മോദിയുടെ 'ആയുഷ്മാന്‍ ഭാരത്' വേണ്ട, അതിനേക്കാള്‍ നല്ലത് ഉണ്ട്: ചേരാത്തത് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സ്വപ്‌നപദ്ധതായി നരേന്ദ്ര മോദി അവതരിപ്പിച്ച 'ആയുഷ്മാന്‍ ഭാരത്' പദ്ധതിയില്‍ ചേരാതെ അഞ്ചു സംസ്ഥാനങ്ങള്‍. കേരളം, ഡല്‍ഹി, ഒഡിഷ, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ഇതുവരെ കേന്ദ്ര സര്‍ക്കാരുമായി കരാറില്‍ ഒപ്പുവയ്ക്കാത്തത്. എന്തുകൊണ്ടാണ് ഇത്രയും സംസ്ഥാനങ്ങള്‍ മാറിനില്‍ക്കുന്നത്?
കേരളം- വലിയ തട്ടിപ്പ്
വലിയ തട്ടിപ്പാണെന്നാണ് പദ്ധതിയെ സംസ്ഥാന ധനമന്ത്രി തോമസ് ഐസക് വിശേഷിപ്പിച്ചത്. പദ്ധതിക്കു വേണ്ട പണം എവിടെനിന്നു കിട്ടുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
'ഈ ആയുഷ്മാന്‍ ഭാരത് കടങ്കഥയ്ക്ക് ഉത്തരം പറഞ്ഞാല്‍ സമ്മാനം തരാം. നിലവിലുള്ള ആര്‍.എസ്.ബി.വൈ പദ്ധതിപ്രകാരം 1250 രൂപ പ്രീമിയം അടച്ചാല്‍ 30,000 രൂപയുടെ ആനുകൂല്യം ലഭിക്കും. മോദിയുടെ പദ്ധതിക്ക് 1110 രൂപ അടച്ചാല്‍ അഞ്ചു ലക്ഷം രൂപ ലഭിക്കും. ചെറിയ പ്രീമിയത്തില്‍ ഇത്രയും വലിയൊരു ചാട്ടം എങ്ങനെ സാധ്യമാവും'- തോമസ് ഐസക് ചോദിക്കുന്നു.
ഡല്‍ഹി- മറ്റൊരു ജുംല മാത്രമാണ്
പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചു കൊണ്ടാണ് പദ്ധതിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറത്തുനിര്‍ത്ുതന്നത്. മോദി അവതരിപ്പിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ആരോഗ്യപദ്ധതി ഡല്‍ഹിയിലുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി മറ്റൊരു ജുംല മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെലങ്കാന- ഇവിടുത്തെ പദ്ധതിയാണ് കൂടുതല്‍ പ്രയോജനം
ഞങ്ങള്‍ മുന്‍പേ ആരോഗ്യശ്രീ പദ്ധതിയുണ്ട്. അതുകൊണ്ട് കേന്ദ്രത്തിന്റെ പുതിയ പദ്ധതിയില്‍ ചേരേണ്ട ആവശ്യമില്ല. 80 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിതെന്നും തെലങ്കാന.
ഒഡിഷ- കേന്ദ്രത്തിനേക്കാളും 50 ലക്ഷം പേര്‍ക്ക് പ്രയോജനം
ബിജു സ്വാസ്ഥ്യ കല്യാണ്‍ യോജ്‌ന എന്ന പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ട്. മോദിയുടേതിനേക്കാള്‍ 50 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. കൂടാതെ, കേന്ദ്രം നല്‍കുന്ന അഞ്ചു ലക്ഷമാണെങ്കില്‍, ഇവിടെ സ്ത്രീകള്‍ക്ക് ഏഴു ലക്ഷം ലഭിക്കുന്നുണ്ടെന്നും നവീന്‍ പട്‌നായിക്കിന്റെ ഒഡിഷ നിലപാടെടുത്തു.
പഞ്ചാബ്- 60:40 ഫണ്ടിങ് പ്രശ്‌നമാണ്
നിലവില്‍ ആരോഗ്യപദ്ധതിയുണ്ടെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന അമരീന്ദര്‍ സിങ് സര്‍ക്കാര്‍. പുതിയ പദ്ധതിയെപ്പറ്റി ഞങ്ങള്‍ പഠിക്കുകയാണ്. പദ്ധതിത്തുകയില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും എന്ന ഫണ്ടിങ് രീതിയിലും പ്രശ്‌നങ്ങളുണ്ട്- പഞ്ചാബ് ആരോഗ്യമന്ത്രി ബ്രാം മോഹീന്ദ്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."