സിസ്റ്റര്‍ ലൂസിക്കെതിരേയുള്ള നടപടി പിന്‍വലിച്ചു
മാനന്തവാടി: ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മാനന്തവാടി-കാരക്കാമല എഫ്.സി കോണ്‍വെന്റംഗം സിസ്റ്റര്‍ ലൂസിയെ സഭാപ്രവര്‍ത്തനങ്ങളില്‍നിന്ന് വിലക്കിയ നടപടി മാനന്തവാടി രൂപത പിന്‍വലിച്ചു.
ഇടവക വിശ്വാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം. ഇന്നലെ വൈകിട്ട് വിളിച്ചു ചേര്‍ത്ത പാരീഷ് കൗണ്‍സില്‍ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സ്ത്രീകള്‍, കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ എഴുപതോളം പേര്‍ പങ്കെടുത്ത യോഗം 5.30 ഓടെയാണ് തുടങ്ങിയത്. യോഗ വിവരമറിഞ്ഞ് പള്ളി പരിസരത്തും വിശ്വാസികള്‍ തടിച്ചു കൂടിയിരുന്നു. യോഗം തുടങ്ങി ആറേകാലായിട്ടും തീരുമാനമുണ്ടാകാതായതോടെ വിശ്വാസികള്‍ യോഗസ്ഥലത്തേക്ക് തള്ളിക്കയറുകയും യോഗം അലങ്കോലമാക്കുകയും ചെയ്തു.
പിന്നീട് വിശ്വാസികള്‍ ശാന്തരായതോടെ യോഗം പുനരാരംഭിക്കുകയും ചെയ്തു. 6.30 ഓടെ സിസ്റ്റര്‍ക്കെതിരേ എടുത്ത തീരുമാനം പിന്‍വലിച്ചതായി വികാരി പരസ്യമായി പ്രഖ്യാപിച്ചതോടെ വിശ്വാസികള്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുദ്രാവാക്യം മുഴക്കി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടപടി ആവശ്യപ്പെട്ട് കൊച്ചിയില്‍ നടന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുക്കുകയും മാധ്യമങ്ങളിലൂടെ നിലപാട് വ്യക്തമാക്കുകയും ചെയ്തതിന്റെ പേരിലാണ് ഞായറാഴ്ച കാരക്കാമല സെന്റ് മേരീസ് പള്ളി വികാരി ഫാ.സ്റ്റീഫന്‍ കൊട്ടക്കല്‍ മദര്‍ സുപ്പീരിയര്‍ വഴി സഭാ പ്രവര്‍ത്തനങ്ങളില്‍നിന്ന് സിസ്റ്ററെ വിലക്കിയത്. ഇതിനെതിരേ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ഇന്നലെ വൈകിട്ട് പാരീഷ് കൗണ്‍സില്‍ യോഗം വിളിക്കാന്‍ വികാരി നിര്‍ബന്ധിതനാവുകയായിരുന്നു.
വിവരമറിഞ്ഞ് സിസ്റ്റര്‍ ലൂസിയും പള്ളി പരിസരത്ത് എത്തിയിരുന്നു. സഭയുടെ അനീതികള്‍ക്കെതിരേ ഇനിയും പോരാടുമെന്നും സത്യം വിജയിക്കാന്‍ നിലപാട് സ്വീകരിച്ച വിശ്വാസി സമൂഹത്തോട് നന്ദി പറയുന്നതായും സിസ്റ്റര്‍ ലൂസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."