സൂപ്പര്‍ ക്ലാസിക്
സാവോപോളോ: കോപ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ ഫുട്‌ബോള്‍ ലോകം കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം നാളെ രാവിലെ ആറിന് ബെലെ ഹൊറിസോണ്ടയില്‍ നടക്കും.
കോപ അമേരിക്കന്‍ ഫുട്‌ബോളിന്റെ ആദ്യ സെമിയിലാണ് ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലും അര്‍ജന്റീനയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്. മികച്ച ഫോമില്‍ നില്‍ക്കുന്ന ബ്രസീലിന് മുന്നില്‍ അര്‍ജന്റീന എന്ത് തന്ത്രമായിരിക്കും പുറത്തെടുക്കുക എന്ന് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
തപ്പിത്തടഞ്ഞ് സെമിയിലെത്തിയ അര്‍ജന്റീനക്ക് ബ്രസീലിനെ നേരിടുന്നതില്‍ നെഞ്ചിടിപ്പുണ്ടെങ്കിലും പൊരുതാനുള്ള ഒരുക്കത്തിലാണ് മെസ്സിയും സംഘവും.
രാജ്യത്തിനായി ഒരു കിരീടമെങ്കിലും നേടുകയെന്ന മെസ്സിയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കണമെങ്കില്‍ ബ്രസീലിനെ ഇന്ന് തോല്‍പ്പിച്ചേ തീരു. അല്ലെങ്കില്‍ രാജ്യത്തിനായി ഒരു കിരീട നേട്ടമെന്ന സ്വപ്നം ബാക്കിയാക്കി ലോക ഫുട്‌ബോള്‍ രാജാവിന് മടങ്ങേണ്ടി വരും.
അതേസമയം, സ്വന്തം നാട്ടില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പ് ആര്‍ക്കും വിട്ട് നല്‍കാന്‍ ഒരുക്കമല്ലെന്ന തീരുമാനത്തില്‍ ബ്രസീലും ഇറങ്ങുന്നതോടെ ഇന്നത്തെ മത്സരത്തില്‍ തീ പാറും.
ബ്രസീല്‍
ഗോള്‍ പോസ്റ്റില്‍ ആലിസണ്‍ ബക്കര്‍, പ്രതിരോധത്തില്‍ ഡാനി ആല്‍വസ്, മാര്‍ക്വീഞ്ഞോസ്, തിയാഗോ സില്‍വ, ഫിലിപ് ലൂയിസ്. ഡിഫന്‍സീവ് മിഡില്‍ ആര്‍തര്‍, അലന്‍.
മുന്നേറ്റനിരയില്‍ ഗബ്രിയേല്‍ ജീസസ്, ഫിലിപ്പ് കുട്ടീഞ്ഞോ, എവര്‍ട്ടണ്‍, റോബര്‍ട്ടോ ഫിര്‍മിഞ്ഞോ തുടങ്ങിയ കരുത്തര്‍. എല്ലാവരും ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിലെ വിശ്വസ്തരായ താരങ്ങള്‍. കോപയുടെ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവച്ച ബ്രസീല്‍ മികച്ച ടീമാണെന്നത് അവരുടെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനത്തില്‍നിന്ന് വ്യക്തം. ആദ്യ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി.
രണ്ടാം മത്സരത്തില്‍ ഇക്വഡോറിനെതിരേ സമനില. മൂന്നാം മത്സരത്തില്‍ പെറുവിനെതിരേ അഞ്ചു ഗോളിന്റെ സൂപ്പര്‍ ജയം. ക്വാര്‍ട്ടറില്‍ പരാഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തറപറ്റിച്ച് സെമിയിലേക്ക് ടിക്കറ്റെടുത്തു.
ഇതാണ് കോപയിലെ ബ്രസീലിന്റെ ഇതുവരെയുള്ള പ്രകടനം. ക്വാര്‍ട്ടര്‍ വരെയുള്ള മൂന്ന് മത്സരത്തിലും ക്ലീ ഷീറ്റ് വാങ്ങിയ കീപ്പര്‍ ആസിലണ്‍ ബക്കറായിരുന്നു ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ ഹീറോ ആയത്. മധ്യനിരയില്‍ കളിക്കുന്ന നാപോളി താരം അലന്‍, ബാഴ്‌സലോണ താരം ആര്‍തര്‍ എന്നിവരുടെ തന്ത്രങ്ങള്‍ വിജയിച്ചാല്‍ മത്സരത്തില്‍ ബ്രസീലിന് സ്വന്തം നാട്ടില്‍ ജയം കണ്ടെത്താം. ഡാനി ആല്‍വേസും തിയാഗോ സില്‍വയും അടങ്ങുന്ന സംഘത്തിന്റെ പ്രധാന ചുമതല മെസ്സിയെ പൂട്ടുക എന്നതാണ്. ഇന്റര്‍മിലാന്‍ താരം ലൗട്ടാറോ മാര്‍ട്ടിനെസ്, മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ എന്നിവരെ കൂടി പൂട്ടാന്‍ സാധിച്ചാല്‍ ബ്രസീലിന് ജയം കണ്ടെത്താന്‍ സാധിക്കും. മെസ്സിയെ കേന്ദ്രീകരിച്ചുള്ള ലൈനപ്പായിരുന്നു വെനസ്വലക്കെതിരേയുള്ള മത്സരത്തില്‍ അര്‍ജന്റീന പിന്തുടര്‍ന്നത്. നാളത്തെ മത്സരത്തിലും മെസ്സിക്ക് ഇതേ ചുമതല നല്‍കുകയാണെങ്കില്‍ മെസ്സിയെ പൂട്ടാനുള്ള തന്ത്രമാണ് ടിറ്റെ പയറ്റുക.
