തെരഞ്ഞെടുപ്പ്: നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കൊവിഡിന്റെ രണ്ടാംവരവെന്ന് വിദഗ്ധര്‍
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മത്സരിക്കുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മാത്രമേ കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിയുകയുള്ളൂവെന്ന് സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ സര്‍ക്കാര്‍തലത്തിലെ നിയന്ത്രണങ്ങളില്‍ അയവുവരാന്‍ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരും പൊലിസും തെരഞ്ഞെടുപ്പ് തിരക്കുകളിലാവുന്നത് രോഗവ്യാപനത്തിന് കാരണമായേക്കും.
നിലവില്‍ രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും രോഗത്തിന്റെ രണ്ടാംവരവ് ഏതുസമയത്തും ഉണ്ടായേക്കാം. സംസ്ഥാനത്ത് ഒക്ടോബര്‍ 17 മുതലുള്ള ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ കുറവുകാണുന്നുണ്ട്. അടുത്ത ദിവസങ്ങളിലായി രോഗവ്യാപനം കുറയുമെന്നാണ് പ്രതീക്ഷ. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗ്രാഫ് താഴോട്ടുപോവുന്നതിന് മുന്‍പ് രണ്ടാംവരവിനു സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഡല്‍ഹിയിലെ കൊവിഡിന്റെ രണ്ടാംവരവ് കേരളത്തിനുള്ള മുന്നറിയിപ്പാണ്. യൂറോപ്പിലും മറ്റും കൊവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ തമ്മില്‍ മൂന്ന്, നാല് മാസത്തെ ഇടവേള ഉണ്ടായിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ സാവകാശം കിട്ടിയിരുന്നില്ല. കൊവിഡുകാല മുന്‍കരുതലുകളെക്കുറിച്ച് വിവിധതലങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയിട്ടും തെരഞ്ഞെടുപ്പുരംഗത്ത് ഇവ പാലിക്കുന്നില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വീടുകള്‍ കയറിയിറങ്ങുന്ന സ്ഥാനാര്‍ഥികളും അണികളും മാസ്‌ക് ധരിക്കല്‍, സാമൂഹികഅകലം പാലിക്കല്‍, വീടുകള്‍ക്കുള്ളില്‍ പ്രവേശിക്കാതിരിക്കല്‍, കൈകൊടുക്കാതിരിക്കല്‍, മുതിര്‍ന്നവരെ തൊടുകയോ ചുംബിക്കുകയും ചെയ്യാതിരിക്കല്‍, കുട്ടികളെ എടുക്കാതിരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.
കൊവിഡ്: സംസ്ഥാനത്ത് ഇന്നലെ 27 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 27 മരണങ്ങളാണ് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിദ്യാസാഗര്‍ (52), കല്ലറ സ്വദേശി വിജയന്‍ (60), കല്ലമ്പലം സ്വദേശി ഭാസ്‌കരന്‍ (70), നന്ദന്‍കോട് സ്വദേശിനി ലോറന്‍സിയ ലോറന്‍സ് (76), ശാസ്തവട്ടം സ്വദേശിനി പാറുക്കുട്ടി അമ്മ (89), പെരുമാതുറ സ്വദേശി എം.എം ഉമ്മര്‍ (67), ആറാട്ടുകുഴി സ്വദേശിനി ശാന്താകുമാരി (68), വിഴിഞ്ഞം സ്വദേശി കേശവന്‍ (84), കൊല്ലം സ്വദേശിനി സ്വര്‍ണമ്മ (77), തൊടിയൂര്‍ സ്വദേശിനി ജമീല ബീവി (73), കൊല്ലക സ്വദേശിനി മാരിയമ്മ മാത്യു (65), ആലപ്പുഴ പെരുമ്പാലം സ്വദേശി മനോഹരന്‍ (64), മംഗലം സ്വദേശിനി ബ്രിജിത്ത് (65), മാവേലിക്കര സ്വദേശി നാരായണന്‍ നായര്‍ (71), പത്തിയൂര്‍ സ്വദേശിനി ഓമന (73), പഴവീട് സ്വദേശി വേണുഗോപാല്‍ (64), എറണാകുളം വേങ്ങോല സ്വദേശി വാവര്‍ (81), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനി സരസ്വതി (72), മണലൂര്‍ സ്വദേശി നരേന്ദ്രനാഥ് (62), പാലക്കല്‍ സ്വദേശി രാമചന്ദ്രന്‍ (77), കടുകുറ്റി സ്വദേശി തോമന്‍ (95), പഴയന സ്വദേശി ഹര്‍ഷന്‍ (68), കോലാഴി സ്വദേശി കൊച്ചുമാത്യു (79), മലപ്പുറം സ്വദേശി ഷംസുദീന്‍ (41), പെരിന്തല്‍മണ്ണ സ്വദേശിനി പാത്തൂട്ടി (101), വടപുരം സ്വദേശിനി ഖദീജ (72), കോഴിക്കോട് ഒടുമ്പ്ര സ്വദേശി സോമന്‍ (76) എന്നിവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 2,049 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."