ആശ്രിതനിയമനം ലഭിക്കാന്‍ പിതാവിനെ കഴുത്തറുത്ത് കൊന്നു
റാഞ്ചി: തൊഴില്‍രഹിതനായ യുവാവ് ആശ്രിതനിയമനം വഴി ജോലി ലഭിക്കാനായി പിതാവിനെ കഴുത്തറുത്ത് കൊന്നു. സെന്‍ട്രല്‍ കോള്‍ ഫീല്ഡ്സ് ലിമിറ്റഡില്‍ (സി.സി.എല്‍) സീനിയര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണ റാമി(56)നെ മകന് ഭോലാറാമാണ് കൊലപ്പെടുത്തിയത്.
ജാര്‍ഖണ്ഡിലെ ബാറകാന ജില്ലയിലാണ് സംഭവം. ഈ മാസം 17നാണ് കൃഷ്ണറാമിന്റെ മൃതദേഹം ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന് പിടിയിലായത്. ആശ്രിതനിയമന വിഭാഗത്തില്‍ കുടുംബത്തിലെ ഒരംഗത്തിന് ജോലിനല്‍കുന്ന പതിവ് സി.സി.എല്‍ കമ്പനിയിലുണ്ട്. ഇതാണ് പിതാവിനെ കൊലപ്പെടുത്താന്‍ മകനെ പ്രേരിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. കൊലപാതകത്തിനായി ഇയാള്‍ ഉപയോഗിച്ച ചെറിയ കത്തി പൊലിസ് കണ്ടെടുത്തു.
വളരെ ആസൂത്രിതമായാണ് ഭോലാറാം കൊല നടത്തിയത്. കൃഷ്ണറാമിന്റെ സുഹൃത്തുക്കള്‍ മുറിയിലുണ്ടായിരുന്നതിനാല് ആദ്യശ്രമം നടന്നില്ല. തൊട്ടടുത്തദിവസം ആരുമറിയാതെ മുറിയിലെത്തിയ ഭോലാറാം ഒളിച്ചിരുന്നു. കൃഷ്ണറാം എത്തി ഉറങ്ങുമ്പോള്‍ കൈയിലുണ്ടായിരുന്ന ഹാമര്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയും മരണം ഉറപ്പുവരുത്താനായി കഴുത്ത് അറുക്കുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."