സംസ്ഥാനത്ത് ജുഡീഷ്യല്‍ അടിയന്തരാവസ്ഥ: സെബാസ്റ്റ്യന്‍ പോള്‍
കൊച്ചി: ജുഡീഷ്യറിയുടെ ഇടനാഴികളില്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ജുഡീഷ്യല്‍ അടിയന്തരാവസ്ഥയെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. മാധ്യമസ്വാതന്ത്ര്യവും അറിയാനുള്ള അവകാശവും നിഷേധിക്കുന്നതിനെതിരേ പീപ്പിള്‍സ് ഇനിഷ്യേറ്റിവ് ഹൈക്കോടതി ജങ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധാഗ്‌നി ഉദ്ഘാടനം ചെയ്യുകയായിരുന്നു സെബാസ്റ്റ്യന്‍ പോള്‍. ജനങ്ങളാണ് കോടതിയുടെ ഉടമകള്‍. കോടതിയില്‍ എന്തു നടക്കുന്നു എന്നറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ പ്രതിനിധികളാണു മാധ്യമപ്രവര്‍ത്തകര്‍. മാധ്യമങ്ങളെ നിയന്ത്രിക്കുക വഴി ജുഡീഷ്യറിയുടെ ഇടനാഴികളില്‍ ഇരുട്ടുപരന്നിരിക്കുന്നു. അതു മാറ്റാനുള്ള ജനകീയ പ്രതിരോധത്തിനു തുടക്കംകുറിക്കേണ്ട സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതിയെയും നിയമസാക്ഷരതയെയും കേരളത്തെ ബോധ്യപ്പെടുത്തിയതു മാധ്യമങ്ങളാണ്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തീര്‍ക്കാവുന്നതായിരുന്നു. അതിനു ശ്രമിക്കേണ്ട ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതിലൂടെ പ്രശ്‌നങ്ങള്‍ രമ്യമായി തീര്‍ക്കാനുള്ള അവസരമാണ് ഇല്ലാതാക്കിയത്. അടച്ചിട്ട കോടതി നിയമവിരുദ്ധമാണ്. കോടതിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണം പാടില്ല. അഭിഭാഷകരില്‍ ഭൂരിപക്ഷവും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നവരാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സൂചനകളാണു കോടതിയില്‍ നിന്നു പുറത്തുവരുന്നതെന്ന് ആമുഖപ്രസംഗം നടത്തിയ അഡ്വ. സി.പി.ഉദയഭാനു പറഞ്ഞു. ഹൈക്കോടതി കെട്ടിടം അഭിഭാഷകരുടേതു മാത്രമല്ല. അറിയാനുള്ള അവകാശം നിയന്ത്രിക്കുന്നത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയുടെ അന്ധകാരം നീക്കുന്നതിനായി പ്രതീകാത്മകമായി മെഴുകുതിരികള്‍ കത്തിച്ച് പ്രതിഷേധാഗ്‌നി ജ്വലിപ്പിച്ചു. പ്രൊഫ. കെ.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ഇടപ്പള്ളി ബഷീര്‍, ഡോ. ജി. സദാശിവന്‍ നായര്‍, എന്‍. പദ്മനാഭന്‍, ആര്‍. ഗോപകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."