വിലക്കയറ്റം: സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി: വിലക്കയറ്റം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യുന്നതിനിടെ അവശ്യഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് വിലക്കയറ്റ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പ്രതിപക്ഷ നിരയുടെ കൈയടി വാങ്ങിയത്. നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം വിലക്കയറ്റം തടയാന്‍ ഒരു നടപടിയുമുണ്ടായില്ലെന്ന് ആരോപിച്ച രാഹുല്‍, പയറുവര്‍ഗങ്ങളുടെ വില എന്ന് കുറയുമെന്ന് പ്രധാനമന്ത്രി കൃത്യമായി പറയണമെന്നും ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഹിറ്റായിരുന്ന ഹര്‍ ഹര്‍ മോദി എന്ന മുദ്രാവാക്യത്തിന് പകരം ഇപ്പോള്‍ ജനങ്ങള്‍ അര്‍ഹര്‍ (സാമ്പാര്‍ പരിപ്പ്) മോദി എന്നാണ് വിളിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു.
അധികാരത്തിലെത്തിയ ശേഷം വിലക്കയറ്റ വിഷയത്തില്‍ ഇതുവരെ മോദി പ്രതികരിച്ചിട്ടില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ എത്ര വേണമെങ്കിലും നല്‍കിക്കൊള്ളു. എന്നാല്‍ പയറിന്റെ വില എന്ന് താഴുമെന്ന് കൃത്യമായി ഒരു തിയതി പറയണം. പയറുവര്‍ഗങ്ങളുടെയും പച്ചക്കറിയുടെയും വില അനിയന്ത്രിതമായി ഉയര്‍ന്നിട്ടും കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. വര്‍ഷകാല സമ്മേളനത്തിലെ രാഹുലിന്റെ ആദ്യ ശക്തമായ ഇടപെടലിലാണിത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് 2014 പെബ്രുവരിയില്‍ ഹിമാചല്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍ മോദി വിലക്കയറ്റ വിഷയത്തില്‍ യു.പി.എ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പ്രസംഗത്തിലെ വരികളും രാഹുല്‍ ഉദ്ധരിച്ചു. വിലക്കയറ്റം കാരണം ഓരോ കുടുംബത്തിലെയും അമ്മയും മക്കളും രാത്രി ഭക്ഷണം കഴിക്കാന്‍ കഴിയാതെ കരഞ്ഞ് കരഞ്ഞ് കണ്ണുനീര്‍ കുടിച്ചാണ് വിശപ്പ് അകറ്റുന്നതെന്ന് അന്ന് മോദി പറഞ്ഞിരുന്നു. എന്തൊരു ഡയലോഗ്. എന്തൊരു ഡയലോഗ്. എന്തൊരു ഡയലോഗ്...! തിരഞ്ഞെടുപ്പ് കാലത്ത് മോദി നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അദ്ദേഹം ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കാത്തത് കൊണ്ടാണ് ഓര്‍മിപ്പിക്കേണ്ടി വരുന്നത്- രാഹുല്‍ പറഞ്ഞു.
അസംസ്‌കൃത എണ്ണവില കുത്തനെ കുറഞ്ഞിട്ടും പെട്രോള്‍ വില കുറക്കാത്ത മോദി പക്ഷെ, വന്‍കിട കമ്പനികളുടെ കോടികളുടെ കിട്ടാക്കടം എഴുതിത്തള്ളുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. യു.പി.എയുടെ അവസാന കാലത്ത് വിലക്കയറ്റം അതിന്റെ മൂര്‍ധന്യത്തിലായിരുന്നുവെന്നും അന്നത്തെ സാഹചര്യത്തിലെ പ്രസംഗം ഉദ്ധരിച്ച് ആരെയും പരിഹസിക്കേണ്ടെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാഹുലിന് മറുപടി നല്‍കി. യു.പി.എയെ അപേക്ഷിച്ച് ഇപ്പോള്‍ വിലക്കയറ്റവും നാണയപ്പെരുപ്പവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പരിപ്പിന്റെ ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നില്‍ ഉല്‍പാദനത്തിലെ കുറവും വിദേശ വിപണിയിലെ ഉയര്‍ന്ന വിലയുമാണ് കാരണമെന്നും ധനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവരെ മോദിയോളം പരിഗണിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയില്ലെന്നു ഭക്ഷ്യകാര്യമന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു.
അഞ്ചു മണിക്കൂറിലേറെ നീണ്ട വിലക്കയറ്റ ചര്‍ച്ചയില്‍ പ്രതിപക്ഷ പാര്‍ട്ടികളൊന്നടങ്കം മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയാണു സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."