ന തീര്‍ഥാടകരുടെ പാസ്പോര്ട്ടുകള് ബുധനാഴ്ച കരിപ്പൂരിലെത്തും. പാസ്പോര്ട്ടുകള് വേര്‍തിരിച്ചെടുക്കുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഏഴംഗ സംഘം മുംബൈയിലെത്തിയിട്ടുണ്ട്. ഇവരുടെ പരിശോധനക്കുശേഷം കൊറിയര്‍ വഴിയാണ് പാസ്പോര്ട്ടുകള് ഹജ്ജ് ക്യാംപിലെത്തിക്കുക.
കേരളത്തില്‍ രണ്ട് എംപാര്‍ക്കേഷന്‍ പോയിന്റുള്ളതിനാല്‍ ഹജ്ജ് സെല്‍ ഉദ്യോഗസ്ഥരുടെ അംഗബലം കൂട്ടിയിട്ടുണ്ട്. നേരത്തെ 45 പേരെയായിരുന്നു ഹജ്ജ് സെല്ലില്‍ നിയോഗിച്ചിരുന്നത്. ഇത് 55 പേരാക്കി ഉയര്‍ത്തി. ഡിവൈ.എസ്.പി നജീബിന്റെ നേതൃത്വത്തിലാണ് ഹജ്ജ് സെല്‍ പ്രവര്‍ത്തിക്കുക.
ഈ മാസം നാലുമുതലാണ് ഹജ്ജ് സെല്‍ പ്രവര്‍ത്തനം തുടങ്ങുക. തീര്‍ഥാടകരുടെ പാസ്പോര്ട്ടുകള്, മറ്റു അനുബന്ധ രേഖകള്‍ എന്നിവ കൈമാറുന്നത് ഹജ്ജ് സെല്‍ ഉദ്യോഗസ്ഥരാണ്. ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്തുനിന്ന് ഏറ്റവുമധികം തീര്‍ഥാടകര്‍ ഈ വര്‍ഷമാണ് പോകുന്നത്. 13,472 പേര്‍ക്ക് നിലവില്‍ അവസരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 2,730 പേര് നെടുമ്പാശേരി വിമാനത്താവളം വഴിയും ശേഷിക്കുന്നവര്‍ കരിപ്പൂരില്‍ നിന്നുമാണ് പോവുക. ഹജ്ജ് ക്യാംപ് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആദ്യ ഹജ്ജ് സര്‍വിസ് ഏഴിനാണ് കരിപ്പൂരില്‍ നിന്ന് പുറപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."