തദ്ദേശ തെരെഞ്ഞെടുപ്പ്: സ്ഥാനാർഥി പട്ടികയിൽ പ്രവാസി സാന്നിധ്യം ശ്രദ്ധേയം
റിയാദ്: കേരളത്തിൽ നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ സഊദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും പ്രവാസികളായി കഴിഞ്ഞിരുന്നവർ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർഥികളായി മത്സരിക്കുന്ന ചിത്രമാണ് കാണുന്നത്. ഇവയിൽ ജോലി ചെയ്യുന്നതിനിടെ നാട്ടിലേക്ക് ലീവിന് പോയവരും ഉൾപ്പെടുന്നുവെന്നതാണ് ഏറെ രസകരം. തങ്ങളുടെ കൂടെയുള്ള പ്രവാസികൾ നാട്ടിലെത്തി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതറിഞ്ഞ സുഹൃത്തുക്കൾ ഇവരുടെ വിജയത്തിനായി തങ്ങൾക്ക് കഴിയാവുന്ന തരത്തിലൊക്കെ പ്രചാരണവും കൊഴുപ്പിക്കുന്നുണ്ട്. പലർക്കും കെട്ടിവെക്കാനുള്ള പണവും പ്രചരണ സഹായവും പ്രവാസി സുഹൃത്തുക്കൾ നൽകുന്നുണ്ട്.
സഊദിയിലെ വിവിധ മേഖലകളിൽ പ്രവാസികൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചിരുന്ന ഇവർ ഇനി നാട്ടുകാർക്കും സേവനം ചെയ്യാൻ മുന്നിൽ ഉണ്ടാകും. കാരുണ്യ പ്രവർത്തനങ്ങൾ ഏറെ നടക്കുന്ന പ്രവാസ ലോകത്ത് നിന്നുള്ളവർ വിജയിച്ചാൽ ഇവിടെ ചെയ്‌ത കാരുണ്യ പ്രവർത്തന പരിചയം നാട്ടുകാർക്കും മുതൽക്കൂട്ടാകും. തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രവാസികളിൽ ഏറെയും ഏറ്റവും വലിയ പ്രവാസ സംഘടനയായ കെഎംസിസിയുമായി ബന്ധപ്പെട്ടവരാണ്. കൂടാതെ, മറ്റു രാഷ്‌ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനകളിൽ നിന്നുള്ളവരും മത്സര രംഗത്തുണ്ട്.
ഇവരിൽ ഏറ്റവും പ്രമുഖൻ സഊദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിയാണ്. തിരുരങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന മുഹമ്മദ് കുട്ടി 'കെ. പി' എന്ന പേരിൽ സഊദിയിലെ മുഴുവൻ കെഎംസിസി പ്രവര്‍ത്തകര്‍ക്കും സുപരിചിതനാണ്. സഊദിയിൽ കെഎംസിസി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച കെ. പി മുഹമ്മദ് കുട്ടിക്ക് മുസ്‌ലിം ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ നല്ല സ്വാധീനം ഉണ്ട്. മുൻ ഒഡേപക് ചെയർമാൻ ആയിരുന്ന കെ. പി തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ ആവും എന്നാണ് സൂചന.
മൊറയൂർ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ജലീൽ ഒഴുകൂർ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാനാണ്. ജിദ്ദയിലെ പ്രവാസികൾക്കിടയിൽ സുപരിചിതനായ ജലീൽ ഒഴുകൂർ സേവനരംഗത്ത് സജീവ സാന്നിധ്യമാണ്. പ്രവാസികൾ മരണപ്പെടുമ്പോൾ മരണാന്തര കർമ്മങ്ങൾക്കും മറ്റും പലരും ആദ്യം ഓർക്കുന്ന പേര് ജലീലിന്റെതാണ്. നാട്ടിലെ പാർട്ടി പ്രവർത്തകരുടെ നിർബന്ധം കൊണ്ടാണ് ജലീൽ ഒഴുകൂർ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ചീക്കോട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന അസീസ് വാവൂർ, പുൽപ്പറ്റ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കെ. പി മുഹമ്മദ് തുടങ്ങിയവരും ജിദ്ദയിലെ കെഎംസിസി പ്രവർത്തകരാണ്. കിഴക്കൻ സഊദിയിലെ ജുബൈലിൽ നിന്നും നാട്ടിൽ ലീവിന് പോയ ബഷീർ വിപിയാണ് താനൂർ മുനിസിപ്പാലിറ്റി 44 ആം ഡിവിഷൻ സ്ഥാനാർഥി. അപ്രതീക്ഷിതമായി വന്നെത്തിയ ഈ സ്ഥാനം ഏത് വിധേനയും ജയിച്ചു കയറുമെന്ന വിശ്വാസത്തിലാണ് പ്രവർത്തന രംഗത്ത് ഏറെ പരിചയമുള്ള ബഷീർ. കൊല്ലം ജില്ലയിലെ ഇടമുളക്കൽ പഞ്ചായത്തിൽ ആറാം വാർഡ് ഇടതുപക്ഷ മുന്നണിയായി മത്സരിക്കുന്നത് കിഴക്കൻ സഊദിയിലെ പ്രവാസി വീട്ടമ്മയായ ആർ സുഷമാ ദേവിയാണ്. ദമാം നവോദയ സൈഹാത്ത് ഏരിയയിൽ ഒന്നരപതിറ്റാണ്ടിലധികം സജീവമായി പ്രവർത്തിച്ചതാണ് ഇവർക്ക് ഇതിനുള്ള ധൈര്യം പകരുന്നത്.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന രായീൻ കുട്ടി നീറാട് ജിദ്ദയിലെ മുൻ പ്രവാസിയും കെഎംസിസി നേതാവും ആയിരുന്നു. ഗ്രന്ഥകാരനും പ്രഭാഷകനുമായ രായീൻ കുട്ടി നീറാട് ഏകദേശം രണ്ടു വര്‍ഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരമായത്. നാട്ടിൽ സ്ഥിരതാമസമാക്കിയെങ്കിലും ജിദ്ദയിലെ പ്രവാസികളുമായി നല്ല ബന്ധം നിലനിർത്തുന്നയാളാണ് രായീൻ കുട്ടി നീറാട്. വേങ്ങര ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കുറുക്കൻ മുഹമ്മദ്, താനൂർ നഗരസഭയിലേക്കു മത്സരിക്കുന്ന ഇ. അബ്ദുസ്സലാം തുടങ്ങിയവരും ജിദ്ദയിലെ മുൻ പ്രവാസികളും കെഎംസിസി നേതാക്കളുമായിരുന്നു. ഇവരെ കൂടാതെ, നിരവധി മുൻ പ്രവാസികളാണ് ഇത്തവണ മത്സര ഗോദയിൽ ധാരണ നിലയിൽ ഭൂരിഭാഗം പ്രവാസികൾക്കും തെരെഞ്ഞെടുപ്പ് സമയത്ത് നാട്ടിൽ പോവാനോ വോട്ട് ചെയ്യാനോ സാധിക്കാറില്ല. എന്നാൽ കോവിഡ് മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികൾ ഇത്തവണ തങ്ങളുടെ പ്രസ്ഥാനങ്ങൾക്ക് വോട്ട് നൽകിയേ തിരിച്ചു വരൂ എന്ന സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."