രണ്ടില കാക്കുന്നതാരെ?
മുന്‍ ജില്ലാ പഞ്ചായത്ത് സാരഥികളെ മത്സരത്തിനിറക്കി ഭരണം പിടിക്കാന്‍ യു.ഡി.എഫ് തയാറെടുക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് എം മുന്നണിയിലെത്തിയതോടെ ഭരണം നിഷ്പ്രയാസം കയ്യിലൊതുക്കാമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. മൂന്ന് ഡിവിഷനുകളില്‍ വിജയിച്ചു വരാമെന്ന് എന്‍.ഡി.എയും കണക്കുകൂട്ടുന്നു. ആകെ ഇരുപത്തി രണ്ട് ഡിവിഷനുകളാണ് കോട്ടയം ജില്ലാ പഞ്ചായത്തിലുള്ളത്.
മുന്നണികളില്‍ ആദ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത് യു.ഡി.എഫാണ്. നാമനിര്‍ദേശ പത്രികാ സമര്‍പണത്തിന്റെ തലേന്നാണ് എല്‍.ഡി.എഫിന്റെ സീറ്റു വിഭജനം തീര്‍ത്തത്.
തുടര്‍ഭരണം പ്രതീക്ഷിച്ചാണ് യു.ഡി.എഫ് എങ്കിലും ജോസ് പക്ഷത്തിന്റെ വിടപറയലിനു പുറമെ സീറ്റ് മോഹികളായ നിരവധി പേരുടെ കാലുവാരല്‍ ഭീതിയിലാണ് നിലവിലെ പല സ്ഥാനാര്‍ഥികളും. യു.ഡി.എഫിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്ന ആരോപണവുമുണ്ട്. കേരള കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് പോയാലും കിഴക്കന്‍ മേഖലയിലെ ന്യൂനപക്ഷ വോട്ടു കൊണ്ടു ഇതിനെ മറികടക്കാമെന്നതാണ് യു.ഡി.എഫ് പ്രതീക്ഷ. ഒപ്പം കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടിനോട് എതിര്‍പ്പുള്ളവരിലും യു.ഡി.എഫ് പ്രതീക്ഷയുണ്ട്.
കയ്യിലുള്ള സീറ്റില്‍ കൈ വച്ചതില്‍ സി.പി.ഐ ഇടഞ്ഞതോടെയാണ് ഇടതുമുന്നണിയിലെ സീറ്റ് വിഭജനം നീണ്ടു പോയത്. കേരള കോണ്‍ഗ്രസിന് നല്ല സ്വാധീനമുള്ള പത്തിലേറെ ഡിവിഷനുകളാണ് നിലവിലുള്ളത്. അയര്‍ക്കുന്നം, കങ്ങഴ, പൊന്‍കുന്നം ഡിവിഷനുകളില്‍ ജയിച്ചു വരാമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ.വിമതപ്പട ഇരു മുന്നണികളുടേയും ഉറക്കം കെടുത്തുന്നുണ്ടെങ്കിലും ഓഫറുകള്‍ നല്‍കി ഇവരെ കളം വിടീക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. തലേന്നു വരെ ഉറച്ച കോണ്‍ഗ്രസും 20 വര്‍ഷം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ലൈസാമ്മ ജോര്‍ജ് നേരം വെളുത്തപ്പോള്‍ സി.പി.ഐ സ്ഥാനാര്‍ഥിയായതാണ് ജില്ലാ പഞ്ചായത്ത് മത്സരത്തിലെ ഒടുവിലത്തെ കാഴ്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."