മലപ്പുറം നഗരസഭ ബസ്സ്റ്റാന്‍ഡ് കെ.എസ്.ആര്‍.ടി.സിയും ഇനി സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ കയറണം
മലപ്പുറം: നവീകരണം പൂര്‍ത്തിയാക്കി 27ന് തുറക്കുന്ന നഗരസഭാ ബസ്്സ്റ്റാന്‍ഡില്‍ ഇനി മുതല്‍ സ്വകാര്യ ബസുകള്‍ക്കു പുറമെ കെ.എസ്.ആര്‍.ടി.സി ബസുകളും കയറണമെന്ന് നഗരസഭാ അധികൃതര്‍ നിര്‍ദേശം നല്‍കി. തിരൂര്‍, മഞ്ചേരി, പരപ്പനങ്ങാടി, എടപ്പാള്‍ റൂട്ടിലോടുന്ന ഓര്‍ഡിനറി കെ.എസ്.ആര്‍.ടി.സി ബസുകളാണ് സ്റ്റാന്‍ഡില്‍ കയറേണ്ടത്. നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും മിക്ക സ്വകാര്യ ബസുകളും സ്റ്റാന്‍ഡില്‍ കയറാറില്ല. ബസ് സ്റ്റാന്‍ഡില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ലംഘിച്ചാല്‍ പിഴയടക്കമുള്ള നടപടികള്‍ കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആറുമാസം മുന്‍പ് അടച്ച സ്റ്റാന്‍ഡ് തുറക്കുമ്പോള്‍ നിരവധി പരിഷ്‌കാരങ്ങളാണ് നഗരസഭ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. സ്വകാര്യവാഹനങ്ങളുടെ പാര്‍ക്കിങ് കര്‍ശനമായി തടയുന്നതിനായി സ്റ്റാന്‍ഡിന്റെ പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും. ഒപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി വിശ്രമ കേന്ദ്രവും കുടുംബശ്രീയുടെ ഹോട്ടലും പ്രവര്‍ത്തിക്കും. സ്റ്റാന്‍ഡില്‍ 12 എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കും.
തോന്നുന്ന പോലെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കി പകരം എല്‍.ഇ.ഡി സ്‌ക്രീന്‍ സംവിധാനം ഒരുക്കും. ആവശ്യമുള്ളവര്‍ക്ക് നഗരസഭയില്‍ പണമടച്ചാല്‍ സ്‌ക്രീനില്‍ 24 മണിക്കൂറും പരസ്യം പ്രദര്‍ശിപ്പിക്കാം. ഓരോ ഭാഗങ്ങളിലേക്കും പോകേണ്ട ബസുകള്‍ക്ക് പ്രത്യേക ട്രാക്കും ബോര്‍ഡും നിശ്ചയിച്ചിട്ടുണ്ട്. രാത്രി തിരക്കൊഴിയുമ്പോള്‍ സ്വകാര്യവാഹനങ്ങളും മറ്റും കയറുന്നത് തടയാന്‍ സെക്യൂരിറ്റി ഓഫിസറെ നിയമിക്കും.
സ്റ്റാന്‍ഡില്‍ എല്ലായിടവും വൃത്തിയായിരിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പൊലിസ്, നഗരസഭ അധികൃതര്‍, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഗതാഗതകമ്മിറ്റി യോഗം അടുത്ത ദിവസം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."