വൈദ്യുതി തൂണുകളിലെ ബോര്‍ഡുകള്‍ നീക്കാന്‍ തുടങ്ങി
ബദിയഡുക്ക: വൈദ്യുതി പോസ്റ്റുകളില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ വൈദ്യുതി അധികൃതര്‍ നീക്കംചെയ്തു തുടങ്ങി. അപകടം വരുത്തുന്ന വിധത്തിലും സുഗമമായ ഗതാഗതത്തിനുതടസം നില്‍ക്കുന്ന രീതിയില്‍ പാതയോരങ്ങളിലും മറ്റും സ്ഥാപിച്ച പരസ്യ ബോര്‍ഡുകളാണ് നീക്കം ചെയ്തത്. വൈദ്യുതി ബോര്‍ഡിനുകീഴിലുള്ള പോസ്റ്റുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെങ്കില്‍ നിശ്ചിത തുക അടച്ച് അനുവാദം വാങ്ങിയതിനു ശേഷമെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ പാടുള്ളുവെന്നാണ് ചട്ടം.
എന്നാല്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി വ്യാപകമായി പരസ്യബോര്‍ഡുകളും കൊടിതോരണങ്ങളും അലങ്കാരങ്ങളും കെട്ടുന്നതിനായി വൈദ്യുതി പോസ്റ്റുകള്‍ ഉപയോഗിക്കുന്നത് പതിവായിരിക്കുന്നു. പലപ്പോഴും വൈദ്യുതി പ്രവഹിക്കുന്ന കമ്പിയില്‍പോലും ചിലര്‍ മത്സരാടിസ്ഥാനത്തില്‍ കൊടിതോരണങ്ങള്‍ കല്ലില്‍ കെട്ടി വലിച്ചെറിയുന്നതും പതിവാണ്. ഇതുപലപ്പോഴും വൈദ്യുതി തടസത്തിനു കാരണമാകുന്നതായും പരാതിയുണ്ട്.
പാതയോരങ്ങളിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടുന്ന അലങ്കാരങ്ങള്‍ കാറ്റില്‍ വൈദ്യുതി കമ്പിയില്‍ തട്ടുന്നതുമൂലം അടിക്കടി വൈദ്യുതി ബന്ധം തകരാറിലാവുന്നു. ജീവനക്കാര്‍ക്ക് തകരാര്‍ പരിഹരിക്കണമെങ്കില്‍ ദിവസങ്ങളോളം പ്രയത്‌നിക്കേണ്ടിയും വരുന്നു.
ഇതേ തുടര്‍ന്നാണ് ബദിയഡുക്ക കെ.എസ്.ഇ.ബി സെക്ഷന്‍ പരിധിയില്‍ അനധികൃതമായി സ്ഥാപിച്ച മുഴുവന്‍ പരസ്യ ബോര്‍ഡുകളും മറ്റു കൊടി തോരണങ്ങളും നീക്കം ചെയ്തത്. അനുവാദമില്ലാതെ വൈദ്യുതി പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി ബദിയഡുക്ക സെക്ഷന്‍ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."