ഞങ്ങള്‍ക്ക് ഇവിടെ വേണ്ട..പഴേ സ്‌കൂളിലേക്ക് കൊണ്ടുപോക്വോ സാര്‍..? വിദ്യാഭ്യാസ മന്ത്രിക്കു മുന്നില്‍ 'ഇമ്മിണിബല്യ' പരാതികളുമായി മലാപ്പറമ്പ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍
കോഴിക്കോട്: ''ഗുഡ് ഈവനിങ് സാര്‍...''രണ്ടര മണിക്കൂര്‍ വൈകിയെത്തിയതിന്റെ പരിഭവമുണ്ടെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ മലാപ്പറമ്പ് സ്‌കൂളിലെ കുരുന്നുകള്‍ വിദ്യാഭ്യാസമന്ത്രിയെ അഭിവാദ്യം ചെയ്തു. പുഞ്ചിരിച്ചു കൊണ്ടെത്തിയ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എല്‍.കെ.ജി വിദ്യാര്‍ഥിയായ എഡ്‌വിനെ വാരിയെടുത്തു.
തെല്ലൊരു ഗര്‍വോടെ എഡ്‌വിന്‍ സഹപാഠികളെ നോക്കിയപ്പോള്‍ ഓരോരുത്തരായി മന്ത്രിയുടെ അടുത്തേക്കു നീങ്ങിനിന്നു പറഞ്ഞു:''എന്നേം എടുക്കണം..''അതു കേട്ടു മന്ത്രി എഡ്‌വിനെ താഴെ വച്ച് ഒന്നാം ക്ലാസുകാരന്‍ ആല്‍വിനെയും പൊക്കിയെടുത്തു. തന്നെ പൊതിഞ്ഞ കാമറാകണ്ണുകളെ നോക്കി ആല്‍വിന്‍ പുഞ്ചിരിച്ചു. മന്ത്രി നിലത്തുവച്ചതിന്റെ പരിഭവമുണ്ടെങ്കിലും അതു മറന്ന് ആരും കാണാതെ എഡ്‌വിന്‍ ആദര്‍ശിനോടു പറഞ്ഞു: ''നാളെ എന്റെ ഫോട്ടം പത്രത്തില്‍ വരുമല്ലോ...?''ആദ്യമായി മന്ത്രിയെ കണ്ടതിന്റെ ആശ്ചര്യവും അങ്കലാപ്പും മാറിയപ്പോള്‍ കുരുന്നുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു: ''ഞങ്ങള്‍ക്ക് ഇവിടെ വേണ്ട..ഞങ്ങള്‍ക്ക് പഴേ സ്‌കൂളു മതി. ഇവിടെ വെച്ചെഴുതാന്‍ മേശയില്ല. കളിക്കാന്‍ ഗ്രൗണ്ടുമില്ല. ഞങ്ങള്‍ക്ക് അവിടെയാ ഇഷ്ടം.''
കുട്ടികള്‍ കൊച്ചു പരാതിക്കെട്ടു തുറന്നപ്പോള്‍ മന്ത്രി വാത്സല്യത്തോടെ അവരെ ആശ്വസിപ്പിച്ചു:''നമുക്ക് വേഗം പഴയ സ്‌കൂളിലേക്കു പോകാം ട്ടോ..'' തുടര്‍ന്ന്, കുട്ടികള്‍ക്കൊപ്പം സിവില്‍ സ്റ്റേഷനിലെ എന്‍ജിനീയേഴ്‌സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കെട്ടിടം മന്ത്രി നോക്കിക്കണ്ടു. അതിനിടെ ഭിന്നശേഷിക്കാരിയായ അന്‍സിയ മന്ത്രിയുടെ വിരലില്‍ തൂങ്ങി തന്റേതായ ഭാഷയില്‍ വിഷമങ്ങള്‍ പറഞ്ഞു. മന്ത്രിയെ പരിചയപ്പെടാന്‍ ഓരോരുത്തരായി എത്തി. അതിനിടെ ചില വിരുതന്മാര്‍ മന്ത്രി വരാന്‍ വൈകിയതു കൊണ്ടു ചായ കിട്ടിയില്ലെന്നും വീട്ടിലെത്താന്‍ വൈകിയാല്‍ അമ്മ വഴക്കുപറയുമെന്നും പരിഭവം പറഞ്ഞു.
എല്ലാവരുടെയും വിശേഷങ്ങള്‍ പുഞ്ചിരിയോടെ കേട്ട മന്ത്രി കുട്ടികള്‍ തയാറാക്കിയ കൈയെഴുത്തു മാസികയും പ്രകാശനം ചെയ്തു. നന്നായി പഠിക്കണമെന്നും ടീച്ചര്‍മാര്‍ പറയുന്നത് അനുസരിച്ചു നല്ല കുട്ടികളായി നിന്നാല്‍ എത്രയും പെട്ടെന്നു പഴയ സ്‌കൂളിലേക്കു കൊണ്ടുപോകാമെന്നും ഉറപ്പുനല്‍കിയാണു വിദ്യാഭ്യാസ മന്ത്രി മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."