ആറളം ഫാം 'ഒരൊന്നൊന്നര' വാര്‍ഡാണ്!
സന്തോഷ് കൊയിറ്റി
ഇരിട്ടി (കണ്ണൂര്‍): 1500 നപ്പുറം വോട്ടര്‍മാരില്ലാത്ത കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ 'ഞെളിഞ്ഞു' നില്‍ക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ ആറളം പഞ്ചായത്തിലെ ആറളം ഫാം വാര്‍ഡ്. ഭൂവിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും വോട്ടര്‍മാരുടെ എണ്ണത്തിലും സംസ്ഥാനത്തെ എറ്റവും വലിയ തദ്ദേശ സ്വയംഭരണ വാര്‍ഡാണ് ആറളം ഫാം. ഏഷ്യയിലെ ഏറ്റവും വലിയ കാര്‍ഷിക ഫാമായ ആറളം ഫാമും ആദിവാസി പുനരധിവാസ മേഖലയും ഉള്‍പ്പെടുന്ന ആറളം ഫാം വാര്‍ഡിന്റെ വലുപ്പം 3500 ഏക്കറാണ്. വോട്ടര്‍മാരോ 4000ത്തിനടുത്ത്! കര്‍ണാടക അതിരു പങ്കിടുന്ന ആറളം വന്യജീവി സങ്കേതവും സ്ഥിതി ചെയ്യുന്ന പഞ്ചായത്തെന്ന സവിശേഷതയും ആറളത്തിനുണ്ട്. 17 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ആറളം പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ മുന്നിലൊന്ന് വലുപ്പമാണ് ആറളം ഫാം ആറാം വാര്‍ഡിന് മാത്രമുള്ളത്. ആറു ബ്ലോക്കുകളിലായി രണ്ടായിരത്തോളം വീടുകളിലായി പതിനായിരത്തോളമാണ് വാര്‍ഡിലെ ജനസംഖ്യ. 470 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 4000 വോട്ടര്‍മാരാണിപ്പോള്‍. ആകെയുള്ള വോട്ടര്‍മാരില്‍ തൊണ്ണൂറ്റിയൊന്‍പത് ശതമാനവും ആദിവാസി വോട്ടര്‍മാര്‍ മാത്രമുള്ള വാര്‍ഡ് എന്ന നിലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലുള്ള വാര്‍ഡ് വിഭജിച്ച് മൂന്നായി വര്‍ധിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."