അര്‍ജന്റീന
ആദ്യ മത്സരത്തില്‍ കൊളംബിയക്കെതിരേ 4-4-2, രണ്ടാം മത്സരത്തില്‍ പരാഗ്വെക്കെതിരേയും 4-4-2, മൂന്നാം മത്സരത്തില്‍ ഖത്തറിനെതിരേ 4-3-3, നാലാം മത്സരത്തില്‍ വെനസ്വലക്കെതിരേ 4-1-2-1-2 എന്നീ ശൈലിയായിരുന്നു അര്‍ജന്റീന പിന്തുടര്‍ന്നത്. കൊളംബിയക്കെതിരേ അവംലഭിച്ച 4-4-2 ശൈലി ക്ലച്ച് പിടിച്ചില്ല. തുടര്‍ന്ന് രണ്ടാം മത്സരത്തിലും ഇതേ ശൈലി പിന്തുടര്‍ന്നു.
രണ്ടാം മത്സരത്തില്‍ പരാഗ്വെക്കെതിരേ സമനില കൊണ്ട് രക്ഷപ്പെട്ട അര്‍ജന്റീന മൂന്നാം മത്സരത്തില്‍ ഖത്തറിനെതിരേ ലൈനപ്പ് മാറ്റിപ്പിടിച്ചു. ആദ്യ രണ്ട് മത്സരത്തിലേയും ലൈനപ്പ് കാര്യമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. ഇതിനെ തുടര്‍ന്നായിരുന്നു മൂന്നാം മത്സരത്തില്‍ ലൈനപ്പ് മാറ്റി പരീക്ഷിച്ചത്. ഇത് ഏറെ കുറെ വിജയമായിരുന്നു.
മത്സരത്തില്‍ അര്‍ജന്റീന രണ്ട് ഗോളിന് വിജയം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തില്‍ ജയിച്ചുവെങ്കിലും ടീം വിന്യാസത്തെ കുറിച്ച് വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരുന്നു. ഇതോടെ അടുത്ത മത്സരത്തില്‍ ലൈനപ്പ് വീണ്ടും മാറ്റി. വെനസ്വലക്കെതിരേയുള്ള മത്സരത്തില്‍ 4-1-2-1-2 എന്ന ശൈലിയില്‍ ഇറങ്ങി. മെസ്സിയെ മധ്യത്തില്‍ നിര്‍ത്തി അറ്റാക്കിലേയും ഡിഫന്‍സീവ് മിഡിലേയും രണ്ട് പേരെ ചുറ്റും നിര്‍ത്തി. മെസ്സിക്ക് അധിക ചുമതല നല്‍കി.
ഈ ലൈനപ്പില്‍ കളിച്ചതായിരുന്നു അര്‍ജന്റീനയുടെ നാല് കളികളില്‍ ഏറ്റവും മികച്ചത്. ആരാധകര്‍ക്ക് സംതൃപ്തി നല്‍കുന്ന മത്സരവും ഇതായിരുന്നു.
മൈതാനമധ്യത്തില്‍ മെസ്സിക്ക് അധിക ചുമതല നല്‍കി പ്ലേ മേക്കറുടെ റോള്‍ ഏല്‍പ്പിച്ചപ്പോള്‍ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കി.
നാളെ ബ്രസീലിനെ നേരിടുമ്പോള്‍ അവസാന മത്സരത്തില്‍ വെനസ്വലക്കെതിരേ സ്വീകരിച്ച ഫോര്‍മേഷന്‍ സ്വീകരിക്കുമോ അതോ ബ്രസീലിന്റെ ലൈനപ്പിനനുസരിച്ചും താരങ്ങള്‍ക്കനുസരിച്ചുമുള്ള മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണണം. മെസ്സിക്ക് അധിക ചുമതല നല്‍കിയാല്‍ ഒരു പക്ഷെ അത് പരാജയമാകും.
കാരണം മെസ്സിയെ വരിഞ്ഞ് കെട്ടിയാല്‍ ടീം പ്ലാന്‍ നടപ്പാക്കാന്‍ സാധിക്കാതെ വരും.
ഇങ്ങനെ ആണെങ്കില്‍ കണക്ക് കൂട്ടലുകള്‍ തെറ്റുകയും അത് ടീമിനെ മൊത്തത്തില്‍ ബാധിക്കുകയും ചെയ്യും. അതിനാല്‍ മെസ്സി ഓറിയന്റഡ് ലൈനപ്പില്‍നിന്ന് മാറി മറ്റേതെങ്കിലും രീതി സ്വീകരിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
ഒരു പക്ഷെ ബ്രസീലിനെ പരാജയപ്പെടുത്തി ഫൈനലിലെത്തുകയും രണ്ടാം സെമിയില്‍നിന്ന് പെറുവിനെ പരാജയപ്പെടുത്തി ചിലി ഫൈനലിലെത്തുകയും ചെയ്താല്‍ തുടര്‍ച്ചയായ മൂന്നാം തവണയും അര്‍ജന്റീന-ചിലി പോരാട്ടത്തിന് വഴിയൊരുങ്ങും. ഇങ്ങനെ വന്നാല്‍ അര്‍ജന്റീനക്ക് നെഞ്ചിടിപ്പിന്റേതാകും ഫൈനല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."