മുഖ്യമന്ത്രി ഡല്‍ഹിയില്‍; ഇന്നു പ്രധാനമന്ത്രിയെ കാണും
ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തും. കേന്ദ്ര സഹായത്തോടെ തമിഴ്‌നാട്ടിലെ കുളച്ചലില്‍ തുറമുഖം നിര്‍മിച്ചാല്‍ അത് വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടിയാകുമെന്ന് ബോധ്യപ്പെടുത്താനാകും പിണറായിയുടെ ശ്രമം. വിവിധ കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രി കാണുന്നുണ്ട്. രാവിലെ 11 മണിക്ക് പാര്‍ലമെന്റ് ഹൗസിലാണ് കൂടിക്കാഴ്ച.
തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പിമാരായാ ഡോ. ശശി തരൂര്‍, സി.പി.നാരായണന്‍, സുരേഷ്‌ഗോപി, പി.കരുണാകരന്‍ എന്നിവരും കൂടെയുണ്ടാകും. കടന്നപള്ളിക്കൊപ്പം ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഔദ്യോഗിക പരിപാടികള്‍ക്കു പുറമെ നാളെയും ഞായറാഴ്ചയുമായി നടക്കുന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗങ്ങളിലും പങ്കെടുത്ത ശേഷമാവും പിണറായി വിജയന്‍ മടങ്ങുക. വ്യോമയാനമന്ത്രി അശോക് ഗണപതി രാജു, രാസവളംമന്ത്രി അനന്ത്കുമാര്‍ എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ആഴ്ച നടന്ന അന്തര്‍സംസ്ഥാന സമിതി യോഗത്തിന് ശേഷം പ്രധാനമന്ത്രിയെ പ്രത്യേകം കണ്ട് കുളച്ചല്‍ പദ്ധതി വിഷയത്തില്‍ സംസ്ഥാനത്തിന്റെ എതിര്‍പ്പറിയിക്കാന്‍ പിണറായി ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇന്ന് വീണ്ടും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
വല്ലാര്‍പ്പാടത്ത് നിന്ന് 250കിലോമീറ്റര്‍ അകലെയാണെന്ന് കാട്ടി വിഴിഞ്ഞത്തിന് തുടക്കത്തില്‍ അനുമതി നിഷേധിച്ച കേന്ദ്രം ഇപ്പോള്‍ കുളച്ചലിനു വേണ്ടി വ്യവസ്ഥകള്‍ ഇളവ് ചെയ്യുന്നത് ശരിയല്ലെന്നാണ് കേരളത്തിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."