രണ്ട് മന്ത്രിമാരെ നീക്കി; ഗോവയില്‍ ബി.ജെ.പിയില്‍ കലാപം
പനാജി: ഗോവയില്‍ മുഖ്യമന്ത്രിക്കും ബി.ജെ.പിക്കുമെതിരേ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്ന രണ്ട് മന്ത്രിമാരെ മാറ്റിയതാണ് പാര്‍ട്ടി തലത്തില്‍ കലാപത്തിന് ഇടയാക്കിയത്. അസുഖ ബാധിതരായതുകാരണം നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതി മന്ത്രി പാണ്ഡുരംഗ് മധുകൈകര്‍ എന്നിവരെ നീക്കി പകരം നിലേഷ് കബ്രാള്‍, മിലിന്ദ് നായിക് എന്നിവരെയാണ് പുതുതായി നിയമിച്ചത്.
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നീക്കാതെ ചികിത്സയില്‍ കഴിയുന്ന മറ്റ് രണ്ടു മന്ത്രിമാരെ മാറ്റിയതാണ് അഭിപ്രായ ഭിന്നതക്ക് കാരണമായത്. അസുഖബാധിതരായ രണ്ട് മന്ത്രിമാരെ മാറ്റിയപ്പോള്‍ ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയെ എങ്ങനെ നിലനിര്‍ത്താനാകുമെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ ചോദിക്കുന്നത്.
രണ്ട് മന്ത്രിമാരെയും കാബിനറ്റില്‍ നിന്ന് നീക്കാന്‍ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തതായി അദ്ദേഹത്തിന്റെ ഓഫിസാണ് അറിയിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണിലാണ് മധുകൈകറെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമേരിക്കയിലെ ആശുപത്രിയിലാണ് ഡിസൂസ ചികിത്സയിലുള്ളത്. പുതിയ മന്ത്രിമാര്‍ ഇന്നലെ വൈകിട്ട് ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ ഓഫിസില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ലക്ഷ്മികാന്ദ് പര്‍സേക്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്നു മിലിന്ദ് നായിക്. കബ്രാള്‍ ആദ്യമായിട്ടാണ് മന്ത്രിയാകുന്നത്.
തന്നോട് ആലോചിക്കാതെ മന്ത്രിസഭയില്‍ നിന്ന് നീക്കിയതിനെതിരേ ഫ്രാന്‍സിസ് ഡിസൂസ പ്രതിഷേധിച്ചു. 20 വര്‍ഷത്തിലധികമായി പാര്‍ട്ടിയുടെ വിശ്വസ്തനായി സേവനം ചെയ്ത തന്നെ വഞ്ചിക്കുകയാണ് പാര്‍ട്ടി നേതൃത്വം ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ അപ്പോള്‍ പോലും അദ്ദേഹം തന്നെ മന്ത്രിസഭയില്‍ നിന്ന് നീക്കുന്ന കാര്യം സംബന്ധിച്ച് സൂചന നല്‍കുക പോലും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. 20 വര്‍ഷത്തിലധികമായി പാര്‍ട്ടിക്ക് നല്‍കിയ കൂറിനുള്ള സമ്മാനമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ മന്ത്രിമാരെ നീക്കിയത് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."