നിയമം ലംഘിച്ച് ടാങ്കര്‍ ലോറികള്‍ വീണ്ടും നിരത്തില്‍
തേഞ്ഞിപ്പലം: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ടാങ്കര്‍ ലോറികള്‍ വീണ്ടും നിരത്തില്‍. ദേശീയപാതയില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും പാലിക്കാതെയാണ് ഗ്യാസ് ടാങ്കറുകള്‍ ചീറിപ്പായുന്നത്.
ഗ്യാസ് ടാങ്കര്‍ ലോറികളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്നാണ് നിയമം. വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ മാത്രമെ ടാങ്കര്‍ ലോറികള്‍ ഓടാവൂ എന്ന നിയമവും ലംഘിക്കപ്പെടുന്നു. ഒറ്റ ഡ്രൈവറുമായെത്തിയ ടാങ്കര്‍ ഇന്നലെ ചേളാരിയില്‍ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ എം.വി.ഡി വാഹനത്തിന്റെ ഡ്രൈവറില്‍നിന്ന് 5000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.
മംഗലാപുരത്തുനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു ടാങ്കര്‍. മംഗലാപുരത്തുനിന്ന് ചേളാരി പ്ലാന്റിലേക്കുള്ള പാചകവാതകവുമായെത്തിയ ടാങ്കറുകള്‍ ഞായറാഴ്ച നാട്ടുകാര്‍ ചേളാരി അങ്ങാടിയില്‍ തടഞ്ഞിരുന്നു. തേഞ്ഞിപ്പലം പൊലിസ് മൂന്ന് ടാങ്കറുകള്‍ക്കെതിരേ പിഴ ചുമത്തുകയും മുന്നറിയിപ്പും നല്‍കിയിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ പാണമ്പ്രയില്‍ അപകടമുണ്ടായ വാഹനത്തില്‍ ഒരു ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അശ്രദ്ധയിലും അമിത വേഗതയിലും വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. ഇത്തരം വാഹനങ്ങള്‍ പരിശോധന നടത്താന്‍ പോലും അധികൃതര്‍ തയാറാകാത്തതാണ് നിയമ ലംഘനങ്ങള്‍ക്ക് കാരണമാകുന്നതെന്ന ആക്ഷേപമുണ്ട്. രാവും പകലും വ്യത്യാസമില്ലാതെ അപകട മേഖലയായ കാക്കഞ്ചേരി, ചെട്ടിയാര്‍ മാട്, കോഹിനൂര്‍, ഭാഗങ്ങളില്‍ ദേശീയ പാതയോരത്ത് ടാങ്കര്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതും പതിവാണ്. ഇതും അപകട സാധ്യത വിളിച്ച് വരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."